Sunday, November 8, 2026
Home » ചൈനീസ് അതിർത്തിക്ക് സമീപം 13,000 അടി ഉയരത്തിലുള്ള നൈമയിൽ IL-76MD വിമാനം ഇറക്കി ഇന്ത്യൻ വ്യോമസേന.
ചൈനീസ് അതിർത്തിക്ക് സമീപം 13,000 അടി ഉയരത്തിലുള്ള നൈമയിൽ IL-76MD വിമാനം ഇറക്കി ഇന്ത്യൻ വ്യോമസേന.

ചൈനീസ് അതിർത്തിക്ക് സമീപം 13,000 അടി ഉയരത്തിലുള്ള നൈമയിൽ IL-76MD വിമാനം ഇറക്കി ഇന്ത്യൻ വ്യോമസേന.

by Editor

ലഡാക്: ഇന്ത്യൻ വ്യോമസേനയുടെ (IAF) കനത്ത ഭാരം വഹിക്കാൻ ശേഷിയുള്ള IL-76MD ‘ഗജ്‌രാജ്’ വിമാനം കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാനമായ ന്യൂമ (Nyoma) വ്യോമതാവളത്തിൽ വിജയകരമായി ഇറങ്ങി ചരിത്രം സൃഷ്ടിച്ചു. സമുദ്രനിരപ്പിൽ നിന്ന് 13,629 അടി ഉയരത്തിൽ നടത്തിയ ഈ ലാൻഡിംഗ്, ലോകത്തിൽ ഈ വിഭാഗത്തിൽപ്പെട്ട ഒരു വിമാനം നടത്തുന്ന ഏറ്റവും ഉയർന്ന ലാൻഡിംഗാണ്.

ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) നിന്ന് ഏകദേശം 25 കിലോമീറ്റർ മാത്രം അകലെയാണ് നൈമ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. അതിർത്തി മേഖലയിലെ സൈനിക വിന്യാസത്തിനും പ്രവർത്തനങ്ങൾക്കും തന്ത്രപ്രധാനമായ സ്ഥാനമാണ് ഈ വ്യോമതാവളത്തിനുള്ളത്. ഉയർന്ന ഉയരവും വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും നിലനിൽക്കുന്ന പ്രദേശത്ത് ഇത്രയും വലിയ ഗതാഗതവിമാനം വിജയകരമായി ഇറക്കാനായത് വ്യോമസേനയുടെ പ്രവർത്തനശേഷി തെളിയിക്കുന്ന നേട്ടമാണ്.

ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (BRO) ‘പ്രൊജക്റ്റ് ഹിമാങ്ക്’ വഴി കഠിനമായ തണുപ്പിനെ പ്രതിരോധിക്കുന്ന വലിയ കോൺക്രീറ്റ് റൺവേ നിർമ്മിച്ചാണ് ഈ താവളം അടുത്തിടെ അത്യാധുനികമാക്കിയത്. അത്യന്തം ദുഷ്കരമായ ഭൂപ്രകൃതിയും മൈനസ് 20 ഡിഗ്രി വരെ താഴുന്ന കഠിനമായ തണുപ്പുമുള്ള ഈ പ്രദേശത്ത് ഇത്രയും വലിയൊരു വിമാനം ഇറക്കാൻ കഴിഞ്ഞത് ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റുമാരുടെ സമാനതകളില്ലാത്ത പ്രൊഫഷണലിസത്തിന്റെ തെളിവാണ്.

നൈമയിൽ IL-76MD വിമാനം വിജയകരമായി ലാൻഡ് ചെയ്തതോടെ ചരിത്രം സൃഷ്ടിച്ചുവെന്ന് വ്യോമസേന സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. ലോകത്ത് ഇതുവരെ ഈ വിഭാഗത്തിലുള്ള വിമാനം നടത്തിയതിൽ ഏറ്റവും ഉയർന്ന ഉയരത്തിലുള്ള ലാൻഡിംഗാണിതെന്നും വ്യോമസേന വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാന ഹെവി ട്രാൻസ്പോർട്ട് വിമാനമായ IL-76MD-ക്ക് ടി-72 യുദ്ധടാങ്കുകൾ, സൈനിക ട്രക്കുകൾ, ഭാരമേറിയ മറ്റ് ആയുധങ്ങൾ എന്നിവ നേരിട്ട് വഹിക്കാൻ ശേഷിയുണ്ട്. ഈ വിജയത്തോടെ അതിർത്തി മേഖലയിലേക്ക് വളരെ വേഗത്തിൽ യുദ്ധോപകരണങ്ങളും സൈനികരെയും എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.

Send your news and Advertisements

You may also like

error: Content is protected !!