യൂറോപ്പിൽ സർവീസുകൾ നടത്തുന്ന 20-ലധികം യാത്രാവിമാനങ്ങൾക്ക് നേരെ ഒരേസമയം വ്യാപകമായ ബോംബ് ഭീഷണി ഉയർന്നതിനെത്തുടർന്ന് കനത്ത സുരക്ഷാ ജാഗ്രത. ഭീഷണിയെത്തുടർന്ന് നിരവധി വിമാനങ്ങൾ അടിയന്തരമായി വഴിതിരിച്ചുവിടുകയും സൈനിക വിമാനങ്ങളുടെ അകമ്പടിയോടെ സുരക്ഷിത താവളങ്ങളിൽ നിലത്തിറക്കുകയും ചെയ്തു. പരിശോധനയിൽ ഇവയെല്ലാം വ്യാജ ഭീഷണി സന്ദേശങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
യൂറോപ്പിലുടനീളം ഫ്രാൻസ്, ഇറ്റലി, ബെൽജിയം, ബൾഗേറിയ, ഓസ്ട്രിയ, സ്പെയിൻ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ നിരവധി രാജ്യങ്ങളിലെ വിമാന സർവീസുകളെ ഈ പ്രതിസന്ധി ബാധിച്ചു. വിമാനങ്ങൾ പ്രത്യേകമായി മാറ്റിയ ശേഷമാണ് ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിശദമായ പരിശോധന നടത്തിയത്. പരിശോധനകളിൽ വിമാനങ്ങളിൽ നിന്ന് സ്ഫോടകവസ്തുക്കളോ മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളോ കണ്ടെത്താനായില്ല.
ഭീഷണിയെ തുടർന്ന് ഡബ്ലിനിൽ നിന്ന് റോമിലേക്ക് 151 യാത്രക്കാരുമായി പോവുകയായിരുന്ന എയർബസ് എ320 വിമാനം (EI402) ഫ്രഞ്ച് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ പാരിസിന് പടിഞ്ഞാറുള്ള ‘എവ്രൂ’ സൈനിക വ്യോമതാവളത്തിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടു. ഹെൽസിങ്കിയിൽ നിന്ന് റോമിലേക്ക് പോയ ഫിൻഎയർ വിമാനത്തിന് നേരെയും ഭീഷണി ഉയർന്നതിനെ തുടർന്ന് ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ച് റോമിൽ സുരക്ഷിതമായി ഇറക്കി.
ലണ്ടൻ, മാഡ്രിഡ്, കോപ്പൻഹേഗൻ എന്നിവിടങ്ങളിൽ നിന്ന് ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലേക്ക് പുറപ്പെട്ട മൂന്ന് റയാൻഎയർ വിമാനങ്ങൾ കനത്ത ജാഗ്രതയിൽ സോഫിയയിലും പ്ലോവ്ദിവിലുമായി അടിയന്തര ലാൻഡിങ് നടത്തി. മിലാനിൽ നിന്ന് വാർസോയിലേക്ക് പോവുകയായിരുന്ന വിമാനം ഓസ്ട്രിയയിലെ വിയന്നയിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടു. മിലാനിൽ നിന്ന് ബുക്കാറെസ്റ്റിലേക്ക് പോയ മറ്റൊരു വിമാനവും ഭീഷണിയെത്തുടർന്ന് അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കി.
ബെൽജിയത്തിലെ ബ്രസൽസ് വിമാനത്താവളത്തിലും ഒരു വിമാനം അടിയന്തരമായി താഴെയിറക്കി. വാർസോയിൽ നിന്ന് പാരിസിലേക്ക് പോകാനിരുന്ന വിമാനം ടേക്ക് ഓഫിന് തൊട്ടുമുമ്പ് റൺവേയിൽ തടഞ്ഞ് നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ബ്രസൽസിലേക്ക് പോയ മറ്റൊരു വിമാനം ലാൻഡ് ചെയ്ത ശേഷം സുരക്ഷാ പരിശോധന നടത്തി.
യൂറോപ്യൻ വ്യോമഗതാഗത മേഖലയിൽ വലിയ യാത്രാതടസ്സങ്ങൾക്കും ഭീതിക്കും കാരണമായ ഈ വ്യാജ ഭീഷണി സന്ദേശങ്ങൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനായി വിവിധ അന്താരാഷ്ട്ര സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


