Friday, November 13, 2026
Home » റഷ്യയുടെ എണ്ണ കയറ്റുമതി കേന്ദ്രത്തിനും യുദ്ധക്കപ്പലിനും നേരെ യുക്രെയ്ന്റെ ആക്രമണം.
റഷ്യയുടെ എണ്ണ കയറ്റുമതി കേന്ദ്രത്തിനും യുദ്ധക്കപ്പലിനും നേരെ യുക്രെയ്ന്റെ ആക്രമണം.

റഷ്യയുടെ എണ്ണ കയറ്റുമതി കേന്ദ്രത്തിനും യുദ്ധക്കപ്പലിനും നേരെ യുക്രെയ്ന്റെ ആക്രമണം.

by Editor

ഹെൽസിങ്കി: ബാൾട്ടിക് കടലിലെ റഷ്യയുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഉസ്റ്റ്-ലുഗ (Ust-Luga) തുറമുഖത്തിനും ഫിൻലൻഡ് ഉൾക്കടലിലുണ്ടായിരുന്ന റഷ്യൻ യുദ്ധക്കപ്പലിനും നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം. ബുധനാഴ്ച പുലർച്ചെയാണ് യുക്രെയ്ൻ സുരക്ഷാ ഏജൻസിയായ എസ്.ബി.യു (SBU) ഈ സംയുക്ത നീക്കം നടത്തിയത്. ബാൾട്ടിക് കടലിൽ സാധാരണ കപ്പലുകൾ സഞ്ചരിക്കുന്ന പാതയിൽവെച്ച് റഷ്യൻ യുദ്ധക്കപ്പലിനുനേരെ യുക്രെയ്ൻ നടത്തുന്ന ആദ്യ ഡ്രോൺ ആക്രമണമാണിത്.

ഫിൻലൻഡ് ഉൾക്കടലിൽ സുർസാരി ദ്വീപിന് സമീപം വെച്ച് റഷ്യയുടെ നാരോ-ഫോമിൻസ്ക് (Naro-Fominsk) എന്ന കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായും കപ്പലിൽ പുക ഉയർന്നതായും ഫിൻലൻഡ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കലിബർ (Kalibr), ഒനിക്സ് (Oniks) ക്രൂയിസ് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ബുയാൻ-എം (Buyan-M) വിഭാഗത്തിൽപ്പെട്ട കപ്പലാണിത്. ആക്രമണത്തിന് പിന്നാലെ കപ്പൽ സെന്റ് പീറ്റേഴ്സ്ബർഗിലെ ക്രോൺസ്റ്റാഡ് (Kronstadt) നാവിക താവളത്തിലേക്ക് മടങ്ങി.

ഉസ്ത്-ലൂഗ എണ്ണ ടെർമിനലിലെ സംഭരണ ടാങ്കുകൾക്ക് രാത്രിയിൽ തീപിടിക്കുകയും തുറമുഖത്തെ തീയും പുകയും എസ്തോണിയൻ അതിർത്തിക്ക് അപ്പുറത്തുനിന്ന് വ്യക്തമായി കാണാൻ സാധിക്കുകയും ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റതായി പ്രാദേശിക ഗവർണർ അലക്സാണ്ടർ ഡ്രോസ്ഡെങ്കോ അറിയിച്ചു. റഷ്യയുടെ എണ്ണ വരുമാനം തടയുന്നതിന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് യുക്രെയ്ൻ സൈന്യം വ്യക്തമാക്കി.

ബാൾട്ടിക് കടലിലെ കപ്പൽ ഗതാഗതത്തിന് നിലവിൽ ഭീഷണിയില്ലെന്നും സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലിന വാൾട്ടോനെൻ വ്യക്തമാക്കി. അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. ഇതോടൊപ്പം സൈബീരിയയിലെ ഓംസ്ക് (Omsk) എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളിൽ യുദ്ധത്തടവുകാരെ കൈമാറാൻ ധാരണയായെങ്കിലും, വെടിനിർത്തലിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല. 2022-ൽ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധത്തടവുകാരുടെ കൈമാറ്റത്തിന് ഇരുരാജ്യങ്ങളും തത്വത്തിൽ സമ്മതിച്ചു. അടുത്ത ഘട്ട സമാധാന ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികളെയും ഉൾപ്പെടുത്താൻ അമേരിക്കൻ മധ്യസ്ഥരായ ജാറെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. യൂറോപ്പിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾക്കും വ്യക്തമായ പങ്കുണ്ടാകണമെന്ന യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുടെ ആവശ്യം ഇതോടെ അംഗീകരിക്കപ്പെട്ടതായി ബി ബി സി വ്യക്തമാക്കുന്നു.

ഇന്നലെ മോസ്കോയിൽ വെച്ച് അമേരിക്കൻ പ്രതിനിധികൾ പുട്ടിനുമായും, തുടർന്ന് ഡബ്ലിനിൽ വെച്ച് സെലെൻസ്കിയുമായും പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി. ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. റഷ്യ പിടിച്ചെടുത്ത നാല് യുക്രെയ്ൻ പ്രവിശ്യകളുടെ (ലുഹാൻസ്ക്, ഡൊനെറ്റ്സ്ക്, സപ്പോരിജിയ, ഖേർസൺ) പൂർണ്ണ നിയന്ത്രണം വിട്ടുനൽകണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പുട്ടിൻ ആവർത്തിച്ചു. എന്നാൽ, നിലവിലുള്ള യുദ്ധമുഖം അടിസ്ഥാനമാക്കി ചർച്ച നടത്താമെന്നും പ്രദേശങ്ങൾ വിട്ടുനൽകില്ലെന്നും യുക്രെയ്ൻ ഉറച്ച നിലപാടിലാണ്.

അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്‌നും തമ്മിൽ അബുദാബിയിൽ നടന്ന രണ്ട് ദിവസത്തെ ത്രികക്ഷി സമാധാന ചർച്ചകൾ അവസാനിച്ചു.

Send your news and Advertisements

You may also like

error: Content is protected !!