പത്തനംതിട്ട: 41 ദിവസം നീളുന്ന ഈ വർഷത്തെ മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ (നവംബർ 16, തിങ്കളാഴ്ച) വൈകിട്ട് തുറക്കും. തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കുക. ഇതോടെ ഈ വർഷത്തെ മണ്ഡലകാല തീർഥാടനത്തിനായുള്ള ചടങ്ങുകൾക്ക് തുടക്കമാകും. വൃശ്ചികം ഒന്നിന് (നവംബർ 17, ചൊവ്വാഴ്ച) പുലർച്ചെ മുതൽ പതിവ് പൂജകളും നെയ്യഭിഷേകവും ആരംഭിക്കും.
നട തുറന്നതിന് പിന്നാലെ മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി തെളിക്കും. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ തുടർന്ന് സോപാനത്തേക്ക് ആനയിക്കും. ശബരിമല നിയുക്ത മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം നിയുക്ത മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയുമാണ് നിലവിലെ മേൽശാന്തി സോപാനത്തേക്ക് സ്വീകരിച്ചാനയിക്കുക.
തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെ സന്നിധാനത്തും തുടർന്ന് മാളികപ്പുറത്തും പുതിയ മേൽശാന്തിമാരുടെ അവരോധ ചടങ്ങുകൾ നടക്കും. ഇതോടെ മണ്ഡലകാലത്ത് ക്ഷേത്രങ്ങളുടെ പൂജാ ചുമതല പുതിയ മേൽശാന്തിമാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകും. നവംബർ 17-ന് വൃശ്ചികപ്പുലരിയിൽ പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാരാണ് സന്നിധാനത്തെയും മാളികപ്പുറത്തെയും നടകൾ തുറക്കുക. മണ്ഡലകാല പൂജകൾക്കും തീർഥാടനത്തിനും അന്ന് തുടക്കമാകും.
അയ്യപ്പദർശനത്തിനായി വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ വലിയ ഭക്തജനപ്രവാഹമാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രതിദിനം 80,000 തീർഥാടകർക്കാണ് ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തും പമ്പയിലും യോഗങ്ങൾ ചേർന്നിരുന്നു. ഈ യോഗങ്ങളിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ നടത്തേണ്ട ഒരുക്കങ്ങൾ ഏറക്കുറെ പൂർത്തിയായിട്ടുണ്ട്.
41 ദിവസത്തെ തീർഥാടനത്തിന് സമാപനം കുറിച്ച് ഡിസംബർ 27-ന് മണ്ഡലപൂജ നടക്കും. അന്ന് രാത്രി നട അടച്ച ശേഷം മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് വീണ്ടും തുറക്കും.
ശബരിമല തീർഥാടനം: മേഖലയിൽ മദ്യത്തിനും പുകയിലയ്‌ക്കും 2027 ജനുവരി 20 വരെ നിരോധനം.


