ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ജോഷിമഠിന് സമീപം ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ ആറ് പേർ മരിച്ചു. ഇന്നലെ (ഒക്ടോബർ 30-ന് വെള്ളിയാഴ്ച) ഉച്ചയ്ക്കാണ് ഈ ദാരുണമായ സംഭവം നടന്നത്. ബദരീനാഥ് ധാമിൽ നിന്ന് തീർഥാടകരുമായി ഡെറാഡൂണിലേക്ക് പോവുകയായിരുന്ന ട്രാസ് ഭാരത് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
കനത്ത മഞ്ഞുവീഴ്ചയും മഴയും ഉൾപ്പെടെയുള്ള മോശം കാലാവസ്ഥയും കുറഞ്ഞ കാഴ്ചപരിധിയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പൈലറ്റ് ഉൾപ്പെടെ ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ആരെയും രക്ഷിക്കാനായില്ല. പശ്ചിമ ഡൽഹി സ്വദേശിയായ പൈലറ്റ് ക്യാപ്റ്റൻ ഹിമാൻഷു സബർവാൾ (48), ബെംഗളൂരു സ്വദേശികളായ അഞ്ച് യാത്രക്കാർ എന്നിവരാണ് മരിച്ചത്. യാത്രക്കാരിൽ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായ അരുൺ സലൂങ്കെ (44), അഭിഭാഷകനായ ശങ്കർ ഗൗഡ (39) എന്നിവരും ഉൾപ്പെടുന്നു. പ്രതാപ് ബി. നിംഗരാജു (41), സുധീർ കെ. (49), എച്ച്.എസ്. നടരാജ് (51) എന്നിവരാണ് മരിച്ച മറ്റ് യാത്രക്കാർ.
ബദരീനാഥിൽ നിന്ന് ഉച്ചയ്ക്ക് 1.14-ഓടെ പറന്നുയർന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം മിനിറ്റുകൾക്കകം ജോഷിമഠ് താഴ്‌വരയിൽ വെച്ച് നഷ്ടമാവുകയായിരുന്നു. തുടർന്ന് ഹാത്തി പഹാഡിലെ വനമേഖലയിൽ ചായ് ഗ്രാമത്തിന് സമീപമാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.


