വെല്ലിങ്ടൺ: ന്യൂസിലൻഡ് പൊതുതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി മലയാളി വംശജനായ മഹേഷ് മുരളിധർ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഓക്ലാൻഡിലെ ടാമാക്കി (Tāmaki) മണ്ഡലത്തിൽ നിന്നും ഭരണകക്ഷിയായ നാഷണൽ പാർട്ടി (National Party) സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്. ന്യൂസിലൻഡ് രാഷ്ട്രീയത്തിൽ നാഷണൽ പാർട്ടിയുടെ ടിക്കറ്റിൽ ഒരു ‘ഇലക്ടറേറ്റ് സീറ്റ്’ (നേരിട്ടുള്ള മണ്ഡലം) ജയിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന ചരിത്ര നേട്ടമാണ് മഹേഷ് ഇതോടെ സ്വന്തമാക്കിയത്.
മഹേഷിനൊപ്പം ലേബർ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പ്രിയങ്ക രാധാകൃഷ്ണനും (മലയാളി വംശജ) പാർട്ടി ലിസ്റ്റ് വഴി ഇത്തവണയും പാർലമെന്റിൽ എത്തിയിട്ടുണ്ട്. ഒരേസമയം രണ്ട് മലയാളി വംശജർ ന്യൂസിലൻഡ് പാർലമെന്റിൽ ഇടംപിടിക്കുന്നത് ആഗോള മലയാളി സമൂഹത്തിന് വലിയൊരു അഭിമാന നിമിഷമാണ്. എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയായ പ്രിയങ്ക, ജസീന്ത ആർഡൻ മന്ത്രിസഭയിൽ ഉൾപ്പെടെ മന്ത്രിയായി സേവനമനുഷ്ഠിച്ച ന്യൂസിലൻഡിലെ ആദ്യത്തെ മലയാളി/ഇന്ത്യൻ വംശജയായ മന്ത്രിയാണ്. മുമ്പ് നാഷണൽ പാർട്ടിയിൽ നിന്നുള്ള ഇന്ത്യൻ വംശജരായ കൻവൽജിത് സിംഗ് ബക്ഷി, പരംജീത് പർമാർ എന്നിവർ പാർട്ടി ലിസ്റ്റ് വഴിയാണ് പാർലമെൻ്റിലെത്തിയിട്ടുണ്ട്.
2023-ൽ ഓക്ലാൻഡ് സെൻട്രലിൽ നിന്ന് മത്സരിച്ചെങ്കിലും ഗ്രീൻ പാർട്ടി നേതാവ് ക്ലോയ് സ്വബ്രിക്കിനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ മണ്ഡലത്തിൽ നേരിട്ടിറങ്ങി വോട്ടർമാരെ കണ്ട് നേടിയെടുത്ത ജനപിന്തുണയാണ് മഹേഷിൻ്റെ വിജയത്തിന് മാറ്റ് കൂട്ടുന്നത്. പ്രചാരണത്തിൻ്റെ ഭാഗമായി പതിനാറായിരത്തോളം വീടുകൾ ഇദ്ദേഹം നേരിട്ട് സന്ദർശിച്ചിരുന്നു. മുൻ പ്രധാനമന്ത്രി റോബർട്ട് മാൽഡൂണിൻ്റെ കാലം മുതൽ നാഷണൽ പാർട്ടിയുടെ ശക്തമായ കോട്ടയായിരുന്ന ടാമാകി, മൂന്ന് വർഷങ്ങൾക്ക് മുമ്പ് ACT പാർട്ടി പിടിച്ചെടുത്തിരുന്നു. ആ പരമ്പരാഗത തട്ടകം കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും നാഷണൽ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കാൻ മഹേഷിന്റെ സ്ഥാനാർത്ഥിത്വത്തിന് കഴിഞ്ഞു. ലേബർ പാർട്ടിയുടെ മാക്സ് ഹാരിസിനെ 5,300-ലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് മഹേഷ് പരാജയപ്പെടുത്തിയത്.
കോഴിക്കോട് സ്വദേശികളായ മാതാപിതാക്കളുടെ മകനായി കേരളത്തിലാണ് മഹേഷ് ജനിച്ചത്. ബാല്യകാലം സിംഗപ്പൂരിലായിരുന്നു. 14-ാം വയസ്സിൽ ന്യൂസിലൻഡിലേക്ക് കുടിയേറിയ അദ്ദേഹം നേപ്പിയർ ബോയ്സ് ഹൈസ്കൂളിൽ പഠനം പൂർത്തിയാക്കി. തുടർന്ന് ഓക്ക്ലാൻഡ് സർവ്വകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദവും പബ്ലിക് പോളിസിയിൽ ഡിപ്ലോമയും നേടി. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിൽ നിന്ന് എം.ബി.എയും സ്വന്തമാക്കിയിട്ടുണ്ട്.
പ്രമുഖ ഗ്ലോബൽ ഡിസൈൻ പ്ലാറ്റ്ഫോമായ ‘കാൻവ’ (Canva) ഉൾപ്പെടെയുള്ള മുൻനിര ഐടി കമ്പനികളിൽ ഉയർന്ന പദവികൾ വഹിച്ചിട്ടുള്ള മഹേഷ്, നിലവിൽ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന ‘ഫേസ് വൺ വെഞ്ചേഴ്സ്’ (Phase One Ventures) എന്ന വെഞ്ചർ കാപ്പിറ്റൽ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവാണ്. ഭാര്യ പ്രവീണയോടൊപ്പം മിഷൻ ബേയിലാണ് താമസം. തദേശീയ വോട്ടർമാരുമായി ഉണ്ടാക്കിയെടുത്ത ആഴത്തിലുള്ള ബന്ധവും അടിത്തട്ടിലെ ചിട്ടയായ പ്രവർത്തനവുമാണ് മഹേഷ് മുരളിധറിനെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്.


