Tuesday, November 10, 2026
Home » യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് നരേന്ദ്ര മോദി; അബുദാബി സമാധാന ചർച്ചകൾ ഇന്ന് ആരംഭിക്കുന്നു.
യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് നരേന്ദ്ര മോദി; അബുദാബി സമാധാന ചർച്ചകൾ ഇന്ന് ആരംഭിക്കുന്നു.

യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് നരേന്ദ്ര മോദി; അബുദാബി സമാധാന ചർച്ചകൾ ഇന്ന് ആരംഭിക്കുന്നു.

by Editor

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്‌കിയുമായി ഇന്നലെ ഫോണില്‍ സംസാരിച്ചു. യുക്രെയ്നിലെ നിലവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളില്‍ സെലന്‍സ്‌കി പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമെ പരിഹാരം കാണാൻ സാധിക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു വ്യക്തമാക്കി.

സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും ഇന്ത്യയുടെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് മോദി ഉറപ്പുനൽകി. സമാധാനപരമായ പരിഹാരത്തിനായുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നീക്കങ്ങളില്‍ പങ്കാളിയാകാന്‍ ഇന്ത്യ സന്നദ്ധമാണെന്നും മോദി വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും സംഭാഷണത്തില്‍ വിഷയമായി. വിവിധ മേഖലകളില്‍ ഇന്ത്യയും യുക്രെയ്നും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും വിലയിരുത്തി.

അബുദാബി സമാധാന ചർച്ചകൾ ഇന്ന് ആരംഭിക്കുന്നു

യുക്രെയ്ൻ റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക, യുക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന നിർണായക ത്രികക്ഷി സമാധാന ചർച്ചകൾ ഇന്ന് യു.എ.ഇയിലെ അബുദാബിയിൽ ആരംഭിക്കുകയാണ്. വെടിനിർത്തൽ നിരീക്ഷണം, ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി/അധികാര പ്രദേശ തർക്കങ്ങൾ, സുരക്ഷാ ഉറപ്പുകൾ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്യുക.

യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. യുദ്ധം അവസാനിപ്പിക്കാൻ ഇരുപക്ഷവും താല്പര്യം കാണിക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അതേസമയം ഈ ചർച്ചകളിൽ യൂറോപ്യൻ പ്രതിനിധികളെ പങ്കെടുപ്പിക്കില്ലെന്ന നിലപാടിലാണ് റഷ്യ.

അതിനിടെ കടുത്ത ശീതകാലം ആരംഭിക്കാനിരിക്കെ, യുക്രെയ്നെ നടുവൊടിക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്കും പാലങ്ങൾക്കും നേരെ റഷ്യ വൻതോതിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി കുറ്റപ്പെടുത്തി.

Send your news and Advertisements

You may also like

error: Content is protected !!