Tuesday, November 10, 2026
Home » പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു.
പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു.

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു.

by Editor

ആലപ്പുഴ: മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത മാസ് ആക്ഷൻ ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. ആലപ്പുഴയിൽ ഒരു പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴയിൽ ദിലീപ് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം വിശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിന് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നെങ്കിലും പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.

2001-ൽ ഉത്തമൻ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ ശിഷ്യനായി നിരവധി സിനിമകളിൽ പ്രവർത്തിച്ചതിനുശേഷമാണ് സ്വതന്ത്ര ക്യാമറാമാനായി പ്രവർത്തിച്ചുതുടങ്ങിയത്. ജോഷി, ഷാജി കൈലാസ്, വി എം വിനു, എം പത്മകുമാർ, വൈശാഖ്, തരുൺ മൂർത്തി വരെയുള്ള സംവിധായകരുടെ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

മലയാളത്തിലെ ആദ്യ 100 കോടി, 200 കോടി ചിത്രങ്ങളായ ‘പുലിമുരുകൻ’, ‘തുടരും’ എന്നിവയ്ക്ക് പുറമെ നരൻ, ഒടിയൻ, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റർ, മല്ലു സിങ്, പത്തൊൻപതാം നൂറ്റാണ്ട്, ബാന്ദ്ര തുടങ്ങി അമ്പതിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം ദൃശ്യമികവേകിയിട്ടുണ്ട്. അതിമനോഹരം, സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പൻ എന്നിവയാണ് ഏറ്റവും അവസാനമായി ജോലി ചെയ്ത ചിത്രങ്ങൾ. മോഹൻലാൽ നായകനായി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം അടുത്തമാസം പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.

Send your news and Advertisements

You may also like

error: Content is protected !!