കാബൂൾ: ക്രിസ്തീയ വിശ്വാസത്തിന് കടുത്ത നിയന്ത്രണമുള്ള താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ ആദ്യമായി ഒരു ക്രൈസ്തവ ടെലിവിഷൻ ചാനൽ പ്രവർത്തനം ആരംഭിച്ചു. ‘മോജ്ദ ടിവി’ (Mozhda TV) എന്നാണ് ഈ ചാനലിന്റെ പേര്. അഫ്ഗാനിസ്ഥാൻ ബൈബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 24 നാണ് സാറ്റലൈറ്റ്, ഓൺലൈൻ സംവിധാനങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന ‘മൊസ്‌ദ ടിവി’ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ അഫ്ഗാനിസ്ഥാനിലെ ഔദ്യോഗിക ഭാഷകളായ ദാരി (Dari), പഷ്തു (Pashto) എന്നിവയിലാണ് പരിക്ഷേപണം. ഭാവിയിൽ തുർക്മെൻ, ബലൂചി, ഉസ്ബെക്, ഹസാരാഗി എന്നീ ഭാഷകളിലും പരിപാടികൾ എത്തിക്കാൻ പദ്ധതിയുണ്ട്.
അഫ്ഗാനിസ്ഥാനിലെ 3.5 കോടി ജനങ്ങളിൽ മൂന്നിൽ രണ്ടുപേരും ദാരി അല്ലെങ്കിൽ പഷ്തോ ഭാഷ സംസാരിക്കുന്നവരാണ്. എന്നാൽ രാജ്യത്ത് നാൽപ്പതിലധികം ഭാഷകളും നൂറുകണക്കിന് പ്രാദേശിക ഭാഷാ ഭേദങ്ങളും നിലവിലുണ്ട്. ഓരോ ഭാഷയിലും കുറഞ്ഞത് ഏതെങ്കിലും ഒരു പരിപാടിയെങ്കിലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മൊസ്ദ ടിവി അധികൃതർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ മിക്ക വീടുകളിലും സാറ്റലൈറ്റ് ഡിഷുകൾ ലഭ്യമായതിനാൽ താലിബാന്റെ നിയന്ത്രണങ്ങൾ മറികടന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് അടുത്ത ഘട്ടത്തിൽ സംപ്രേഷണം എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മൊസ്‌ദ ടിവി എക്സിക്യൂട്ടീവ് ഡയറക്ടർ മസൂദ് ഘോർബാനി പറഞ്ഞു.
2021 ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ രാജ്യത്ത് കർശന ശരിയത്ത് നിയമങ്ങൾ നടപ്പിലാക്കിയിരുന്നു. ഇതോടെ ബൈബിൾ കൈവശം വയ്ക്കുന്നതിനും യേശു ക്രിസ്‌തുവിനെ പരസ്യമായി ആരാധിക്കുന്നതിനും കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. താലിബാൻ ഭരണകൂടം സർവകലാശാലകളിൽ സ്ത്രീകൾക്ക് പഠനം നിരോധിക്കുകയും പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്‌ത സാഹചര്യത്തിൽ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിപാടികളും ചാനൽ നൽകുന്നുണ്ട്. ജനങ്ങളെ അടിച്ചമർത്തി ഇസ്ലാമിക നിയമങ്ങളും ആചാരങ്ങളും നടപ്പിലാക്കുന്ന താലിബാൻ നിലപാടിൽ ക്രൈസ്‌തവർ കടുത്ത വേദനകൾ നേരിടുന്ന സാഹചര്യത്തിൽ ആണ് ഈ മാധ്യമത്തിന്റെ വരവ്.
അഫ്ഗാനികൾ അഫ്ഗാനികൾക്കുവേണ്ടി തന്നെ രൂപീകരിച്ച ക്രൈസ്തവ മാധ്യമ ശുശ്രൂഷയാണ് മൊസ്‌ദ ടിവിയെന്നും യേശുക്രിസ്തുവെന്ന സത്യവും സന്തോഷവും സമാധാനവും രാജ്യത്തെ വിവിധ ഭാഷകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ചാനലിൻ്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഇ – മെയിൽ വഴിയും ബന്ധപ്പെടാവുന്ന 24 മണിക്കൂർ പ്രാർത്ഥനാ ശുശ്രൂഷയും ചാനലിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.


