വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക സമാധാന ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി വാഷിംഗ്ടണിലെത്തി. ഖത്തർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായുള്ള സമാധാന കരാറിലേക്ക് എത്തുന്നതിൽ ‘പോസിറ്റീവ് ആയ പുരോഗതി’ ഉണ്ടെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ചർച്ചകൾ മുന്നോട്ട് പോവുകയാണെങ്കിൽ ഇറാനെതിരെ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്താൻ സാധ്യത കുറവാണെന്നും അദ്ദേഹം അറിയിച്ചു.
യുഎസിനും ഇറാനും ഇടയിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്നത് ഖത്തറാണ്. കഴിഞ്ഞ ആഴ്ച ടെഹ്‌റാൻ സന്ദർശിച്ച് ഇറാന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷമാണ് ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്. ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ രണ്ട് ദിവസത്തെ ഒരു സമാധാന പദ്ധതി മുന്നോട്ട് വെച്ചിട്ടുണ്ട്. അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധവും സാമ്പത്തിക ഉപരോധങ്ങളും നീക്കുക, തുറമുഖങ്ങൾ തുറന്നു നൽകുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. ഇതിന് പകരമായി ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ മാറ്റാമെന്നും ആണവ പദ്ധതികളിൽ അന്താരാഷ്ട്ര പരിശോധന അനുവദിക്കാമെന്നും ഇറാൻ സമ്മതിച്ചിട്ടുണ്ട്.
ഇറാന്റെ ചില ആവശ്യങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിമർശിച്ചെങ്കിലും, നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനാണ് ട്രംപ് ഭരണകൂടം ഇപ്പോൾ ശ്രമിക്കുന്നത്. എങ്കിലും ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന മുന്നറിയിപ്പും യുഎസ് നൽകിയിട്ടുണ്ട്.
അതിനിടെ ഇറാനെതിരെ മൂന്നാമതൊരു ആക്രമണത്തിന് കൂടി സാധ്യതയുണ്ടെന്ന വിവരം അമേരിക്കൻ സെൻട്രൽ കമാൻഡ് ഇസ്രയേലിനെ ധരിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നു. പാലങ്ങൾ, പവർ പ്ലാന്റുകൾ എന്നിവ ആക്രമിക്കാൻ ഒരുക്കമെന്നാണ് വിവരം. കടൽ മാർഗ്ഗമുള്ള നാവിക ഉപരോധത്തിന് പുറമെ ഇറാനിലേക്കുള്ള ആയുധക്കടത്തും സാമ്പത്തിക സ്രോതസ്സുകളും തടയുന്നതിനായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) രൂപീകരിച്ച പുതിയ ലാൻഡ് ടാസ്‌ക് ഫോഴ്‌സ് പൂർണ്ണ സജ്ജമായതായി ട്രംപ് അറിയിച്ചു.
അതേസമയം യുഎസ് ഉപരോധങ്ങളും നാവിക ഉപരോധവും പൂർണ്ണമായി നീക്കാതെയും, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകാതെയും ശാശ്വതമായ സമാധാനം സാധ്യമല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും ആക്രമണമുണ്ടായാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരക്ചി വ്യക്തമാക്കി. യുദ്ധമുണ്ടായാൽ തീമഴ പെയ്യുമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
യുഎസ് കൂടുതൽ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറുന്നു എന്ന സൂചനകളെ തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ (Brent Crude) വലിയ ഇടിവ് രേഖപ്പെടുത്തി. നിലവിൽ എണ്ണവില ബാരലിന് 96 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. നയതന്ത്ര ചർച്ചകൾക്ക് ട്രംപ് ഭരണകൂടം കൂടുതൽ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും, ഇറാന്റെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ളവർ വിമുഖത കാണിക്കുന്നതിനാൽ ഒരു അന്തിമ ഉടമ്പടി ഉടൻ ഉണ്ടാകുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.


