വാഷിങ്ടൺ: അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ചലസിന്റെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി മലയാളി വനിത നിത്യ രാമൻ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ മേയറായ കാരൻ ബാസിനെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ നിത്യ ഈ ചരിത്ര വിജയം സ്വന്തമാക്കിയത്. 51.1 ശതമാനം വോട്ടുകൾ നേടിയാണ് നാൽപത്തഞ്ചുകാരിയായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി നിത്യ, എതിരാളിയും നിലവിലെ മേയറുമായ കരേൻ ബാസിനെ പരാജയപ്പെടുത്തിയത്. കരേൻ ബാസിന് 48.33 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
നിത്യയുടെ അമ്മയുടെ നാട് തൃശൂരും അച്ഛൻ്റെ നാട് തിരുവനന്തപുരവുമാണ്. 1981 ൽ ആണ് നിത്യയുടെ ജനനം. അച്ഛൻ വെങ്കിട്ടരാമൻ തിരുവനന്തപുരം കെൽട്രോണിൽ എൻജിനീയറായിരുന്നു. തൃശൂരിൽ ജനിച്ചെങ്കിലും ആദ്യ രണ്ടര വർഷം തിരുവനന്തപുരത്തായിരുന്നു താമസം. വെങ്കിട്ടരാമൻ ഉന്നത പഠനത്തിന് അമേരിക്കയിലേക്കു പോയ സമയത്താണ് അമ്മയും മകളും തൃശൂരിലേക്ക് പോയത്. നടന നികേതനത്തിൽ പ്രവർത്തിച്ചിരുന്ന ഭാരതീയ വിദ്യാ ഭവനിലായിരുന്നു എൽ.കെ.ജി മുതൽ ഒന്നാം ക്ലാസുവരെ പഠനം. ആറാം വയസോടെ കുടുംബസമേതം അമേരിക്കയിലേക്കു പോയി. പിന്നെ ബിരുദത്തിന് ശേഷം നാല് വർഷം ഇന്ത്യയിൽ തങ്ങി. നൃത്തത്തോടുള്ള ഇഷ്ടമായിരുന്നു കാരണം. ചെന്നൈ കലാക്ഷേത്രയിൽ നിന്ന് ഭരതനാട്യം പഠിച്ചു.
ഹോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ വാലി ചന്ദ്രശേഖരനുമായുള്ള 2010 ലെ വിവാഹമാണ് ഇന്ത്യയിൽ നടന്ന മറ്റൊരു മുഹൂർത്തം. ബംഗളൂരുവിലായിരുന്നു അത്. ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജീവനക്കാരിയായിരുന്ന അമ്മ സുധ കേച്ചേരി, തൃശൂർ ശാഖകളിൽ ജോലി ചെയ്‌തിട്ടുണ്ട്. ഏക സഹോദരൻ ആകാശ് രാമൻ ന്യൂയോർക്കിൽ ഫിനാൻഷ്യൽ മേഖലയിലാണ്.
ലോസ് ആഞ്ചലസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദക്ഷിണേഷ്യൻ വംശജയായിരുന്നു നഗരസൂത്രക (Urban Planner) കൂടിയായ നിത്യ രാമൻ. ഭവനരഹിതരുടെ പുനരധിവാസം, കുറഞ്ഞ ചെലവിലുള്ള പാർപ്പിട നിർമ്മാണം തുടങ്ങിയ ജനകീയ വിഷയങ്ങൾ മുൻനിർത്തി നടത്തിയ പ്രവർത്തനങ്ങളാണ് നിത്യയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്.


