Saturday, November 7, 2026
Home » പാക് അധീന കശ്മീരില്‍ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഡ്രോണ്‍ ആക്രമണം! ഏഴ് മരണം, 23 പേര്‍ക്ക് പരിക്ക്
പാക് അധീന കശ്മീരില്‍ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഡ്രോണ്‍ ആക്രമണം! ഏഴ് മരണം, 23 പേര്‍ക്ക് പരിക്ക്

പാക് അധീന കശ്മീരില്‍ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഡ്രോണ്‍ ആക്രമണം! ഏഴ് മരണം, 23 പേര്‍ക്ക് പരിക്ക്

by Editor

റാവലാകോട്ട്: പാക് അധീന കശ്മീരിലെ (PoK) റാവലാകോട്ടിൽ പാക്കിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിലും ഡ്രോൺ-റോക്കറ്റ് ആക്രമണങ്ങളിലും 7 പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവംബർ 5-ന് പുലർച്ചെയാണ് സംഭവം നടന്നത്. അടിസ്ഥാന അവകാശങ്ങൾക്കും വിലക്കയറ്റത്തിനുമെതിരെ കഴിഞ്ഞ ജൂൺ മുതൽ സമരം ചെയ്യുന്ന ‘ജമ്മു കാശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ (JKJAAC) എന്ന സംഘടനയുടെ ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു പാക് സേനയുടെ ഈ ആക്രമണം.

പാക് റേഞ്ചേഴ്സ്, ഫ്രണ്ടിയർ കോർപ്സ്, പോലീസ് എന്നിവർ സംയുക്തമായാണ് ഈ നടപടി സ്വീകരിച്ചത്. സമാധാനപരമായി പ്രതിഷേധിച്ചിരുന്ന ജനവാസ മേഖലകൾക്ക് നേരെ സൈനിക ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് മാരകമായ ആക്രമണം നടത്തുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഏഴ് പേർ സംഭവസ്ഥലത്തുതന്നെ മരിക്കുകയും നിരവധി വീടുകൾ കത്തിയമരുകയും ചെയ്തു. കുട്ടികൾ ഉൾപ്പെടെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മാധ്യമപ്രവർത്തകർ വിലയിരുത്തുന്നു. ഇതോടെ ജൂൺ 7-ന് ശേഷം ഈ മേഖലയിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 153 ആയി ഉയർന്നു.

സ്വന്തം ജനതയ്ക്കെതിരെയുള്ള പാക് സൈന്യത്തിന്റെ ഈ ക്രൂരതയ്ക്കെതിരെ വ്യാപകമായ ജനരോഷമാണ് ഉയരുന്നത്. പാക് അധീന കശ്മീരിനെ ‘ഗാസയോടും’ പാക് സൈന്യത്തെ ഇസ്രായേൽ പ്രതിരോധ സേനയോടും ഉപമിച്ചാണ് സാമൂഹിക മാധ്യമങ്ങളിൽ ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ആശയവിനിമയ സംവിധാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും നേതാക്കളെ അറസ്റ്റ് ചെയ്തും ഈ പ്രക്ഷോഭം അടിച്ചമർത്താൻ പാക്കിസ്ഥാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും, റാവലകോട്ട് കേന്ദ്രീകരിച്ച് ഇപ്പോഴും സംഘർഷാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്.

രാഷ്‌ട്രീയവും സാമ്പത്തികവുമായ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ മുതല്‍ പ്രക്ഷോഭം നടത്തുന്ന സംഘടനയാണ് ‘ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ (JKJAAC). 38 ഇന ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൽ ഭരണാധികാരികളുടെ ആഡംബര ആനുകൂല്യങ്ങൾ നിർത്തലാക്കൽ, മെച്ചപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

പാക് അധീന കശ്മീരിലെ അസംബ്ലിയിൽ (Legislative Assembly), പാക്കിസ്ഥാന്റെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്ന അഭയാർത്ഥികൾക്കായി 12 സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. ഇവിടെ താമസിക്കാത്തവർ തങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നു എന്നും ഇത് തദ്ദേശവാസികളുടെ പ്രാതിനിധ്യത്തെ ബാധിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് നിലവിലെ പ്രധാന പ്രതിഷേധം. സബ്‌സിഡി നിരക്കിലുള്ള ഗോതമ്പ് മാവിന്റെ ദൗർലഭ്യം, വർദ്ധിച്ചുവരുന്ന വൈദ്യുതി ബില്ലുകൾ, അവശ്യസാധനങ്ങളുടെ വിലക്കയറ്റം എന്നിവയാണ് ജനങ്ങളെ തെരുവിലിറക്കാൻ പ്രേരിപ്പിച്ച മറ്റ് ഘടകങ്ങൾ.

പ്രക്ഷോഭത്തെ നേരിടാൻ പാക്കിസ്ഥാൻ സർക്കാർ സുരക്ഷാ സേനയെ വ്യാപകമായി വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ (JKJAAC) സർക്കാർ നിരോധിച്ച സംഘടനയായി പ്രഖ്യാപിച്ചു. റാവലകോട്ടിലെ സൈനിക നടപടിക്ക് പിന്നാലെ മുസാഫറാബാദിലെ ചെഹ്‌ല സർവകലാശാല (Chehla University), ജാമിയ കശ്മീർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. മേഖലയിൽ വലിയ തോതിൽ ഇന്റർനെറ്റ്-മൊബൈൽ സേവനങ്ങൾ അധികൃതർ വിച്ഛേദിച്ചിരിക്കുകയാണ്. കൂടാതെ പാക്കിസ്ഥാനിലെ പ്രധാന മാധ്യമങ്ങൾക്കൊന്നും തന്നെ ഈ വാർത്തകൾ പുറത്തുവിടാൻ അനുമതിയില്ലാത്ത രീതിയിൽ കടുത്ത വിവര സാങ്കേതിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!