ഡാർവിൻ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യാ പസഫിക് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തയുടെ എപ്പിസ്‌കോപ്പൽ സന്ദർശനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിനിൽ സന്ദർശനം നടത്തി.
സന്ദർശനത്തോടനുബന്ധിച്ച് ഓസ്‌ട്രേലിയയിലെ പ്രഥമ മലയാളി മന്ത്രിയും നോർത്തേൺ ടെറിട്ടറി മന്ത്രിയുമായ ശ്രീ. ജിൻസൺ ആന്റോ ചാൾസ് മെത്രാപ്പോലീത്തയെ പാർലമെന്റ് മന്ദിരത്തിൽ സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സഭയുടെ പ്രവർത്തനങ്ങൾ, ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യവും സംഭാവനകളും, പ്രവാസി സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങൾ പരാമർശിക്കപ്പെട്ടു.
ഓസ്‌ട്രേലിയൻ പൊതുസമൂഹത്തിലും ഭരണരംഗത്തും മലയാളികൾ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളുടെ ശ്രദ്ധേയമായ ഉദാഹരണമാണ് ശ്രീ. ജിൻസൺ ആന്റോ ചാൾസിന്റെ മന്ത്രിപദവി. ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് സഭാംഗങ്ങൾക്കും അഭിമാനകരമായ ഈ കൂടിക്കാഴ്ച, സഭയും പ്രവാസി സമൂഹവും പൊതുസമൂഹവും തമ്മിലുള്ള സൗഹൃദബന്ധങ്ങളുടെ പ്രാധാന്യം കൂടുതൽ എടുത്തുകാട്ടുന്നതായി. കൂടിക്കാഴ്ചയിൽ ഏഷ്യാ പസഫിക് ഭദ്രാസന കൗൺസിൽ അംഗം ഫാ. ജാക്സ് ജേക്കബും സന്നിഹിതനായിരുന്നു.
ഭദ്രാസനത്തിന്റെ ആത്മീയവും അജപാലനപരവുമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിവിധ രാജ്യങ്ങളിലുള്ള ഇടവകകളും വിശ്വാസികളുമായി നേരിട്ട് ബന്ധപ്പെടുന്നതിനും ലക്ഷ്യമിട്ടുള്ള എപ്പിസ്‌കോപ്പൽ സന്ദർശനത്തിന്റെ ഭാഗമായി ഡാർവിനിലെ ഈ കൂടിക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ഡാർവിൻ സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ എത്തിയ അഭിവന്ദ്യ മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് ഡാർവിൻ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയം സന്ദർശിക്കുകയും വികാരി ഫാദർ ക്രിസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.


