കെയ്റോ: ഈജിപ്റ്റിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 പേർ മരിക്കുകയും 112-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യതലസ്ഥാനമായ കെയ്‌റോയ്ക്ക് സമീപമുള്ള ഗിസ പ്രവിശ്യയിലെ അൽ-അയ്യാത്ത് മേഖലയിലാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്.
കെയ്‌റോയിൽ നിന്ന് അസ്വാനിലേക്ക് പോവുകയായിരുന്ന ട്രെയിൻ ട്രാക്കിൽ നിർത്തിയിട്ടിരുന്ന സമയത്ത്, ഗിസയിൽ നിന്ന് ഫയൂമിലേക്ക് വരികയായിരുന്ന മറ്റൊരു പാസഞ്ചർ ട്രെയിൻ ഇതിന്റെ പിൻഭാഗത്ത് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തിൽ ട്രെയിനുകളുടെ നിരവധി ബോഗികൾ പാളം തെറ്റുകയും തലകീഴായി മറിയുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ളവരുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്.
അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്താനും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കാനും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി ഉത്തരവിട്ടിട്ടുണ്ട്.


