ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബൈനാൻസ് (Binance) ഹാക്ക് ചെയ്യപ്പെടുകയും ഏകദേശം 6.3 ബില്യൺ യുഎസ് ഡോളർ (630 കോടി ഡോളർ) മൂല്യമുള്ള ക്രിപ്റ്റോ ആസ്തികൾ നഷ്ടപ്പെടുകയും ചെയ്തു. ഒക്ടോബർ 29-ന് വെറും 20 മിനിറ്റിനുള്ളിലാണ് ബൈനാൻസ് വാലറ്റുകളിൽ നിന്ന് ഭൂരിഭാഗം ഫണ്ടും ഹാക്കർമാർ തട്ടിയെടുത്തത്. ബിറ്റ്കോയിൻ, എഥീരിയം, സ്റ്റേബിൾകോയിനുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ കറൻസികളാണ് നഷ്ടപ്പെട്ടത്.
ക്രിപ്റ്റോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കവർച്ചയായാണ് വിപണി വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്. ഈ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയൻ സർക്കാരിന്റെ പിന്തുണയുള്ള ‘ലസാറസ് ഗ്രൂപ്പ്’ അല്ലെങ്കിൽ ‘ട്രേഡർട്രെയ്റ്റർ’ എന്ന എലൈറ്റ് ഹാക്കിംഗ് ഗ്രൂപ്പ് ആണെന്ന് പ്രമുഖ ബ്ലോക്ക്ചെയിൻ നിരീക്ഷണ ഏജൻസികളായ TRM Labs, Chainalysis എന്നിവർ വ്യക്തമാക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഈ ക്രിപ്റ്റോ കൊള്ളയുടെ വാർത്ത പുറത്തുവന്നതോടെ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള പ്രമുഖ ക്രിപ്റ്റോ കറൻസികളുടെ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തി.
ഹാക്കിംഗ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബൈനാൻസ് ഇടപാടുകൾ താൽക്കാലികമായി നിർത്തിവെച്ചു. ടെതർ, സർക്കിൾ തുടങ്ങിയ കമ്പനികളുടെ സഹായത്തോടെ മോഷ്ടിക്കപ്പെട്ട തുകയിൽ ഏകദേശം 3 ബില്യൺ ഡോളറോളം ഇതിനകം വിവിധ ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കുകളിൽ മരവിപ്പിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്നും ഹാക്കിംഗ് വഴി ഉണ്ടായ എല്ലാ നഷ്ടങ്ങളും കമ്പനിയുടെ സ്വന്തം ഫണ്ട് ഉപയോഗിച്ച് ബൈനാൻസ് തന്നെ നികത്തുമെന്നും കമ്പനിയുടെ കോ-സിഇഒ റിച്ചാർഡ് ടെങ് അറിയിച്ചു.


