Thursday, September 24, 2026
Home » യു.എൻ പൊതുസഭയിൽ ഇറാൻ പ്രസിഡന്റിന്റെ പ്രസംഗത്തിനിടെ യു. എസ് പ്രതിനിധി സംഘം ഇറങ്ങിപ്പോയി.
യു.എൻ പൊതുസഭയിൽ ഇറാൻ പ്രസിഡന്റിന്റെ പ്രസംഗത്തിനിടെ യു. എസ് പ്രതിനിധി സംഘം ഇറങ്ങിപ്പോയി.

യു.എൻ പൊതുസഭയിൽ ഇറാൻ പ്രസിഡന്റിന്റെ പ്രസംഗത്തിനിടെ യു. എസ് പ്രതിനിധി സംഘം ഇറങ്ങിപ്പോയി.

by Editor

ന്യൂയോർക്ക്: യു.എൻ പൊതുസഭയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ പ്രസംഗത്തിനിടെ യു.എസ് പ്രതിനിധിസംഘം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ (ബുധനാഴ്ച)) ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പ്രസംഗിക്കാൻ എത്തിയപ്പോൾ അദ്ദേഹം ട്രംപിന്റെ ഭീഷണികൾക്ക് മറുപടി നൽകുകയും, അമേരിക്കയും ഇസ്രായേലുമാണ് അധിനിവേശം നടത്തുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഈ പ്രസംഗം ആരംഭിച്ച് മിനിറ്റുകൾക്കകം അതിൽ പ്രതിഷേധിച്ച് യു.എസ് പ്രതിനിധി സംഘം ഹാളിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

തങ്ങൾ ഭീകരവാദികളല്ലെന്നും മറിച്ച് ഭീകരവാദത്തിന് ഇരയായവരാണെന്നും യു.എൻ പൊതുസഭയിൽ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെയും മിനാബ് കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെയും ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പെസഷ്കിയാന്റെ പ്രസംഗം. യാതൊരു കാരണവുമില്ലാതെയാണ് ഇറാന്റെ പരമോന്നത നേതാവ് വധിക്കപ്പെട്ടതെന്ന് വ്യക്തമാക്കിയ അദ്ദേഹം, യു.എസിൻ്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെ വിമർശിക്കുകയും ചെയ്തു. അമേരിക്കയും ഇസ്രയേലും ചേർന്ന് തങ്ങളെ ആക്രമിച്ചപ്പോഴും സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇറാൻ ഒരിക്കലും മുട്ടുകുത്തില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും ഇറാൻ സജ്ജമാണെന്ന് വ്യക്തമാക്കിയ പെസഷ്കിയാൻ, ബലപ്രയോഗത്തിന്റെയോ ഭീഷണിയുടെയോ ഭാഷ തങ്ങളോട് ചെലവാകില്ലെന്ന് ട്രംപിന് മുന്നറിയിപ്പ് നൽകി. ഇറാനെ തുടച്ചുനീക്കുമെന്ന തരത്തിലുള്ള ട്രംപിന്റെ പ്രസ്‌താവനകൾക്ക് അതേ വേദിയിൽ വെച്ചുതന്നെയാണ് ഇറാൻ പ്രസിഡന്റ് മറുപടി നൽകിയത്.

സമ്മേളനത്തിന്റെ ആദ്യദിവസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസംഗിച്ചപ്പോൾ, അദ്ദേഹം ഇറാനെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇറാനിയൻ പ്രതിനിധി സംഘവും സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിരുന്നു. യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്ത് ട്രംപ് ഇറാനെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകുകയും സൈനിക നീക്കങ്ങളെ ന്യായീകരിക്കുകയും ചെയ്തു. ഒന്നുകിൽ യുഎസുമായി കരാറിലേർപ്പെടുക, അല്ലെങ്കിൽ ഇറാന്റെ നാശം നേരിടുക എന്ന രീതിയിലായിരുന്നു ട്രംപിന്റെ കടുത്ത പ്രസ്താവന.

അതിനിടെ യു.എൻ സമ്മേളനത്തിന് ശേഷം ട്രംപിൻ്റെ മുഖ്യദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ഇറാനിയൻ പ്രതിനിധികളുമായി മൂന്ന് മണിക്കൂറോളം ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ചർച്ചകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Send your news and Advertisements

You may also like

error: Content is protected !!