ന്യൂഡൽഹി: എൽ.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന 2025-ലെ കേരള സ്വകാര്യ സർവകലാശാലാ ബിൽ (Kerala Private Universities (Establishment and Regulation) Bill, 2025) പിൻവലിക്കാൻ രാഷ്ട്രപതി അനുമതി നൽകിയതോടെ അത് അസാധുവായി. സംസ്ഥാന സർക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് രാഷ്ട്രപതി അനുമതി നൽകിയത്.
2025 മാർച്ചിൽ നിയമസഭ പാസാക്കിയ ഈ ബിൽ അംഗീകാരത്തിനായി രാഷ്ട്രപതിയുടെ പരിഗണനയിലായിരുന്നു. നിലവിലുള്ള യു.ഡി.എഫ്. സർക്കാർ പുതിയ നിയമനിർമ്മാണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പഴയ ബിൽ പിൻവലിക്കാൻ തീരുമാനിച്ചത്. ഇതിനായി നിയമസഭ പ്രത്യേക പ്രമേയം പാസാക്കുകയും ഗവർണർ വഴി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകുകയുമായിരുന്നു.
പുതിയ യു.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ച കേരള നോളജ് വാലി (Kerala Knowledge Valley) പദ്ധതിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, കൂടുതൽ ഇളവുകളോടെയും ആധുനികമായ മാറ്റങ്ങളോടെയും ഉള്ള പുതിയൊരു സമഗ്ര നിയമനിർമ്മാണം കൊണ്ടുവരുന്നതിനാണ് ഈ ബിൽ പൂർണ്ണമായും പിൻവലിച്ചത്. മാത്രമല്ല പഴയ ബില്ലിൽ സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്കായി 40% സീറ്റുകൾ മാറ്റിവെക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, അഡ്മിഷനുകളിൽ ‘ഡൊമിസൈൽ’ (സ്ഥിരതാമസം) മാനദണ്ഡമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതിയുടെ ചില മുൻ വിധികൾ ചൂണ്ടിക്കാണിച്ച് നിയമസഭാ സബ്ജക്ട് കമ്മിറ്റി തന്നെ ഈ വ്യവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പ്രധാന കാമ്പസിന് പുറമെ സംസ്ഥാനത്ത് എവിടെയും സബ്-കാമ്പസുകളോ സ്റ്റഡി സെന്ററുകളോ തുടങ്ങി കോളേജുകളെ അഫിലിയേറ്റ് ചെയ്യാൻ പഴയ ബില്ലിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇത് യു.ജി.സി. ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി. അതുകൂടാതെ ബില്ലിൽ ഉണ്ടായിരുന്ന കടുത്ത വ്യവസ്ഥകൾ നിക്ഷേപകരെ അകറ്റുമെന്ന ഭയവും പുതിയ സർക്കാരിനുണ്ട്. സ്വകാര്യ സർവകലാശാല തുടങ്ങാൻ താല്പര്യപ്പെടുന്നവർ ട്രഷറിയിൽ 25 കോടി രൂപ സ്ഥിരനിക്ഷേപം നടത്തണമെന്നായിരുന്നു എൽ.ഡി.എഫ്. ബില്ലിലെ വ്യവസ്ഥ. ചുരുങ്ങിയത് 10 ഏക്കർ ഭൂമി വേണമെന്ന നിബന്ധനയുമുണ്ടായിരുന്നു. കേരളം പോലെ ഭൂമിക്ക് ഉയർന്ന വിലയുള്ള സംസ്ഥാനത്ത് ഈ കടുത്ത വ്യവസ്ഥകൾ വൻകിട വിദ്യാഭ്യാസ നിക്ഷേപകരെ ആകർഷിക്കുന്നതിന് തടസ്സമാകുമെന്ന് പുതിയ സർക്കാർ വിലയിരുത്തി.
പഴയ ബിൽ പ്രകാരം സർവകലാശാലയുടെ ഗവേണിംഗ് കൗൺസിൽ ഉൾപ്പെടെയുള്ള ഭരണസമിതികളിൽ സർക്കാർ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യാനുള്ള വ്യവസ്ഥകൾ ഉണ്ടായിരുന്നു. സ്വയംഭരണാധികാരം ആഗ്രഹിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരം അമിത സർക്കാർ ഇടപെടലുകളിൽ അതൃപ്തരായിരുന്നു.


