Saturday, October 31, 2026
Home » ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം; എൻവിഎസ് 03 വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു.
ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം; എൻവിഎസ് 03 വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു.

ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം; എൻവിഎസ് 03 വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു.

by Editor

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം പൂർണ്ണ വിജയം. വെള്ളിയാഴ്ച രാത്രി 11:51-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. ഐഎസ്ആർഒയുടെ സ്‌മാർട്ട് ബോയ് ജിഎസ്എൽവിയുടെ 20-ാം വിക്ഷേപണമാണിത്. വെറും 56 ദിവസത്തെ ചുരുങ്ങിയ ഇടവേളയിലാണ് ഐഎസ്ആർഒ മുൻ ദൗത്യത്തിന് ശേഷം ഈ വിക്ഷേപണം പൂർത്തിയാക്കിയത്.

ഇന്ത്യയുടെ നാവിഗേഷൻ സാറ്റലൈറ്റ് പരമ്പരയിലുള്ള (എൻവിഎസ്) ഉപഗ്രഹം, ഇന്നലെ അർധരാത്രി 11.51നു ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ ജിഎസ്എൽവി – എഫ് 18 വിക്ഷേപണ വാഹനത്തിലാണു കുതിച്ചുയർന്നത്. പുലർച്ചെ 12.09-ന്, 18 മിനിറ്റ് 50 സെക്കൻഡിൽ വിജയകരമായി ഭ്രമണപഥത്തിലെത്തി. ഐഎസ്ആർഒ ചെയർമാൻ ഡോ.വി. നാരായണൻ വിജയം പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ ഉപഗ്രഹ ശൃംഖലയായ നാവിക്കിനെ (NavIC) പുനരുജ്ജീവിപ്പിക്കാൻ ഉള്ള ദൗത്യമാണിത്. രണ്ടാം തലമുറ ഗതിനിർണ്ണയ ഉപഗ്രഹങ്ങളിൽ മൂന്നാമത്തേതാണ് എൻവിഎസ് 03.

2025 ജനുവരിയിൽ വിക്ഷേപിച്ച എൻവിഎസ്-02 ഉപഗ്രഹത്തിന്, പ്രൊപൽഷൻ സിസ്‌റ്റത്തിലുണ്ടായ തകരാർ കാരണം നിശ്ചിത ഭ്രമണപഥത്തിലെത്താനായിരുന്നില്ല. ഈ പരാജയം മറികടന്നാണ് ഏകദേശം 2250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. നാവിക്കിന്റെ കരുത്ത് കൂട്ടാൻ എൻവിഎസ് 04, എൻവിഎസ് 05 എന്നീ ഉപഗ്രഹങ്ങളും വരും നാളുകളിൽ വിക്ഷേപിക്കാൻ ഐഎസ്ആർഒ പദ്ധതിയിടുന്നുണ്ട്.

കൃത്യമായ സമയവും സ്ഥാനവും നിർണ്ണയിക്കുന്നതിനായി ഐഎസ്ആർഒ അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്ററിൽ വികസിപ്പിച്ചെടുത്ത അത്യാധുനിക ‘റൂബിഡിയം ആറ്റോമിക് ക്ലോക്ക്’ (Atomic Clock) ഈ ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. നാവിഗേഷൻ സംവിധാനങ്ങളുടെ ഹൃദയമിടിപ്പാണ് കൃത്യമായ സമയം നിർണയിക്കുന്ന അറ്റോമിക് ക്ലോക്കുകൾ. മുമ്പ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആറ്റോമിക് ക്ലോക്കുകൾ തകരാറിലായത് നാവിക്കിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഇതിന് പരിഹാരമായി ഇന്ത്യൻ ശാസ്ത്രജ്ഞർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അറ്റോമിക് ക്ലോക്കാണ് എൻവിഎസ് 03 ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.

സ്മാർട്ട്‌ഫോണുകളിലും മറ്റ് വാണിജ്യ ഉപകരണങ്ങളിലും നാവിക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന ‘എൽ-1 സിഗ്നൽ’ (L1 Signal) സാങ്കേതികവിദ്യയും ഇതിലുണ്ട്. വിമാനങ്ങൾ, കപ്പലുകൾ, ട്രെയിനുകൾ എന്നിവയുടെ ട്രാക്കിങ്ങിന് പുറമെ അതിർത്തികളിൽ സൈനിക ആവശ്യങ്ങൾക്കും ഈ ഉപഗ്രഹം വലിയ പങ്കുവഹിക്കും. ഇന്ത്യയുടെ അതിർത്തിക്ക് പുറത്ത് ഏകദേശം 1500 കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളിൽ ഇതിന്റെ സേവനം ലഭ്യമാകും.

ദൗത്യത്തിൽ പങ്കാളിയായ ഐഎസ്ആർഒ ജീവനക്കാരടക്കമുള്ളവരെ ചെയർമാൻ വി നാരായണൻ അഭിനന്ദിച്ചു. ഈ സാമ്പത്തിക വർഷം അഞ്ച് വിക്ഷേപണം കൂടി നടക്കുമെന്നും ചെയർമാൻ അറിയിച്ചു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാനിലേക്ക് കൂടുതൽ അടുത്തു എന്നും അദ്ദേഹം പറഞ്ഞു. മുമ്പത്തെ ജിഎസ്എൽവി ദൗത്യം കഴിഞ്ഞ് വെറും 56 ദിവസത്തിനുള്ളിൽ ഈ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് വലിയൊരു നേട്ടമാണെന്ന് ചെയർമാൻ പറഞ്ഞു. ഈ വിജയത്തോടെ, നാവിക് ശൃംഖല മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ 4 ഉപഗ്രഹങ്ങൾ ഇപ്പോൾ ലഭ്യമായിരിക്കുകയാണ്. വിദേശ സഹായമില്ലാതെ ഇന്ത്യയ്ക്ക് സ്വന്തമായി നാവിഗേഷൻ, സമയവിവരങ്ങൾ എന്നിവ നൽകുന്ന ഒരു പ്രധാന തന്ത്രപ്രധാന ആസ്തിയാണ് നാവിക് എന്നും അദ്ദേഹം പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!