കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സിആർപിഎഫ് (CRPF) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ‘പാസ്ദാരൻ-ഇ-ഹുരിയത്ത് കശ്മീർ’ (Pasdaran-e-Hurriyat Kashmir) എന്ന പുതിയ സംഘടന ഏറ്റെടുത്തു. കശ്മീർ താഴ്‌വരയിലെ ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ സംഘടനയുടെ പേര് ആദ്യമായാണ് പുറത്തുവരുന്നത്. നവംബര്‍ 11-ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. കശ്മീര്‍ താഴ്വരയില്‍ ഇതുവരെ പൊതുശ്രദ്ധയില്‍പ്പെടാത്ത സംഘടനയുടെ പേരില്‍ ഇത്തരമൊരു അവകാശവാദം പുറത്തുവന്നത് സുരക്ഷാ ഏജന്‍സികള്‍ ഗൗരവത്തോടെയാണ് കാണുന്നത്.
ബുധനാഴ്ച (നവംബർ 11) ഉച്ചയ്ക്ക് 2:15-ഓടെ കുൽഗാം ജില്ലയിലെ മിർ ബസാറിന് സമീപമുള്ള നൗപോറ അഖ്‌റാൻ മേഖലയിലാണ് ആക്രമണമുണ്ടായത്. സിആർപിഎഫിന്റെ 46-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥർ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ചെക്ക്പോസ്റ്റിന് നേരെയാണ് അക്രമികൾ വെടിയുതിർത്തത്. വെടിവെപ്പിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഹെഡ് കോൺസ്റ്റബിൾ സോംവീർ സിംഗ്, കോൺസ്റ്റബിൾമാരായ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അനന്ത്‌നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ സന്തോഷ് ചന്ദ്രുവിന്റെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സിആർപിഎഫ് ഉദ്യോഗസ്ഥരെ ‘ഇന്ത്യൻ അധിനിവേശ സേനാംഗങ്ങൾ’ എന്ന് വിശേഷിപ്പിച്ച സംഘടന, വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിനെയും ആർഎസ്എസിനെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുമെന്നാണ് പ്രസ്‌താവനയിലെ മുന്നറിയിപ്പ്. കുൽഗാം ജില്ലയിൽ നടന്ന ആക്രമണത്തിലൂടെ ഭരണകൂടം ഉയർത്തിക്കാട്ടുന്ന സമാധാനത്തിൻ്റെ മുഖംമൂടി തകർക്കുമെന്നാണ് സംഘടനയുടെ അവകാശവാദം. തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും പ്രസ്‌താവനയിൽ പറയുന്നു.
15 സെക്കൻഡിനുള്ളിൽ ഏകദേശം 30 റൗണ്ട് വെടിയുതിർത്ത ശേഷം അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കുൽഗാം ജില്ലയിൽ സന്ദർശനം നടത്തുന്ന ദിവസമാണ് ഈ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം വളയുകയും അക്രമികൾക്കായി വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.


