കാശ്മീർ: പഹൽഗാം ഭീകരാക്രമണത്തിലെ അവസാന മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കൊടുംഭീകരനുമായ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസയെ ഇന്ത്യൻ സുരക്ഷാസേന വധിച്ചു. ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുള്ള യോഷ്മാർഗ് മേഖലയിലെ പാൽമൈദാൻ പ്രദേശത്ത് നടന്ന ശക്തമായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി സുരക്ഷാസേന ആരംഭിച്ച ‘ഓപ്പറേഷൻ കോറാഗ്’ എന്ന പ്രത്യേക തെരച്ചിൽ ഓപ്പറേഷനിടയിലാണ് ഭീകരൻ സേനയ്ക്ക് നേരെ വെടിയുതിർത്തത്. തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ ഇന്ന് പുലർച്ചെയോടെ മൂസയുടെ മരണം സ്ഥിരീകരിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച നാല് ഭീകരരിൽ ആദ്യ രണ്ട് പേരെ ‘ഓപ്പറേഷൻ മഹാദേവ’യിലൂടെയും, മൂന്നാമനെ പിന്നീട് ബദ്ഗാമിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിലും വധിച്ചിരുന്നു. ഹാഷിം മൂസയുടെ മരണത്തോടെ ഈ ആക്രമണത്തിലെ മുഴുവൻ ഭീകരരെയും സേന വധിച്ചു.
കൊല്ലപ്പെട്ട മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസ (സുലൈമാൻ ഷാ / മൂസ ഫൗജി) പാക്കിസ്ഥാൻ ആർമിയുടെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിലെ (SSG) മുൻ പാരാ കമാൻഡോ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ഇയാൾ ലഷ്‌കർ-ഇ-തൊയ്ബയിൽ (LeT) ചേരുകയും 2023 സെപ്റ്റംബറോടെ ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കുകയുമായിരുന്നു. കശ്മീരിലെ പിർ പഞ്ചാൽ മേഖലയിലെ കാടുകൾ കേന്ദ്രീകരിച്ച് ഒളിപ്പോര് നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഇയാളെ കണ്ടെത്താൻ ജമ്മു കശ്മീർ പോലീസ് 20 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലെ ബൈസരൻ പ്രദേശത്ത് വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനായിരുന്നു മൂസ. ബദ്ഗാം ജില്ലയിലെ യുസ്മാർഗ് മേഖലയിലുള്ള ഗോപാല്പോര / പാൽമൈദാൻ വനപ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ആർമി, ജമ്മു കശ്മീർ പോലീസ്, സി.ആർ.പി.എഫ് (CRPF) എന്നിവർ ചേർന്ന് ‘ഓപ്പറേഷൻ കോറാഗ്’ എന്ന സംയുക്ത തിരച്ചിൽ ആരംഭിച്ചത്. പുലർച്ചെയോടെ സുരക്ഷാ സേനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ പ്രത്യാക്രമണത്തിലാണ് മൂസയെ സൈന്യം വധിച്ചത്.
സെപ്റ്റംബർ 5-ന് യുസ്മാർഗ് കുന്നുകളിൽ വെച്ചുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ മൂസയുടെ അടുത്ത സഹായിയായ യാസിർ എന്ന പാക് ഭീകരനെ സൈന്യം വധിച്ചിരുന്നു. എന്നാൽ അന്ന് അവിടെനിന്ന് രക്ഷപ്പെട്ട മൂസയെ പിന്തുടർന്ന് നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് ഇപ്പോൾ സൈന്യം ഇയാളെ വധിച്ചത്. ഈ ആക്രമണത്തിൽ പങ്കാളികളായ മറ്റ് രണ്ട് ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, അലി ഭായ് എന്നിവരെ നേരത്തെ തന്നെ സുരക്ഷാസേന വധിച്ചിരുന്നു. ഹാഷിം മൂസയുടെ മരണത്തോടെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന കണ്ണികളെല്ലാം പൂർണ്ണമായും ഇല്ലാതായതായി സുരക്ഷാ സേന വ്യക്തമാക്കി.

