ടെൽ അവീവ്: ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നെസെറ്റിലെ (Knesset) വിവാദ പ്രസംഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടിയുമായുള്ള സഖ്യ ചർച്ചകൾ പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട് റദ്ദാക്കി. പുതിയ സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
26-ാമത് നെസെറ്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ് യാഷർ (Yashar!) പാർട്ടി തലവൻ ഗാഡി ഐസൻകോട്ട് സഖ്യ ചർച്ചകൾ റദ്ദാക്കിയത്. നെതന്യാഹുവിന്റെ പാർലമെന്റിലെ പ്രസംഗം രാജ്യത്ത് ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്നതാണെന്ന് ഐസൻകോട്ട് കുറ്റപ്പെടുത്തി. ചടങ്ങിന്റെ പവിത്രതയെ നെതന്യാഹു ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഒരുമയേക്കാൾ സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനാണ് നെതന്യാഹു എപ്പോഴും മുൻഗണന നൽകുന്നതെന്നും, ഇസ്രായേൽ ജനതയെ അദ്ദേഹം വീണ്ടും പരിഹസിക്കുകയാണെന്നും യാഷർ പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യസർക്കാർ രൂപീകരണത്തിനായി എല്ലാ കക്ഷികളുമായും ചർച്ച നടത്താൻ ഐസൻകോട്ട് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലിക്കുഡ് പ്രതിനിധികളുമായി ഇന്ന് (ബുധനാഴ്ച) നടത്താനിരുന്ന കൂടിക്കാഴ്ചയാണ് ഇപ്പോൾ അടിയന്തിരമായി റദ്ദാക്കിയത്. തിരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും കേവലഭൂരിപക്ഷമായ 61 സീറ്റുകൾ ലഭിക്കാത്ത പശ്ചാത്തലത്തിൽ, ഇസ്രായേലിലെ സർക്കാർ രൂപീകരണ ചർച്ചകൾ ഇപ്പോൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇസ്രായേലിലെ അറബ് രാഷ്ട്രീയ പാർട്ടികളായ ‘റാം’ (Ra’am), ‘ജോയിന്റ് ലിസ്റ്റ്’ (Joint List) എന്നിവയുമായി ചേർന്ന് പ്രതിപക്ഷം സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നതിനെ നെതന്യാഹു കടുത്ത ഭാഷയിൽ വിമർശിച്ചു. ഈ പാർട്ടികൾ ഇസ്രായേൽ ഒരു ജൂത രാഷ്ട്രമായി നിലനിൽക്കുന്നതിനെ എതിർക്കുന്നവരാണെന്നും, “ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരും ഇസ്രായേലിന്റെ ശത്രുക്കളുമായ” ഇവരുടെ പിന്തുണയോടെയുള്ള ഒരു ദുർബല സർക്കാരിനെ ആശ്രയിക്കാൻ രാജ്യത്തിന് കഴിയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇറാനിൽ നിന്നുള്ള ആണവ ഭീഷണിയെ നേരിടാൻ മറ്റ് രാഷ്ട്രീയ പരിഗണനകൾ മാറ്റിവെച്ച് തന്റെ നേതൃത്വത്തിൽ ഒരു ‘ദേശീയ ഐക്യ സർക്കാർ’ രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഐസൻകോട്ടിന്റെ ഈ തീരുമാനത്തോട് ലിക്കുഡ് പാർട്ടി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. രാജ്യത്ത് ഒരു ഐക്യസർക്കാർ രൂപീകരിക്കാൻ നെതന്യാഹു സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അവർ അറിയിച്ചു. അതേസമയം, ദേശീയഗാനം ആലപിച്ചപ്പോൾ പാർലമെന്റിൽ നിന്നും ഇറങ്ങിപ്പോയ അറബ് പാർട്ടികളുമായി ഐസൻകോട്ട് ചർച്ച തുടരുകയും, തങ്ങളുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുകയും ചെയ്തത് വിചിത്രമാണെന്ന് ലിക്കുഡ് കുറ്റപ്പെടുത്തി.


