Friday, November 20, 2026
Home » റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ ഭരണകൂടം വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി
റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ ഭരണകൂടം വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി

റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ ഭരണകൂടം വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി

by Editor

ഹേഗ്: ഇന്നലെ (നവംബർ 19-ന്) പുറപ്പെടുവിച്ച ചരിത്രപ്രധാനമായ വിധിയിൽ, റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ ഭരണകൂടം വംശഹത്യ നടത്തിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) കണ്ടെത്തി. ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിപീഠമായ ഐസിജെയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാജ്യത്തെ വംശഹത്യയ്ക്ക് നേരിട്ട് കുറ്റക്കാരായി കണ്ടെത്തുന്നത്.

15 ജഡ്ജിമാരടങ്ങുന്ന ബെഞ്ചിൽ 9-6 എന്ന ഭൂരിപക്ഷത്തിലാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. 2017-ൽ വടക്കൻ റാഖൈൻ പ്രവിശ്യയിൽ മ്യാൻമർ സൈന്യം നടത്തിയ ‘ക്ലിയറൻസ് ഓപ്പറേഷൻസ്’ റോഹിംഗ്യൻ ജനതയെ ഉന്മൂലനം ചെയ്യുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് കോടതി അധ്യക്ഷൻ ജസ്റ്റിസ് യുജി ഇവസാവ വ്യക്തമാക്കി.

സൈനിക നടപടിക്കിടെ ഏകദേശം 10,000-ത്തോളം റോഹിംഗ്യൻ പൗരന്മാർ കൊല്ലപ്പെട്ടതായും 7 ലക്ഷത്തിലധികം ആളുകൾ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായതായും റിപ്പോർട്ടുകൾ ഉദ്ധരിച്ച് കോടതി വിലയിരുത്തി. കൂട്ടക്കൊലകൾ, സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ വ്യാപകമായ ലൈംഗികാതിക്രമങ്ങൾ, കുട്ടികളെ കൊലപ്പെടുത്തൽ, ഗ്രാമങ്ങൾ തീയിട്ട് നശിപ്പിക്കൽ എന്നിവ നടന്നതായി കോടതി സ്ഥിരീകരിച്ചു.

1948-ലെ വംശഹത്യ തടയൽ കൺവെൻഷനിലെ ആർട്ടിക്കിൾ II പ്രകാരം നിരോധിക്കപ്പെട്ട കുറ്റകൃത്യങ്ങൾ മ്യാൻമർ സൈന്യം ചെയ്തതായും, വംശഹത്യ തടയുന്നതിലും കുറ്റക്കാരെ ശിക്ഷിക്കുന്നതിലും മ്യാൻമർ പരാജയപ്പെട്ടതായും കോടതി കണ്ടെത്തി. തെളിവുകൾ നശിപ്പിക്കാൻ മ്യാൻമർ ശ്രമിച്ചതായും കോടതി നിരീക്ഷിച്ചു. അതിക്രമങ്ങളിൽ പങ്കാളികളായ എല്ലാവർക്കുമെതിരെ ഉടൻ അന്വേഷണം നടത്താനും കുറ്റക്കാരെ വിചാരണ ചെയ്ത് ശിക്ഷിക്കാനും കോടതി ഉത്തരവിട്ടു.

റോഹിംഗ്യൻ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്ന മ്യാൻമറിന്റെ വാദം കോടതി തള്ളി. സ്വന്തമായി ഭാഷയും സംസ്കാരവുമുള്ള, സംരക്ഷിക്കപ്പെടേണ്ട വിഭാഗമാണ് റോഹിംഗ്യകളെന്ന് കോടതി പറഞ്ഞു. ബുൾഡോസർ ഉപയോഗിച്ച് വീടുകൾ ഇടിച്ചുനിരത്തിയും മൃതദേഹങ്ങൾ കത്തിച്ചും മ്യാൻമർ വ്യാപകമായി തെളിവുകൾ നശിപ്പിച്ചു. ഇരകളായ റോഹിംഗ്യകൾക്ക് മ്യാൻമർ നഷ്ടപരിഹാരം നൽകണം. പലായനം ചെയ്യപ്പെട്ട റോഹിംഗ്യൻ അഭയാർത്ഥികൾക്ക് സുരക്ഷിതമായും അന്തസ്സോടെയും സ്വന്തം നാട്ടിലേക്ക് മടങ്ങിവരാനും കുടുംബങ്ങളുമായി ഒന്നിക്കാനുമുള്ള സാഹചര്യം മ്യാൻമർ ഒരുക്കണം. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കില്ലെന്ന് മ്യാൻമർ ഉറപ്പ് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ (OIC) പിന്തുണയോടെ ആഫ്രിക്കൻ രാജ്യമായ ഗാംബിയ 2019 നവംബറിലാണ് മ്യാൻമറിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, മാലദ്വീപ് തുടങ്ങി 11 രാജ്യങ്ങൾ ഗാംബിയയ്ക്ക് പിന്തുണയുമായി കേസിൽ കക്ഷി ചേർന്നിരുന്നു.

ഐസിജെയുടെ വിധി അന്തിമവും നിയമപരമായി ബാധകവുമാണ് (അപ്പീൽ സാധ്യമല്ല). എങ്കിലും, വിധി നടപ്പിലാക്കാൻ കോടതിക്ക് നേരിട്ട് സൈനികമോ പോലീസ് അധികാരമോ ഇല്ലാത്തതിനാൽ, മ്യാൻമർ ഇത് ലംഘിക്കുകയാണെങ്കിൽ വിഷയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന് (UN Security Council) മുന്നിലെത്തും. കൂടാതെ, വ്യക്തികൾക്കെതിരായ ക്രിമിനൽ നടപടികൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ICC) പരിധിയിലാണ് വരുന്നത്

Send your news and Advertisements

You may also like

error: Content is protected !!