Wednesday, October 28, 2026
Home » എത്യോപ്യയിൽ ക്രൈസ്‌തവർക്കുനേരെ ആക്രമണം; അഞ്ച് കുട്ടികളടക്കം 60 വിശ്വാസികൾ കൊല്ലപ്പെട്ടു
എത്യോപ്യയിൽ ക്രൈസ്‌തവർക്കുനേരെ ആക്രമണം; അഞ്ച് കുട്ടികളടക്കം 60 വിശ്വാസികൾ കൊല്ലപ്പെട്ടു

എത്യോപ്യയിൽ ക്രൈസ്‌തവർക്കുനേരെ ആക്രമണം; അഞ്ച് കുട്ടികളടക്കം 60 വിശ്വാസികൾ കൊല്ലപ്പെട്ടു

by Editor

ഒറോമിയ: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ ഒറോമിയ (Oromia) മേഖലയിൽ സായുധ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളിൽ അഞ്ച് കുട്ടികളുൾപ്പെടെ 60-ൽ അധികം ഓർത്തഡോക്സ് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഇരുപതിലധികം വീടുകൾ തീവെച്ച് നശിപ്പിക്കുകയും, ഇരുപതിലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എത്യോപ്യൻ ഓർത്തഡോക്സ് ടെവാഹൈഡോ സഭയുടെ വിശുദ്ധ സിനോദ് ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു. സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്ന് സഭ വ്യക്തമാക്കി.

ഒക്ടോബർ മാസത്തിൽ രണ്ട് വ്യത്യസ്‌ത ദിവസങ്ങളിലായാണ് ക്രൂരമായ കൂട്ടക്കൊല അരേങ്ങറിയത്. ഒക്ടോബർ 20-ന് മെർട്ടി വൊറെഡയിൽ സായുധ സംഘം നടത്തിയ അക്രമത്തിൽ 14 വിശ്വാസികൾ കൊല്ലപ്പെടുകയും തുടർന്ന് ഒക്ടോബർ 24-ന് ഷെർക്ക വൊറെഡയിൽ നടന്ന ആക്രമണത്തിൽ 46 ക്രൈസ്‌തവർ ദാരുണമായി കൊല്ലപ്പെടുകയും ചെയ്‌തു. ആക്രമണത്തിൽ ഇരുപതോളം വിശ്വാസികളുടെ വീടുകൾ അക്രമികൾ പൂർണ്ണമായി അഗ്നിക്കിരയാക്കി. ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകിവരികയാണ്.

ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് ദിനംപ്രതി വർദ്ധിച്ചുവരികയാണെന്നും, ഇത് രാജ്യത്തിന്റെ സമാധാനപരമായ സഹവർത്തിത്വത്തെ പൂർണമായി തകർക്കുകയാണെന്നും ഓർത്തഡോക്‌സ് സഭ അപലപിച്ചു. പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങൾക്കായി പ്രാർത്ഥിക്കണമെന്നും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.

ജനസംഖ്യയിൽ മൂന്നിൽ രണ്ട് ഭാഗവും ക്രൈസ്തവ വിശ്വാസികളുള്ള (പ്രത്യേകിച്ച് ഓർത്തഡോക്സ് സഭാംഗങ്ങൾ) രാജ്യമാണ് എത്യോപ്യ. ഏകദേശം മൂന്നിലൊന്ന് ഭാഗമാണ് ഇവിടെ മുസ്ലീം ജനസംഖ്യയുള്ളത്. ഒറോമോ ലിബറേഷൻ ആർമി ഉൾപ്പെടുന്ന ‘അലയൻസ് ഫോർ സർവൈവൽ’ എന്ന വിമത മുന്നണിയാണ് ഈ കിരാതമായ കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളോട് ഒറോമോ ലിബറേഷൻ ആർമി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

Send your news and Advertisements

You may also like

error: Content is protected !!