തിരുവനന്തപുരം: പ്രമുഖ കലാസംഘാടകനും സാംസ്‌കാരിക പ്രവർത്തകനും സൂര്യ കൃഷ്ണമൂർത്തി സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 75 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (സെപ്റ്റംബർ 23 ബുധനാഴ്ച) വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഈ വർഷത്തെ സൂര്യ ഫെസ്റ്റിവൽ ഒക്ടോബർ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിൽ ഒന്നായ സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. മലയാളത്തിലെ ആദ്യത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ശിൽപിയാണ്. കൂടാതെ ‘തിയറ്റർ ഓഫ് ഫ്രീഡം’ എന്ന പുതിയ രംഗകലാ രൂപവും അദ്ദേഹം അവതരിപ്പിച്ചു. കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം, ഡോ. എ.പി.ജെ. അബ്ദുൾ കലാമിനൊപ്പം ISRO-യിൽ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കലാരംഗത്ത് സജീവമാകാൻ വേണ്ടി ഈ ജോലി രാജിവെക്കുകയായിരുന്നു.
നാടക രചയിതാവ്, സാംസ്‌കാരിക നായകൻ, കലാ സംഘാടകൻ തുടങ്ങി വിവിധ മേഖലകളിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം കേരള സംഗീത നാടക അക്കാദമിയുടെ മുൻ ചെയർമാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ ഡയറക്ടറായി മൂന്ന് തവണ പ്രവർത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.
മേൽവിലാസം, എൻ്റെ രക്ഷകൻ, ആറ് നാടകങ്ങൾ അടങ്ങിയ ചായക്കടക്കഥകൾ എന്നി പരമ്പരകളാണ് അദേഹത്തിന്റെ പ്രധാന നാടകങ്ങൾ. ഇതിൽ മേൽവിലാസം പിന്നീട് ചലച്ചിത്രമായപ്പോൾ അതിനായി തിരക്കഥ തയ്യാറാക്കിയതും സൂര്യ കൃഷ്ണമൂർത്തി തന്നെയാണ്. ദൂരദർശനു വേണ്ടി ചായക്കടക്കഥകൾ ടെലിഫിലിമുകളാക്കി സംവിധാനം ചെയ്‌തതും അദ്ദേഹമായിരുന്നു. മികച്ച സ്റ്റേജ് ക്രാഫ്റ്റിനും സംവിധാനത്തിനുമുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം (1996), കേരള സർക്കാരിന്റെ കേരള പ്രഭ പുരസ്കാരം (2023) എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ഭാര്യ രാജി, മക്കൾ സീത (സിവിൽ സർവീസ്), ലക്ഷ്മണൻ എന്നിവരാണ്.

