Friday, November 20, 2026
Home » അരിയിൽ ഷുക്കൂർ വധക്കേസ്: 7 പ്രതികൾക്ക് ജീവപര്യന്തം; 6 പേർക്ക് ജാമ്യം; 18 പേരെ കോടതി വെറുതെ വിട്ടു.
അരിയിൽ ഷുക്കൂർ വധക്കേസ്: 7 പ്രതികൾക്ക് ജീവപര്യന്തം; 6 പേർക്ക് ജാമ്യം; 18 പേരെ കോടതി വെറുതെ വിട്ടു.

അരിയിൽ ഷുക്കൂർ വധക്കേസ്: 7 പ്രതികൾക്ക് ജീവപര്യന്തം; 6 പേർക്ക് ജാമ്യം; 18 പേരെ കോടതി വെറുതെ വിട്ടു.

by Editor

കൊച്ചി: 2012-ലെ കണ്ണൂർ അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി 7 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ആകെ 33 പ്രതികളുണ്ടായിരുന്ന കേസിൽ വിചാരണയ്ക്കിടെ 2 പേർ മരണപ്പെടുകയും, ബാക്കിയുള്ള 31 പേരിൽ 13 പേരെ കുറ്റക്കാരായി കണ്ടെത്തുകയും 18 പേരെ വെറുതെ വിടുകയുമായിരുന്നു. ഇതില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. മറ്റ് ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

കൊലക്കുറ്റം തെളിഞ്ഞ ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി എ വി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ പി ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിച്ച മറ്റ് പ്രതികളായ രാധാകൃഷ്ണൻ-പതിനാലാം പ്രതി, സജിത്- പതിനാറാം പ്രതി, വി.വി.മോഹനൻ- ഇരുപത്തിയഞ്ചാം പ്രതി, പുരുഷോത്തമൻ- ഇരുപത്തിയാറാം പ്രതി, അജിത് കുമാർ- ഇരുപത്തിയേഴാം പ്രതി, ഇരുപത്തിയെട്ടാം പ്രതി പി.പി.സുരേശൻ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിലയിരുത്തി 18 പേരെ കോടതി കുറ്റവിമുക്തരാക്കി. കേസിലെ 32-ാം പ്രതിയായ സിപിഎം നേതാവ് പി. ജയരാജൻ, 33-ാം പ്രതിയായ മുൻ എംഎൽഎ ടി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 18 പേരെയാണ് കോടതി വെറുതെ വിട്ടത്.

2012 ഫെബ്രുവരി 20നാണ് കണ്ണൂർ കീഴറ വള്ളുവൻ കടവിൽ വച്ച് 18 വയസ്സുകാരനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് സിബിഐ കണ്ടെത്തിയത്. ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടര മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ ഉറപ്പുവരുത്തിയ ശേഷമാണ് സ്വന്തം നിലയിൽ ‘വിചാരണ’ നടത്തി കൊലപ്പെടുത്തിയത് എന്നുമാണ് കേസ്.

Send your news and Advertisements

You may also like

error: Content is protected !!