എല്ലാവർഷവും സ്‌കൂൾ അടയ്ക്കുമ്പോൾ, ഒരു രണ്ടാഴ്ചക്കാലം ഞങ്ങൾ, ഞാനും അനിയത്തിയും അട്ടച്ചാക്കലെ വല്യമ്മാവന്റെ, വീട്ടിൽപ്പോയിനിൽക്കും. ഞങ്ങളെ കൊണ്ടുവിട്ടിട്ട് രണ്ടു ദിവസം അവിടെ നിന്നിട്ടേ അമ്മ തിരിച്ചുപോരൂ. അമ്മയ്ക്കതു സ്വന്തം വീടുതന്നെയാണ്… വളർന്നതവിടെ, ആറേഴു ക്‌ളാസുവരെ പഠിച്ചതും, ആ വീട്ടീന്നു നേരെ നോക്കുമ്പോൾ കാണുന്ന പളളിവക സ്‌കൂളിൽ.!.
പേരുംപെരുമയുമുളള പുരാതന തറവാടാണ് ‘കണ്ണമ്മല‘. ഒരുപാടു മുറികളുളള ഓടിട്ട വീട്ടിൽ വല്യമ്മാവന്റെ ഒൻപതു മക്കളോടൊപ്പം അമ്മയും വളർന്നു. അവരഞ്ചാണുങ്ങളും നാലുപെണ്ണുങ്ങളും. ഒൻപതുപേരും തമ്മിൽ ഒന്നോ ഒന്നരയോ വയസ്സിനു കഷ്ടി ഇളപ്പമേ കാണൂ.
തിരുവയറൊഴിഞ്ഞു നേരമില്ലെന്നു പറയുമ്പോലെയായിരുന്നു അമ്മായീടെ കാര്യം. പ്രസവിച്ചുകൊണ്ടേയിരുന്നു.. പതിനാലു പ്രസവങ്ങൾ.. അതിൽ അഞ്ചുപേരും ബാലാരിഷ്ടകൾ പിന്നിടാൻപോലും കാത്തുനില്ക്കാതെ മരിച്ചു പോയി.. അഞ്ചു തടിമുണ്ടന്മാർക്കിളയവരാണ് നാലുപെണ്ണുങ്ങൾ..
അഞ്ചാറേക്കറോളം വരുന്ന പുരയിടത്തിന്റെ തുടക്കത്തിൽതന്നെയാണ് തറവാട് നില്ക്കുന്നത്. ഗ്രാമത്തിന്റ ഒഴിഞ്ഞമൂല.. വിളിച്ചാൽകേൾക്കുന്ന അകലത്തിൽ അയൽപക്കമില്ല.. നേരെ മുന്നിലെ റോഡിനോടു ചേർന്ന് പളളിയും പളളിവക സ്‌കൂളും.. പഠിത്തമുളള ദിവസങ്ങളിൽ ഒച്ചയും ബഹളവും കൂടിക്കുഴഞ്ഞ ഇരമ്പലാണ്. വീടിനകത്തും പുറത്തും. പഠിത്തമില്ലാത്തപ്പോൾ ഇല താഴെവീണാലും കേൾക്കുന്നത്ര നിശ്ശബ്ദതയും.. പിന്നാമ്പുറത്തെ പറമ്പിന്റെ അതിര് അച്ചൻകോവിലാറ്റിലേക്കു വായ തുറന്നു വെച്ചിരിക്കുന്ന വീതി കുറഞ്ഞ് ആഴമുള്ള കൈത്തോടാണ്. വലിയ പാറക്കുളവും കല്ലുവെട്ടാംകുഴിയും മുളങ്കാടും തിങ്ങിനിറഞ്ഞ് വൻമരങ്ങളും നടുവിലായി കുറച്ചു കൃഷിയിടങ്ങളും.. ദൂരക്കാഴ്ച ഒരു ചെറിയ വനത്തിന്റെ പ്രതീതിയുളവാക്കും.
സൂര്യനെ എത്തിനോക്കാൻ സമ്മതിപ്പിക്കാത്ത കനത്ത പച്ചപ്പിന്റെ മേൽക്കൂര..! കാവിനുളളിലെ കൽവിളക്കിൽ വിശേഷദിവസങ്ങളിൽ മാത്രം തിരിവെക്കുന്നത് വല്യമ്മാവനാണ്. മറ്റാരും ആഭാഗത്തേക്കേ ചെല്ലാറില്ല.. ഇവിടെ കാലുകുത്തി, ഈ മണ്ണു സ്വന്തമാക്കിയ, മൂന്നുതലമുറയ്ക്കു മുമ്പുള്ള കാർന്നോമ്മാർ ഏറുമാടങ്ങളുണ്ടാക്കി അതിലായിരുന്നത്രേ താമസിച്ചിരുന്നത്.. കാട്ടുമൃഗങ്ങൾ നിർബ്ബാധം വിഹരിച്ചു നടന്ന ഭൂമി.. അന്ന് അവരുടെയൊരു പണിക്കാരനെ പുലി ആക്രമിച്ചിട്ടുണ്ടുപോലും..
പുലിയുടെ വായിൽനിന്നു ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ട അയാളുടെ യഥാർത്ഥപേര് മറ്റുളളവർ മറന്നുപോകുകയും പുലിപ്പാതിയെന്ന ഓമനപ്പേർ നീണാൾ വാഴുകയും ചെയ്തുവത്രേ….!
ഇവിടുന്ന് മൂന്നുകിലോമീറ്ററോളം ദൂരമുളള പുഴയിലേക്ക് വെള്ളം കുടിക്കാൻ പോകുന്ന കാട്ടാനകളുടെ സഞ്ചാരപാത ഇതായിരുന്നു. ഈ നാട്ടിൽ ഇത്രയധികം ഭൂമി മറ്റാർക്കെങ്കിലുമുണ്ടോയെന്തോ ഇപ്പോൾ ഇവിടമൊരു ജന നിബിഢ ഉൾനാടൻ ഗ്രാമമായി മാറിയിട്ടുണ്ട്.. നാട്ടിലെ ഒരു വലിയ ഭൂവുടമ.. കുമാരുവൈദ്യർ. ‘കരടിവൈദ്യരെ‘ന്നും നാട്ടുകാർ രഹസ്യമായി വിളിക്കും.. ദേഹംമുഴുവൻ കറുത്ത് കട്ടിയുളള രോമമാണ്. ഷർട്ട് ഇടുന്നത് അപൂർവ്വമായിട്ടു മാത്രം.. വൈദ്യരെന്നത് കണ്ണമ്മലത്തറവാടിനു കല്പിച്ചുകിട്ടിയ സ്ഥാനപ്പേരാണ്..
തലമുറകൾക്കപ്പുറം പേരുകേട്ട നാട്ടുവൈദ്യന്മാർ ഉണ്ടായിരുന്ന തറവാട്… ഇപ്പോഴും ഇവിടുത്തെ സാധാരണക്കാരായ ആളുകൾ, വല്ല ഉളുക്കോ വെലങ്ങോ, ഒക്കെയുണ്ടായാൽ എണ്ണയും കുഴമ്പുമായിട്ടുവരും, കുമാരു വൈദ്യരെക്കൊണ്ടു തടവിക്കാൻ. വൈദ്യർകൈപ്പുണ്യം പരമ്പരതോറും നിലനില്ക്കുമെന്ന അന്ധവിശ്വാസം.!
കരഭൂമിയിൽ നെൽക്കൃഷി നടത്തി പറ കണക്കിനു നെല്ലുവിളയിക്കുമായിരുന്ന ചരിത്രമുണ്ടായിരുന്നു തറവാടിന്. സ്ഥിരം കരിമ്പിൻകാടാണ് പറമ്പിന്റെ ഒരുഭാഗം മുഴുവൻ.. അതിരറ്റത്തുളള കുറ്റിക്കാട്ടിൽ കുറുനരികളുണ്ട്.. പകലൊന്നും യാതൊരനക്കവുമില്ല. രാത്രിയായാൽ അവറ്റകളുടെ ഓലിയിടീൽ മറ്റു ശബ്ദങ്ങളെ അവഗണിച്ച് രാവിന്റെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ടിരിക്കും..
കരിമ്പിൻകാട്ടിലെ, പകലുകളിൽ ഇണചേരുന്ന മൂർഖൻപാമ്പുകളുടെ ശീൽക്കാരം കെൾക്കാം.. ഏറെ ഉയരത്തിൽ കെട്ടുപിണഞ്ഞ് ഏറെനേരം മാറാടുന്ന കാഴ്ച..! കല്ലെടുത്തെറിഞ്ഞ് ഇണപിരിയ്ക്കാൻ നോക്കിയിട്ടുണ്ട്.
‘പാമ്പിന് അടങ്ങാത്ത പകയാണ്.. എത്രകാലം കഴിഞ്ഞാലും തീരാത്ത പക…. ഓർത്തുവച്ചിരിക്കും.. പകവീട്ടും.’ അമ്മായി പേടിപ്പിക്കും..
അമ്മായിക്ക് അടുക്കളേന്നിറങ്ങാൻ നേരമില്ല.. കുടുംബവീടായതുകൊണ്ട് വിരുന്നുകാരൊഴിഞ്ഞ നേരവുമില്ല…. എരുത്തിലിൽ എന്നുമുണ്ടാവും ചനനെറഞ്ഞു നില്ക്കുന്ന പശുക്കൾ. കറവയ്ക്കും കാണും കുറഞ്ഞതു രണ്ടെണ്ണം.. പുറംജോലിക്കാരുണ്ട്. അവർക്കും ഭക്ഷണമുണ്ടാക്കണം..
സ്‌നേഹനിധിയായിരുന്നു അമ്മായി.. പരാതിയും പരിഭവവുമൊന്നുമില്ലാതെ വെച്ചും വിളമ്പിയും മക്കളെ വളർത്തിയും സ്വന്തം ആരോഗ്യത്തേക്കുറിച്ച് വ്യാകുലപ്പെടാതെ..!
പറമ്പിന്റെ തെക്കേവശത്ത് പാറപ്പുറത്ത്.. കപ്പ, പച്ചയ്ക്കും വാട്ടിയുമൊക്കെ ഉണങ്ങാനിടും.. മഴയുടെ ലക്ഷണമൊന്നുമില്ലെങ്കിൽ ഉണങ്ങിത്തീരുന്നതുവരെ വെയിലും മഞ്ഞുംകൊണ്ട് അതവിടെക്കിടക്കും. ചാക്കിൽക്കെട്ടി തട്ടുമ്പുറത്ത് അട്ടിയട്ടിയായി സൂക്ഷിക്കാൻ.. വറുതി കഴിഞ്ഞുളള മഴക്കാലത്തേ പിന്നെയത് താഴെയിറക്കൂ…
വാഹനങ്ങളോടുന്ന റോഡ് വീട്ടിൽനിന്നു നോക്കുമ്പോൾ അങ്ങു താഴെയാണ്…
ഇറക്കമിറങ്ങിച്ചെല്ലണം. കാട്ടുകല്ലുകളും മണ്ണും പാറയുമൊക്കെ നിരത്തിയുണ്ടാക്കിയ റോഡ് സ്‌കൂളിലേക്കും പളളിയിലേക്കും മാത്രമുളളതായിരുന്നു. സ്‌കൂളുകഴിഞ്ഞ് നലഞ്ചുവീട് അവസാനിക്കുന്നിടത്ത് റോഡ് അവസാനിക്കും. അതു കഴിഞ്ഞ് സർക്കാർവക തേക്കുകൂപ്പാണ്. അങ്ങോട്ടുപോകാൻ അപ്പുറത്താണു വഴി.
സ്‌കൂളിനുവേണ്ടി വല്യമ്മാവന്റെ കുറച്ചു സ്ഥലം പളളിക്കാരു കയ്യേറിയിട്ടുണ്ടുപോലും. യു.പി സ്‌കൂൾ ഹൈസ്‌ക്കൂളാക്കാൻ പോകുന്നെന്ന് മുക്കിനിറങ്ങിയപ്പോൾ ആരോ പറയുന്നതു കേട്ടതുമുതൽ വല്യമ്മാവന് ഇരിക്കപ്പൊറുതിയില്ലാതായി..
പരവേശം.. വെപ്രാളം… ‘ഇപ്പോൾത്തന്നെ ആവശ്യത്തിലധികം കയ്യേറിയിട്ടുണ്ട്.. ഇനി ഒരു തുണ്ടുപോലും പറ്റില്ല..’ ഏതുനേരവും ഇതുതന്നെ പറച്ചിൽ..
”കാടും പടലുമൊക്കെയായി തോനയുണ്ടല്ലോ.. അതീന്നു കൊറച്ചു കയ്യേറിക്കോട്ടെയപ്പാ..”
മക്കൾ അപ്പനെ എളക്കാൻവേണ്ടി പറയും..
‘നീയൊക്കെ അവന്മാരുടെ പക്ഷം നിന്നോടാ… കഷ്ടപ്പെട്ടുണ്ടാക്കിയ മൊതലാ..’
തറവാടിന്റെ പ്രൗഢിയും പാരമ്പര്യവും കാർന്നോമ്മാരുടെ കഷ്ടപ്പാടിന്റെ കഥകളും തന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കും വല്യമ്മാവൻ..
പള്ളിക്കാരേം പഞ്ചായത്തു കാരേമൊക്കെ പോയിക്കണ്ടു..
”എന്റെ സ്ഥലമെടുക്കരുതേ..” കൈകൂപ്പി…
“വൈദ്യരുടെ ഒരു തുണ്ടുഭൂമിപോലും ആരുമെടുക്കില്ല..”
അവർ ഉറപ്പുകൊടുത്തു.. എന്നിട്ടും.. സമാധാനമായില്ല.. കാലുവെന്ത നായയേപ്പോലെ മുറ്റത്തൂടേം പറമ്പിക്കൂടേം തേരാപ്പാരാ നടക്കും.. രാത്രിയിൽ ഉറക്കമില്ല.. എഴുന്നേറ്റങ്ങനെ നടക്കും.. എപ്പഴും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്..
‘ഈ മനുഷ്യനു പ്രാന്തു പിടിച്ചോ….’ അമ്മായിക്കു സംശയം..
പുനലൂര് ‘ജയഭാരതം’ ആര്യവൈദ്യശാലയിൽ ഏറെ പണിപ്പെട്ടാണു കൊണ്ടുപോയത്.. തുടർ ചികിത്സ നീണ്ടു നീണ്ടുപോയി.. ‘അവിടെ കുഴിക്കരുത് ഇവിടെ കുഴിക്കരുത്, തിട്ടയിടിക്കല്ല്, മണ്ണെടുക്കല്ല് ആ മരം വെട്ടല്ല്.. കൊളം തോണ്ടിക്കും. പളളീലച്ചാ. പഞ്ചായത്തേ.. ‘ ഈണത്തിൽ, താളത്തിൽ വല്യമ്മാവൻ ഏതുനേരവും ചൊല്ലിക്കൊണ്ടിരിക്കും.
യു.പി.സ്‌കൂൾ ഹൈസ്‌ക്കൂളായി. നിലവിലുളള കെട്ടിടത്തിന് ഒരു നിലയുംകൂടി ഉയർന്നു.
കുമാരു വൈദ്യർക്കു മാറ്റമൊന്നും സംഭവിച്ചില്ല. മരിക്കുന്നതിനു തലേന്നും സ്‌കൂൾ ഭാഗത്തേക്ക് തിരിഞ്ഞുനിന്ന് സ്ഥിരമായി ഉരുവിട്ടുകൊണ്ടിരുന്ന മന്ത്രം ഇതുമാത്രമായിരുന്നു.
“അവിടെ കുഴിക്കല്ല്.. ഇവിടെ കുഴിക്കല്ല്, തിട്ടയിടിക്കല്ല്. ആ മരം വെട്ടല്ല്.. കൊളംതോണ്ടിക്കും പളളീലച്ചാ.. പഞ്ചായത്തേ…”
രമണി അമ്മാൾ

