Saturday, October 31, 2026
Home » ഉപരോധങ്ങൾ മറികടന്ന് ഇറാൻ വൻതോതിൽ ആയുധങ്ങളും സൈനിക സാമഗ്രികളും ഇറക്കുമതി ചെയ്‌തതായി റിപ്പോർട്ട്
ഉപരോധങ്ങൾ മറികടന്ന് ഇറാൻ വൻതോതിൽ ആയുധങ്ങളും സൈനിക സാമഗ്രികളും ഇറക്കുമതി ചെയ്‌തതായി റിപ്പോർട്ട്

ഉപരോധങ്ങൾ മറികടന്ന് ഇറാൻ വൻതോതിൽ ആയുധങ്ങളും സൈനിക സാമഗ്രികളും ഇറക്കുമതി ചെയ്‌തതായി റിപ്പോർട്ട്

by Editor

ലണ്ടൻ: അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഉപരോധങ്ങളെയും നാവിക ഉപരോധത്തെയും മറികടന്ന് ഇറാൻ 2.3 ബില്യൺ ഡോളറിന്റെ (ഏകദേശം 200 കോടിയിലധികം ഡോളർ) ആയുധങ്ങളും സൈനിക സാമഗ്രികളും ഇറക്കുമതി ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ‘MOD 346428’ ഉൾപ്പെടെ 5,000-ത്തിലധികം ഏജൻസികളും വ്യാജ കമ്പനികളും അടങ്ങുന്ന ഒരു രഹസ്യ ശൃംഖല വഴിയാണ് 2025 ജനുവരി മുതൽ ഈ ഇറക്കുമതി നടന്നത്.

ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സുമായും (ഐ.ആർ.ജി.സി) ഇറാൻ്റെ ഭരണ നേതൃത്വത്തിന്റെ നിയന്ത്രണത്തിലുള്ള ‘ബോന്യാദ്’ എന്ന ബിസിനസ് ഗ്രൂപ്പുകളുമായും ഇവയ്ക്ക് അടുത്ത ബന്ധമുണ്ട്. 2025 ജനുവരി മുതൽ കുറഞ്ഞത് 200 കോടി ഡോളറിൻ്റെ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ട്രക്കുകളും ഇറാൻ ഇത്തരത്തിൽ ഇറക്കുമതി ചെയ്‌തതായാണ് റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നത്. മിസൈൽ ഇന്ധനത്തിനുള്ള രാസവസ്തുക്കൾ (ചൈനീസ് ടൈറ്റാനിയം ഉൾപ്പെടെ), സ്ഫോടകവസ്തുക്കൾ, റഷ്യൻ ഡിറ്റണേറ്ററുകൾ, ഇലക്ട്രോണിക്സ്, ട്രക്കുകൾ (ഐവെക്കോ, ടൊയോട്ട), വ്യോമയാന ഘടകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2025 ജനുവരി മുതൽ 2026 ജൂൺ വരെ ‘എം.ഒ.ഡി 346428’ എന്ന ഒരൊറ്റ ഏജൻസി മാത്രം വലിയ അളവിൽ റോക്കറ്റ് ഇന്ധനം, സ്ഫോടക വസ്തുക്കൾ, ഡ്രോൺ-മിസൈൽ ഭാഗങ്ങൾ, മിസൈൽ ലോഞ്ചറുകളായി ഉപയോഗിക്കാവുന്ന ട്രക്കുകൾ എന്നിവ ഇറക്കുമതി ചെയ്‌തു. കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ എത്തിയ ഈ സാമഗ്രികളിൽ ഭൂരിഭാഗവും ചൈന, റഷ്യ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ളതാണെന്നാണ് റിപ്പോർട്ട്.

ഈ രഹസ്യ ഏജൻസികളെല്ലാം ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയത്തിൻ്റെ വിലാസമാണ് നൽകിയിട്ടുള്ളത്. ഇറാന്റെ വിപ്ലവദിനമായ 1979 ഫെബ്രുവരി 11-നാണ് ഇവയുടെ രൂപീകരണ തിയതിയായി രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഉപരോധം ശക്തമായതിനെ തുടർന്ന് 2013-ലാണ് ഇവയിൽ ഭൂരിഭാഗവും യഥാർത്ഥത്തിൽ പ്രവർത്തനം ആരംഭിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. നിയമവിരുദ്ധ എണ്ണ വിൽപനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിദേശ ഏജൻ്റുമാരും വ്യാജ കമ്പനികളും വഴിയാണ് ഈ ശൃംഖല ആയുധങ്ങൾ വാങ്ങുന്നത്. ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ പ്രോഗ്രാമുകളിലെ മുതിർന്ന സൈനിക തലവന്മാർ ഈ ശൃംഖല ഉപയോഗിക്കുന്നുണ്ട്. ബാങ്ക്-സർക്കാർ രേഖകൾ, കോർപ്പറേറ്റ് ഫയലിങുകൾ, ഇറക്കുമതി വിവരങ്ങൾ എന്നിവ വിശകലനം ചെയ്‌താണ് റോയിട്ടേഴ്സ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഈ ഏജൻസികൾക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ നേരിട്ട് ഉപരോധം ഏർപ്പെടുത്തിയതായി തെളിവുകളില്ല. ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഇറാൻ ഭരണകൂടമോ ഐക്യരാഷ്ട്ര സഭയിലെ അവരുടെ പ്രതിനിധികളോ തയ്യാറായിട്ടില്ല. റോയിട്ടേഴ്സ് റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് വക്താവ് അമേരിക്ക ഇറാൻ ഭരണകൂടത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സുകളെയെല്ലാം പൂർണ്ണമായി തടഞ്ഞിട്ടുണ്ടെന്നാണ് വ്യക്തമാക്കിയത്. ഔദ്യോഗിക പ്രതികരണത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും, ഇത്തരം വ്യാജ ശൃംഖലകളെ നിരീക്ഷിക്കുന്നുണ്ടെന്നും ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന വിദേശ കമ്പനികൾക്കെതിരെ കർശന നടപടി തുടരുമെന്നും യു.എസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

Send your news and Advertisements

You may also like

error: Content is protected !!