അയോധ്യ: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി അയോധ്യയിൽ വീണ്ടും ചരിത്രം കുറിച്ച് ദീപോത്സവം! 30 ലക്ഷത്തിലധികം മൺവിളക്കുകൾ ഒരേസമയം തെളിയിച്ചുകൊണ്ട് സരയൂ നദീതീരം ലോക റെക്കോർഡുകളിലേക്ക് വഴിമാറി. സരയൂ നദിയുടെ തീരത്തെ 56 ഘട്ടങ്ങളിലായി 30 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിഞ്ഞതോടെ പുണ്യനഗരി പ്രകാശപൂരിതമായി.
സരയൂ തീരത്തെ ലക്ഷക്കണക്കിന് ദീപങ്ങൾക്ക് പുറമെ, പ്രധാന ശ്രീരാമക്ഷേത്ര സമുച്ചയത്തിൽ മാത്രം ഒരു ലക്ഷം വിളക്കുകൾ പ്രത്യേകമായി തെളിയിച്ചു. ദീപോത്സവത്തിന് മുന്നോടിയായി രാവിലെ സാകേത് കോളേജിൽ നിന്ന് ആരംഭിച്ച് രാംകഥാ പാർക്ക് വരെ 3 കിലോമീറ്റർ നീളത്തിൽ പ്രൗഢഗംഭീരമായ ശോഭായാത്ര നടന്നു. രാമചരിതമാനസത്തിലെ വിവിധ ഭാഗങ്ങളും സനാതന സംസ്കാരവും വിളിച്ചോതുന്ന 21-ലധികം നിശ്ചലദൃശ്യങ്ങൾ (Tableaux) ഇതിൽ അണിനിരന്നിരുന്നു.
ഇന്ത്യയിലെ കലാകാരന്മാർക്ക് പുറമെ സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ലാവോസ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള രാമലീല കലാസംഘങ്ങളും അയോധ്യയിലെ വിവിധ വേദികളിൽ പ്രകടനങ്ങൾ കാഴ്ചവെച്ചു. സരയൂ നദീതീരത്ത് വിസ്മയം തീർത്തുകൊണ്ട് 2,100 ഡ്രോണുകൾ ഉപയോഗിച്ചുള്ള വിപുലമായ ഡ്രോൺ ഷോ നടന്നു. ആകാശത്ത് രാമായണത്തിലെ പ്രധാന രംഗങ്ങൾ ഡ്രോണുകൾ വഴി പുനരാവിഷ്കരിച്ചത് കാണികളെ അത്ഭുതപ്പെടുത്തി. 2017-ൽ വെറും 1.71 ലക്ഷം വിളക്കുകളുമായി ആരംഭിച്ച ദീപോത്സവമാണ് ഇപ്പോൾ 30 ലക്ഷം പിന്നിട്ട് ചരിത്ര വിജയമായി മാറിയിരിക്കുന്നത്.
ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ആഘോഷങ്ങളിൽ പങ്കെടുത്തു. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നുമെത്തിയ ആയിരക്കണക്കിന് ഭക്തർ എന്നിവരും ചടങ്ങിന്റെ ഭാഗമായി. അയോധ്യയുടെ ആത്മീയ പൈതൃകത്തെയും ആധുനിക വികസനത്തെയും ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ പ്രശംസിച്ചു. ദൈവിക പൈതൃകം സംരക്ഷിച്ചുകൊണ്ട് നഗരം വലിയ ആത്മീയ കേന്ദ്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2017-ൽ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് ചെറിയ ദീപാവലി ദിനത്തിൽ അയോധ്യയിൽ ദീപോത്സവം സംഘടിപ്പിക്കുന്നതിന് തുടക്കമായത്. എല്ലാ വർഷവും നടക്കുന്ന ആഘോഷം ഇത്തവണ പത്താം പതിപ്പിലെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സരയൂ ആരതി നടത്തി. ശ്രീരാമൻ ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമാണെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. സപ്തപുരികളെന്ന് അറിയപ്പെടുന്ന ഏഴ് പുണ്യനഗരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി അയോധ്യയെ പുരാണങ്ങൾ വിശേഷിപ്പിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.


