ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ അഞ്ച് എണ്ണക്കപ്പലുകൾക്കും ഒരു ടഗ് ബോട്ടിനും നേരെ ആക്രമണം. ഇറാൻ സൈന്യവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ പ്രകാരം ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമാണ് കപ്പലുകൾ ആക്രമണത്തിൽ പെട്ടത്.
ഹോർമുസ് കടലിടുക്കിന്റെ തെക്ക് ഭാഗത്തുള്ള വിലക്കപ്പെട്ട പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഒരു വലിയ എണ്ണക്കപ്പൽ ഇറാൻ സ്ഥാപിച്ച കടൽ മൈനിൽ തട്ടി ബുധനാഴ്ച്ച രാത്രി തകരുകയും തീപിടിക്കുകയും ആയിരുന്നു. കിഴക്കൻ ഹോർമുസ് പാതയിലൂടെ പുറത്തുകടക്കാൻ ശ്രമിച്ച ഒരു സൂപ്പർടാങ്കറിനും ഇതേരീതിയിൽ വലിയ തീപിടുത്തമുണ്ടായി. ഈ കപ്പലിലെ തീ അണയ്ക്കാനായി അടുത്തേക്ക് ചെന്ന ഒരു ടഗ് ബോട്ടിനും ഇതേ തുടർന്ന് തീപിടിക്കുകയായിരുന്നു. വ്യാഴാഴ്ചയും സുരക്ഷിതമല്ലാത്ത കിഴക്കൻ പാതയിലൂടെ സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകൾ കൂടി മൈനുകളിൽ തട്ടി അപകടത്തിൽപ്പെട്ടതായി ഇറാൻ സൈന്യം സ്ഥിരീകരിച്ചു. ഇറാൻ നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും, റഡാറുകളും നാവിഗേഷൻ സിസ്റ്റങ്ങളും ഓഫ് ചെയ്തും (AIS ട്രാക്കിങ് ഇല്ലാതെ) സഞ്ചരിച്ച കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്.
തങ്ങൾ നിരോധിച്ച കടൽപ്പാതകളിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുമെന്നും, അതിന്റെ സാമ്പത്തിക ബാധ്യത അമേരിക്കയും സഖ്യകക്ഷികളും ചുമക്കേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ കപ്പൽ ആക്രമണങ്ങൾ നടന്ന അതേ സമയത്തുതന്നെ, അമേരിക്കൻ നാവികസേനയുടെ അത്യാധുനിക അറ്റാക്ക് ഡ്രോണുകളായ രണ്ട് ‘LUCAS’ ഡ്രോണുകളുടെ നിയന്ത്രണം തങ്ങളുടെ ഇലക്ട്രോണിക് വാർഫെയർ യൂണിറ്റ് ഏറ്റെടുത്ത് അവയെ കേടുപാടുകൾ കൂടാതെ പിടിച്ചെടുത്തതായും ഇറാൻ (IRGC) അവകാശപ്പെടുന്നുണ്ട്.
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുപിന്നാലെ ഉണ്ടായ ഈ ആക്രമണത്തെത്തുടർന്ന്, ഇറാനെ കർശനമായി നേരിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം യു.എസ് വ്യോമ-നാവിക സേനകൾ ഇറാനെതിരെ വലിയ രീതിയിലുള്ള പ്രത്യാക്രമണത്തിന് തയ്യാറെടുക്കുന്നതായാണ് പെന്റഗണിൽ നിന്നുള്ള സൂചനകൾ. ആവശ്യമെങ്കിൽ ഇറാന്റെ ബാക്കി ഭാഗങ്ങൾ കൂടി പൂർണ്ണമായി തകർക്കാൻ യു.എസ് മടിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് പ്രഖ്യാപിച്ചു. തങ്ങളുടെ അടുത്ത നീക്കം ലോകം ഉടൻ തന്നെ അറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരന്മാരോട് ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായി ഒഴിവാക്കാൻ ആവിശ്യപ്പെട്ട് റഷ്യ.
പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷസാധ്യതയും വർദ്ധിച്ച സാഹചര്യത്തിൽ, തങ്ങളുടെ പൗരന്മാരോട് ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായി ഒഴിവാക്കാനും അവിടെയുള്ളവരോട് ജാഗ്രത പാലിക്കാനും റഷ്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി നിർദ്ദേശിച്ചിട്ടുണ്ട്. മോസ്കോയിൽ നടന്ന ഉന്നതതല സുരക്ഷാ യോഗങ്ങൾക്ക് പിന്നാലെയാണ് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖാറോവ ഈ യാത്രാ വിലക്ക് (Travel Advisory) പുറപ്പെടുവിച്ചത്. റഷ്യയും ഇറാനും തമ്മിൽ വളരെ അടുത്ത നയതന്ത്ര-സൈനിക ബന്ധം നിലനിൽക്കുന്നുണ്ടെങ്കിലും, മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങളും പെട്ടെന്നുണ്ടായേക്കാവുന്ന ആക്രമണ സാധ്യതകളും കണക്കിലെടുത്താണ് തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ റഷ്യ ഇത്തരമൊരു അടിയന്തര നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇന്നലെ മോസ്കോയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാറോവ പൗരന്മാർക്കായി ഈ യാത്രാ വിലക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി മുഹ്സിൻ റസായിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനും തമ്മിൽ മോസ്കോയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ അടിയന്തര നീക്കം.
യൂറോപ്പിൽ വിമാനങ്ങൾക്ക് വ്യാപക ബോംബ് ഭീഷണി; വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി.


