Monday, November 2, 2026
Home » ബ്രിട്ടീഷ് റോയൽ നേവിയെയും റോയൽ എയർഫോഴ്‌സിനെയും ഇറാൻ ഭീകര സംഘടനകളായി പ്രഖ്യാപിച്ചു.
ഇറാനും ബ്രിട്ടനും

ബ്രിട്ടീഷ് റോയൽ നേവിയെയും റോയൽ എയർഫോഴ്‌സിനെയും ഇറാൻ ഭീകര സംഘടനകളായി പ്രഖ്യാപിച്ചു.

by Editor

ടെഹ്റാൻ: ഇറാനും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര പോര് പുതിയ തലത്തിലേക്ക്. ബ്രിട്ടീഷ് റോയൽ നേവിയെയും (Royal Navy) റോയൽ എയർഫോഴ്‌സിനെയും (Royal Air Force) ഇറാൻ ഭീകര സംഘടനകളായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിലൂടെയാണ് തീരുമാനം പുറത്തുവിട്ടത്. ഇതോടൊപ്പം ബ്രിട്ടന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ എം.ഐ 6 (MI6)-നെ ‘ശത്രു സംഘടന’യായും ഇറാൻ വിദേശകാര്യ മന്ത്രാലയം പട്ടികപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായ ശത്രുതാപരമായ സമീപനങ്ങളാണ് ഈ കടുത്ത നിലപാടിലേക്ക് നയിച്ചതെന്നാണ് ഇറാൻ്റെ വാദം. യുദ്ധ കാലങ്ങളിൽ ബ്രിട്ടന്റെ ഭൂ പ്രദേശത്തുള്ള സൈനിക, ലോജിസ്റ്റിക് സൗകര്യങ്ങൾ ഉപയോഗിക്കാൻ അമേരിക്കൻ സേനയ്ക്ക് അനുമതി നൽകിയതും കഴിഞ്ഞ ജൂലൈയിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ ബ്രിട്ടൻ സ്റ്റേറ്റ് പ്രെറ്റ്സ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചാര വൃത്തി അടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കർശനമായ ഇറാനിയൻ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇനി എം.ഐ ആറിനെതിരെ നടപടികൾ സ്വീകരിക്കുക.

ബ്രിട്ടനിലെ ആർ.എ.എഫ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിലുണ്ടായ സുരക്ഷാ വീഴ്‌ചയ്ക്ക് പിന്നിൽ ഇറാന്റെ പങ്കാളിത്തമുണ്ടെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേർണാമിൻ്റെ ആരോപണത്തിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നിട്ടുള്ളത്. ഇറാന് എതിരായ സൈനിക നീക്കങ്ങൾക്കായി അമേരിക്കൻ ബോംബർ വിമാനങ്ങൾ ഉപയോഗിച്ചിരുന്ന പ്രധാന താവളങ്ങളിലൊന്നായിരുന്നു ഫെയർഫോർഡ്. ഈ സംഭവവുമായി ബന്ധപ്പെട്ട് ലണ്ടൻ കോടതിയിൽ രണ്ട് പ്രതികൾ വിചാരണ നേരിടുകയും സുരക്ഷാ കാരണങ്ങളാൽ വ്യോമസേനാ താവളത്തിൽ നിന്നും വിമാനങ്ങൾ പിൻവലിക്കുകയും ചെയ്തിരുന്നു.

ഫെയർഫോർഡിലെ സംശയാസ്‌പദമായ പ്രവർത്തനങ്ങൾ ഇറാനിൽ നിന്ന് ഏകോപിപ്പിച്ചതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരോപിച്ചെങ്കിലും, ലണ്ടനിലെ ഇറാനിയൻ അംബാസഡർ ഈ വാദങ്ങൾ പൂർണമായും തള്ളിക്കളയുകയാണ് ഉണ്ടായത്. ബ്രിട്ടന്റെ ഈ നടപടികൾ തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും, പുതിയ പ്രഖ്യാപനത്തിലൂടെ ഉണ്ടാകുന്ന ഏത് പ്രത്യാഘാതങ്ങൾക്കും പൂർണ്ണ ഉത്തരവാദിത്തം ബ്രിട്ടീഷ് സർക്കാരിനായിരിക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ സംഭവ വികാസങ്ങൾ പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്.

രാജ്യാതിർത്തികൾ നോക്കാതെ തിരിച്ചടിക്ക് സജ്ജരാകാൻ ഇറാൻ സേനയോട് പരമോന്നത നേതാവ് മുജ്തബ ഖമനെയി

Send your news and Advertisements

You may also like

error: Content is protected !!