Thursday, September 24, 2026
Home » ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു.

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു.

by Editor

മസ്‌കറ്റ്: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് ദിയോറ സ്വദേശിയായ സൂരജ് യാദവ് ആണ് മരിച്ചത്. ഇന്ത്യയിലേക്ക് വരികയായിരുന്ന ആന്റിഗ്വ ആൻഡ് ബാർബുഡ പതാകയേന്തിയ ‘എം. വി കേപ് ദാവോ’ (MV Cape Dao) എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിൽ ‘വൈപ്പർ’ ആയി ജോലി ചെയ്യുകയായിരുന്നു സൂരജ് യാദവ്.

ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തുനിന്നും 2.5 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. കപ്പലിന് നേരെ രണ്ട് ടോർപിഡോകൾ/മിസൈലുകൾ പതിക്കുകയും തുടർന്ന് എഞ്ചിൻ റൂമിന് തീപിടിക്കുകയും ചെയ്തു. കപ്പലിൽ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ട വിവരം ഒമാനിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു. കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ അധികൃതരുമായി നിരന്തരം ഏകോപനം നടത്തിവരികയാണെന്ന് എംബസി അറിയിച്ചു. കപ്പലിൽ 19 ഇന്ത്യൻ പൗരന്മാരുണ്ടെന്നാണ് എംബസി വ്യക്തമാക്കിയത്. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടുവരികയാണെന്നും എംബസി അറിയിച്ചു.

സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഒമാനിലെ ഇന്ത്യൻ എംബസിയും കടുത്ത ആശങ്കയും അപലപനവും രേഖപ്പെടുത്തിയിട്ടുണ്ട്. നാവികരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സൂരജ് യാദവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ FSUI, ഹോർമുസ് കടലിടുക്കിലും പരിസരത്തും സിവിലിയൻ നാവികരുടെ സുരക്ഷ വീണ്ടും ചോദ്യചിഹ്നമായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ആക്രമണത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും സുരക്ഷിതമായ കടന്നുപോക്ക് ഉറപ്പാക്കണമെന്നും സുരജ് യാദവിനും അപകടത്തിൽ തുടരുന്ന മറ്റ് ഇന്ത്യൻ നാവികർക്കും നീതി ലഭ്യമാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

ഹൂതികളെ ചെറുക്കാൻ സൗദിക്ക് ബ്രിട്ടൻ്റെ സഹായം; ഖത്തറിൽ ഏരിയൽ ടാങ്കറുകൾ വ്യന്യസിച്ച് യു എസ്; യുദ്ധത്തിന് തയ്യാറായി ഇറാനും.

Send your news and Advertisements

You may also like

error: Content is protected !!