വാഷിങ്ടൺ: ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് നേരെ യുഎസ് സൈന്യം പരിമിതമായ തോതിൽ വ്യോമാക്രമണം നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഖ്വേഷം (Qeshm) ദ്വീപിലാണ് ഈ ആക്രമണം ഉണ്ടായത്. ഈ സൈനിക നടപടിയെ ഒരു ‘ചെറിയ ആക്രമണം’ (Minor strike) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഇറാൻ പുതുതായി നിർമ്മിച്ച ഒരു ആന്റി-എയർക്രാഫ്റ്റ് (വ്യോമപ്രതിരോധ) സംവിധാനമാണ് യുഎസ് തകർത്തത്. നിർമ്മാണം പൂർത്തിയായി മിനിറ്റുകൾക്കകം തന്നെ യുഎസ് സേന അത് തകർത്തതായും, 5 മുതൽ 15 മിനിറ്റുകൾ മാത്രമാണ് ഈ ഓപ്പറേഷനായി എടുത്തതെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു വശത്ത് ചെറിയ ആക്രമണങ്ങൾ നടക്കുമ്പോഴും, മറുവശത്ത് ഖത്തറിന്റെ മധ്യസ്ഥതയിൽ യുഎസും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി ട്രംപ് സ്ഥിരീകരിച്ചു.
തിങ്കളാഴ്ചയും യുഎസ് സൈന്യം ഇറാനിൽ ആക്രമണം നടത്തിയിരുന്നു. അന്ന് ഹോർമുസിലെ ഖ്വേഷം, ഹെൻഗാം ദ്വീപുകളിലും സമീപ പ്രദേശമായ ബന്ദർ അബ്ബാസിലും വൻ സ്ഫോടനങ്ങൾ നടന്നിരുന്നു.
5 എണ്ണക്കപ്പലുകൾക്കു നേരെ ഇറാൻ ആക്രമണം; പൗരന്മാരോട് ഇറാൻ യാത്ര ഒഴിവാക്കാൻ ആവിശ്യപ്പെട്ട് റഷ്യ.


