ടെഹ്റാൻ: ഹോർമുസ് ഇടുക്കിന് സമീപമുള്ള ഇറാന്റെ ഖെഷം ദ്വീപിലേക്ക് (Qeshm Island) അമേരിക്ക പ്രതിരോധ സ്വഭാവമുള്ള വ്യോമാക്രമണം നടത്തി. അമേരിക്കൻ വിമാനങ്ങൾക്ക് നേരെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഉപരിതല-വ്യോമ മിസൈലുകൾ ഉപയോഗിച്ച് വെടിയുതിർത്തതിന് മറുപടിയായാണ് ഈ പരിമിതമായ ആക്രമണമെന്ന് യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇരുപക്ഷവും ഇപ്പോഴും പരോക്ഷമായ സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കെയാണ് അമേരിക്കയിലെ നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.
സ്ട്രെയിറ്റ് ഓഫ് ഹോർമുസിലെ തന്ത്രപ്രധാനമായ ഖെഷം ദ്വീപ് ആണ് യുഎസ് ലക്ഷ്യമിട്ടത്. ഖെഷം ദ്വീപിലെ ഇറാന്റെ മിസൈൽ ലോഞ്ചറുകളും റഡാർ ഡിറ്റക്ടറുകളും ആണ് ആക്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇവിടെ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ ഉപയോഗിച്ച് ഖെഷം ദ്വീപിന് തെക്ക് ഭാഗത്തുവെച്ച് രണ്ട് യുഎസ് ഡ്രോണുകളും (MQM-170 reconnaissance aircraft), ഹോർമുസിന് കിഴക്ക് വെച്ച് ഒരു യുഎസ് MQ-9 ഡ്രോണും തങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെടുന്നു.
ഖെഷം ദ്വീപിൽ അഞ്ച് തവണ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ IRNA സ്ഥിരീകരിച്ചു. ഇതുകൂടാതെ സമീപത്തെ തുറമുഖ നഗരമായ ബന്ദർ ലെംഗയിലും (Bandar Lengeh) സ്ഫോടന ശബ്ദങ്ങൾ കേട്ടിട്ടുണ്ട് എന്ന് അൽജസിറ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിൽ വലിയൊരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാൻ, കഴിഞ്ഞ കുറച്ചു ആഴ്ചകളായി അമേരിക്ക ഇറാൻ്റെ ചില താവളങ്ങളിൽ പരിമിതമായ ആക്രമണങ്ങൾ നടത്തിവരികയായിരുന്നു എന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഈ പരിമിതമായ ആക്രമണം നടക്കുമ്പോഴും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ കടുത്ത മുന്നറിയിപ്പ് നൽകി. ഇറാന്റെ ഇസ്ഫഹാൻ (Isfahan) മേഖലയിലുള്ള, ഭൂഗർഭ ആണവ കേന്ദ്രമെന്ന് സംശയിക്കുന്ന ‘പിക്ആക്സ് മൗണ്ടൻ’ (Pickaxe Mountain) തങ്ങൾ ലക്ഷ്യമിട്ടേക്കുമെന്നും, വെറും ഒരു മണിക്കൂർ കൊണ്ട് യുഎസിന് അത് തകർക്കാൻ സാധിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
ബ്രിട്ടീഷ് റോയൽ നേവിയെയും റോയൽ എയർഫോഴ്സിനെയും ഇറാൻ ഭീകര സംഘടനകളായി പ്രഖ്യാപിച്ചു.


