Thursday, September 24, 2026
Home » സൂര്യ കൃഷ്ണമൂർത്തി: അരങ്ങിന്റെ ആകാശത്ത് അണയാത്ത സൂര്യവെളിച്ചം !
സൂര്യ കൃഷ്ണമൂർത്തി: അരങ്ങിന്റെ ആകാശത്ത് അണയാത്ത സൂര്യവെളിച്ചം !

സൂര്യ കൃഷ്ണമൂർത്തി: അരങ്ങിന്റെ ആകാശത്ത് അണയാത്ത സൂര്യവെളിച്ചം !

- ജോയ് കെ. മാത്യു

by Editor

മലയാള കലാലോകത്തിന്റെ ആകാശത്ത് സൂര്യനായി തിളങ്ങി നിന്ന ആ വലിയ പ്രകാശഗോപുരം ഒടുവിൽ അസ്തമിച്ചിരിക്കുന്നു. സെപ്റ്റംബർ 23-ന്റെ ആ സായാഹ്നത്തിൽ, തിരുവനന്തപുരത്തിന്റെ മണ്ണിൽ വച്ച് സൂര്യ കൃഷ്ണമൂർത്തി എന്ന നടരാജ കൃഷ്ണമൂർത്തി യാത്രയാകുമ്പോൾ, അത് ഒരാളുടെ മാത്രം വേർപാടല്ല; ഒരു തലമുറയ്ക്ക് കലയുടെയും സൗന്ദര്യത്തിന്റെയും പുതുവെളിച്ചം പകർന്നുനൽകിയ ഒരു വലിയ സാംസ്കാരിക യുഗത്തിന്റെ അന്ത്യമാണ്.

സെപ്റ്റംബർ 23-ന് അന്താരാഷ്ട്ര തലത്തിലും ശാസ്ത്രീയമായും ചരിത്രപരമായും ഒട്ടനവധി സവിശേഷതകളുണ്ടെങ്കിലും സെപ്റ്റംബർ 23 എന്ന തീയതിക്ക് എന്റെ ജീവിതത്തിൽ എന്നും ഒരു പ്രത്യേക അർത്ഥമുണ്ടായിരുന്നു – അത് എന്റെ ജന്മദിനമാണ്. എന്നാൽ ഈ വർഷം മുതൽ, അതേ സെപ്റ്റംബർ 23 എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കലാകാരന്മാരിലൊരാളുടെ വേർപാടിന്റെ ഓർമ്മദിനം കൂടിയായി മാറിയിരിക്കുന്നു. ഒരേ തീയതി, ജീവിതത്തിന്റെ രണ്ട് വിരുദ്ധ തീരങ്ങൾ – എനിക്ക് ജന്മം നൽകിയ ദിവസം, അദ്ദേഹം യാത്രയായ ദിവസം. ഇനി മുതൽ എന്റെ ഓരോ ജന്മദിനത്തിലും സന്തോഷത്തോടൊപ്പം അദ്ദേഹത്തിന്റെ ഓർമ്മയുടെ ഒരു നൊമ്പരവും കൂടെയുണ്ടാകും.

എന്റെ ജീവിതത്തിൽ അദ്ദേഹവുമായി പരിചയപ്പെട്ട ആ നിമിഷം മുതൽ ഇങ്ങോട്ട്, അതൊരു വലിയ സൗഹൃദത്തിന്റെ മാത്രം അനുഭവമായിരുന്നില്ല; കലയോടുള്ള നിസ്വാർത്ഥമായ അർപ്പണബോധം എന്തെന്ന് അടുത്തറിഞ്ഞ ദിനങ്ങളായിരുന്നു. എന്റേതാകട്ടെ, മറ്റുള്ളവരുടെയാകട്ടെ – ഏതൊരു കലാസൃഷ്ടിക്കും പരിപാടിക്കും പിന്നിൽ ഒരു ചെറുപുഞ്ചിരിയോടെ, യാതൊരു അഹങ്കാരവുമില്ലാതെ ഓടിയെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സ്വന്തം കീർത്തിയേക്കാൾ മറ്റുള്ളവരുടെ കലയെയും സർഗ്ഗാത്മകതയെയും നെഞ്ചിലേറ്റിയ ഒരു യഥാർത്ഥ കലാകാരനായിരുന്നു അദ്ദേഹം. സ്വാർത്ഥതയില്ലാത്ത ആ മനസ്സ് എത്രയോ പേർക്ക് തണലേകിയ വലിയൊരു തണൽമരമായിരുന്നു.

1951-ൽ കോട്ടയത്തിന്റെ മണ്ണിൽ ജന്മമെടുത്ത നടരാജ കൃഷ്ണമൂർത്തിയിൽ, എൻജിനീയറിങ്ങിന്റെ കൃത്യതയും സർഗ്ഗാത്മക കലയുടെ സൗന്ദര്യവും ഒരുപോലെ സമന്വയിച്ചിരുന്നു. 1971-ൽ മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കി ഇന്ത്യയുടെ അഭിമാനമായ ISRO-യിൽ ചേരുമ്പോഴും, അദ്ദേഹത്തിന്റെ ഉള്ളിലെ യഥാർത്ഥ സ്വപ്നം അരങ്ങിലെ വെളിച്ചവും നിഴലുമായിരുന്നു. ഒടുവിൽ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച്, കലയ്ക്കായി സ്വന്തം ജീവിതം തന്നെയങ്ങ് സമർപ്പിച്ചു.

മലയാളത്തിലെ ആദ്യകാല ലൈറ്റ് ആൻഡ് സൗണ്ട് ഷോകളും “തിയറ്റർ ഓഫ് ഫ്രീഡം” പോലുള്ള രംഗാവിഷ്കാരങ്ങളും ആ കലാ ഹൃദയത്തിൽ നിന്നാണ് പിറവിയെടുത്തത്. വിശ്വപ്രസിദ്ധമായ ‘സൂര്യ ഫെസ്റ്റിവൽ’ എന്ന സാംസ്കാരിക കൂട്ടായ്മയിലൂടെ ലോകമെമ്പാടുമുള്ള പ്രമുഖ കലാകാരന്മാരെ ഒരു കുടക്കീഴിൽ അണിനിരത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിന്റെ ടൂറിസം വാരാഘോഷം എന്ന ആശയം പോലുമുള്ള പല പ്രതിഭാനിമിഷങ്ങളും ആ മനസ്സിന്റെ സംഭാവനയായിരുന്നു.

‘സൂര്യ’ എന്ന സാംസ്കാരിക പ്രസ്ഥാനത്തിലൂടെ കലയുടെ ആകാശത്ത് പ്രകാശം പരത്തിയപ്പോൾ, ആ പ്രസ്ഥാനത്തിന്റെ പേര് തന്നെ അദ്ദേഹത്തിന്റെ മേൽവിലാസമായി മാറി; അങ്ങനെ അദ്ദേഹം നടരാജ കൃഷ്ണമൂർത്തിയിൽ നിന്ന് ഏവരുടെയും പ്രിയപ്പെട്ട ‘സൂര്യ കൃഷ്ണമൂർത്തി’യായി.

മേൽവിലാസം, പുലരി, തുടക്കം, തുടർച്ച, നീലവെളിച്ചം, അവതാരം, സ്ത്രീപർവം തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ നാടകവേദിയിൽ ഒരു പുതിയ തരംഗമായി പടർന്നു.

കേരള സംഗീത നാടക അക്കാദമി ചെയർമാൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ തുടങ്ങി ഒട്ടനവധി പദവികളിൽ ഇരിക്കുമ്പോഴും, സാധാരണക്കാരനായ ഒരു കലാസ്നേഹിയായി തുടരാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. കേന്ദ്ര-സംസ്ഥാന പുരസ്കാര സമിതികളിലെ സജീവ സാന്നിധ്യം, കേരളപ്രഭ, കലൈമാമണി, രാഷ്ട്രപതിയുടെ മികച്ച സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്ഷൻ ബഹുമതി, ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സ് മാൻ ഓഫ് ദി ഇയർ… എന്നിങ്ങനെ ഒട്ടേറെ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും, അദ്ദേഹത്തിന്റെ യഥാർത്ഥ തിലകം സഹപ്രവർത്തകരുടെ മനസ്സിൽ അദ്ദേഹം ബാക്കിവെച്ച സ്നേഹമായിരുന്നു.

ഇന്ന് ആ സൂര്യവെളിച്ചം അരങ്ങത്ത് അണയുമ്പോൾ ആഗോള ഇന്ത്യൻ കലയുടെ വേദികളിലും പതിനായിരക്കണക്കിന് കലാകാരന്മാർക്കിടയിലും ഒരു വലിയ അന്ധകാരം പടർന്നിരിക്കുന്നു. അങ്ങയുടെ വേർപാട് ഞങ്ങളിൽ ഇരുൾ പടർത്തിയെങ്കിലും, അങ്ങ് തീർത്ത ആ കലയുടെ പുതുവെളിച്ചവും അങ്ങിലെ നിസ്വാർത്ഥനായ ആ കലാകാരനും ഞങ്ങളുടെ മനസ്സുകളിൽ എന്നും ജീവിക്കും. അവിശ്രമമായ ആ കലാസപര്യയ്ക്ക് മുന്നിൽ,തീരാനഷ്ടത്തിന്റെ നോവോടെ, ആത്മപ്രണാമം…

– ജോയ് കെ. മാത്യു

Send your news and Advertisements

You may also like

error: Content is protected !!