കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കോടി പത്ത് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതിയും, ഈ സ്വര്‍ണം തട്ടിയെടുക്കാന്‍ സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ ആക്രമണം അഴിച്ചുവിട്ട കവര്‍ച്ചാസംഘവും പൊലീസിന്റെ പിടിയിലായി. ഇന്നലെ (നവംബര്‍ 2 തിങ്കളാഴ്ച) പുലര്‍ച്ചെയാണ് വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ഇടുക്കി വണ്ടന്‍മേട് സ്വദേശിനിയായ അഭിരാമി (27) എന്ന യുവതിയാണ് സ്വർണവുമായി എത്തിയത്. ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹര്‍ഷല്‍ (40), സ്വർണം കവരാനെത്തിയ കവര്‍ച്ചാസംഘത്തിലെ നാദാപുരം കല്ലാച്ചി സ്വദേശികളായ സായന്ത് (28), ബബിലേഷ് (40) എന്നിവരുള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണവുമായി എത്തിയ യുവതിയെയും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ആളെയും കസ്റ്റംസിന് കൈമാറി.
ബഹ്റൈനില്‍നിന്ന് ഷാര്‍ജ വഴിയാണ് യുവതി കരിപ്പൂരിലെത്തിയത്. എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററി കെയ്സിനുള്ളില്‍ 14 ചെറിയ സ്വര്‍ണപ്പാളികളായാണ് 817 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് പരിശോധനയില്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യുവതി സ്വര്‍ണവുമായി പാര്‍ക്കിങ് ഏരിയയിലേക്ക് നീങ്ങുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ പത്തോളം പേരടങ്ങുന്ന കവര്‍ച്ചാസംഘം ഇവരെ തടഞ്ഞുനിര്‍ത്തി ട്രോളി ബാഗ് തട്ടിയെടുക്കാനും യുവതിയെ തട്ടിക്കൊണ്ടുപോകാനും ശ്രമിക്കുകയായിരുന്നു.
വിമാനത്താവള പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം ഉടന്‍ ഇടപെട്ടതോടെ കവര്‍ച്ചാസംഘം പൊലീസിനെ ആക്രമിച്ചു. അക്രമിസംഘം ഹോം ഗാര്‍ഡ് മുരളീകൃഷ്ണനെ കടിച്ച് പരിക്കേല്‍പ്പിക്കുകയും, രക്ഷപ്പെടുന്നതിനിടെ പൊലീസുകാരെ കാറിടിച്ച് വീഴ്ത്താന്‍ ശ്രമിക്കുകയും ചെയ്തു. 1.1 കോടി രൂപയുടെ സ്വര്‍ണത്തിന് പുറമെ യുവതിക്ക് പ്രതിഫലമായി നല്‍കാന്‍ ഹര്‍ഷല്‍ കൊണ്ടുവന്ന 67,000 രൂപയും ഒരു മാരുതി ആള്‍ട്ടോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും കരിപ്പൂര്‍ പൊലീസും സംയുക്തമായാണ് സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.


