ടെൽ അവീവ് / മോസ്കോ: മോസ്‌കോയ്ക്ക് സമീപമുള്ള ചകലോവ്സ്കി സൈനിക താവളത്തിൽ നിന്ന് പുറപ്പെട്ട, യു.എസ് ഉപരോധ പട്ടികയിലുള്ള റഷ്യൻ സൈനിക വിമാനം ഇസ്രായേലിലെ ബെൻ-ഗുരിയൻ വിമാനത്താവളത്തിൽ ഇറങ്ങി. ഇസ്രായേൽ മാധ്യമമായ ദി ജെറുസലേം പോസ്റ്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, റഷ്യൻ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ‘GRU’ മേധാവി അഡ്മിറൽ ഇഗോർ കോസ്റ്റ്യുകോവിന്റെ (Admiral Igor Kostyukov) നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.
റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള തുപോലേവ് ടി.യു-154എം (Tupolev Tu-154M) എന്ന വിമാനമാണ് ഇസ്രായേലിൽ എത്തിയത്. വാഗ്നർ ഗ്രൂപ്പിന് സൈനികരെയും ഉപകരണങ്ങളെയും എത്തിക്കാൻ സഹായിച്ചതിനെ തുടർന്ന് 2023 മുതൽ ഈ വിമാനം യു.എസിന്റെ ഉപരോധ പട്ടികയിലാണ്. ഇസ്രായേലിൽ എത്തിയ റഷ്യൻ സംഘം അവിടുത്തെ മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത യുദ്ധഭീഷണിക്കിടെ നടന്ന ഈ ചർച്ചകളുടെ യഥാർത്ഥ ലക്ഷ്യമോ അജണ്ടയോ ഇരുരാജ്യങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
മേഖലയിൽ ഇറാനും സിറിയയുമായി റഷ്യക്കുള്ള തന്ത്രപരമായ ബന്ധങ്ങൾക്കിടയിൽ, റഷ്യൻ രഹസ്യാന്വേഷണ തലവന്റെ ഈ പെട്ടെന്നുള്ള ഇസ്രായേൽ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഇസ്രായേലിലെ ചർച്ചകൾക്ക് ശേഷം തിങ്കളാഴ്ച ഈ വിമാനം യു.എ.ഇയിലെ അബുദാബിയിലേക്ക് തിരിച്ചു. അബുദാബിയിൽ യു.എസിന്റെ മധ്യസ്ഥതയിൽ നടക്കുന്ന റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളിൽ പങ്കെടുക്കാനാണ് ഈ സംഘം അങ്ങോട്ട് പോയതെന്നാണ് റിപ്പോർട്ടുകൾ.
റഷ്യൻ സൈനിക രഹസ്യാന്വേഷണ വിഭാഗം (GRU) മേധാവിയുടെ ഈ അപ്രതീക്ഷിത ഇസ്രായേൽ യാത്രയ്ക്ക് പിന്നിൽ പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങളും യുക്രെയ്ൻ സമാധാന ചർച്ചകളും ഉൾപ്പെടുന്ന വലിയ തന്ത്രപരമായ ലക്ഷ്യങ്ങളുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. റഷ്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം പുറമേക്ക് ശത്രുതയുടേതാണെന്ന് തോന്നാമെങ്കിലും, അണിയറയിൽ ഇരുരാജ്യങ്ങളും തമ്മിൽ സങ്കീർണ്ണവും എന്നാൽ തന്ത്രപരവുമായ ഒരു ‘രഹസ്യ’ നയതന്ത്രം നിലനിൽക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.


