Monday, October 26, 2026
Home » പട്ടാളത്തെ ഇറക്കി മെലോണി, ഫ്രാൻസിലും, അൽബേനിയയിലും പോർച്ചുഗലിലും കടുത്ത പ്രക്ഷോഭം.
ഫ്രാൻസിൽ വൻതോതിലുള്ള അക്രമങ്ങളും നാശനഷ്ടങ്ങളും; പ്രക്ഷോഭം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു.

പട്ടാളത്തെ ഇറക്കി മെലോണി, ഫ്രാൻസിലും, അൽബേനിയയിലും പോർച്ചുഗലിലും കടുത്ത പ്രക്ഷോഭം.

by Editor

റോം/പാരീസ്: ജീവിതച്ചെലവ് വർധനവിനും സർക്കാർ നയങ്ങൾക്കുമെതിരെ യൂറോപ്പിലുടനീളം ശക്തമായ ജനകീയ പ്രക്ഷോഭം പടരുകയാണ്. ഒക്ടോബർ മാസത്തിൽ ആരംഭിച്ച ഈ പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മിലാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ 500-ലധികം സൈനികരെ അധികമായി വിന്യസിച്ചു.

ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെ മിലാൻ, റോം, ടൂറിൻ, നേപ്പിൾസ് തുടങ്ങിയ നഗരങ്ങളിൽ കടുത്ത പ്രതിഷേധങ്ങളാണ് നടക്കുന്നത്. മുൻപ് നടന്ന പ്രതിഷേധങ്ങളിൽ വ്യാപകമായ അക്രമങ്ങളും കടകൾ കൊള്ളയടിക്കലും ഉണ്ടായതിനെ തുടർന്നാണ് പ്രധാനമന്ത്രി ജോർജിയ മെലോണി മിലാനിൽ സൈന്യത്തെ ഇറക്കിയത്. അക്രമത്തിൽ ഏർപ്പെടുന്ന പ്രായപൂർത്തിയാകാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കുമെന്നും എന്നാൽ അക്രമം അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

റോമിൽ പോലീസിന് നേരെ പടക്കങ്ങളും കുപ്പികളും എറിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. റോമിലെ കൊളോസിയത്തിനുള്ളിൽ പ്രവേശിച്ച ചില വിദ്യാർത്ഥികൾ പലസ്തീൻ പതാകകൾ വീശി പ്രതിഷേധിച്ചു. കൊളോസിയത്തിലേക്ക് കടക്കാൻ ശ്രമിച്ച ചില പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. ടൂറിനിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

അൽബേനിയൻ തലസ്ഥാനമായ തിരാനയിൽ അഴിമതിക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും വിദ്യാർത്ഥികളും പ്രതിപക്ഷ പാർട്ടികളും നടത്തുന്ന പ്രതിഷേധം വലിയ കലാപമായി മാറിയിട്ടുണ്ട്. പ്രതിഷേധക്കാർ സുപ്രീം കോടതി ഉൾപ്പെടെയുള്ള സർക്കാർ കെട്ടിടങ്ങൾക്ക് തീയിടുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പ്രധാനമന്ത്രി എഡി രാമ രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. പ്രധാനമന്ത്രി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആയിരങ്ങൾ തെരുവിലിറങ്ങിയത്. പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർ ചർച്ചയ്ക്കായി സജ്ജീകരിച്ചിരുന്ന കസേരകൾക്കു തീയിടുകയും ചെയ്തു.

സ്പെയിനിലെ ബാഴ്‌സലോണയിൽ കടകൾ കൊള്ളയടിക്കുകയും തീയിടുകയും ചെയ്‌ത അക്രമ സംഭവങ്ങളിൽ നൂറോളം പേർ അറസ്റ്റിലായി. ഇതിൽ കാൽഭാഗത്തോളം പേരും പ്രായപൂർത്തിയാകാത്തവരാണ്. തലസ്ഥാനമായ മാഡ്രിഡിൽ പെൻഷൻ സംവിധാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25,000-ത്തിലധികം ആളുകൾ തെരുവിലിറങ്ങി.

പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധം വീട്ടുവാടകയും ജീവിതച്ചെലവും വർധിച്ചതിനെതിരെയാണ് കടുത്ത പ്രതിഷേധങ്ങൾ നടക്കുന്നത്. കുറഞ്ഞ ശമ്പളവും ഭവന പ്രതിസന്ധിയും പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെടുന്നു. ശനിയാഴ്ച ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

ഉയർന്ന ജീവിതച്ചെലവുകൾക്കെതിരെ ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധങ്ങൾ വൻ അക്രമങ്ങളിലേക്ക് വഴിമാറിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ പോലീസ് അറസ്റ്റ് ചെയ്യുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം 4 ലക്ഷത്തിലധികം ആളുകളും ട്രേഡ് യൂണിയനുകളുടെ കണക്കനുസരിച്ച് ഏകദേശം 8 ലക്ഷത്തോളം ആളുകളും കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തു. തലസ്ഥാനമായ പാരീസിൽ മാത്രം ഒരു ലക്ഷത്തിലധികം പേർ അണിനിരന്നു. ഭൂരിഭാഗം മാർച്ചുകളും സമാധാനപരമായിരുന്നെങ്കിലും പാരീസ്, മാഴ്സെ, ബോർഡോ, ലിയോൺ തുടങ്ങിയ നഗരങ്ങളിൽ കടുത്ത അക്രമങ്ങൾ അരങ്ങേറി. അക്രമികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും വാട്ടർ കാനനും പ്രയോഗിച്ചു.

ആയിരത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമങ്ങളിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രതിഷേധക്കാർക്കും പരുക്കേറ്റു. മുൻ ആഴ്ചകളിൽ നടന്ന വലിയ തോതിലുള്ള കൊള്ളയടിക്കലുകളും നാശനഷ്ടങ്ങളും കണക്കിലെടുത്ത് രാജ്യത്തുടനീളം 70,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പാരീസിലെ ലൂവ്ര് മ്യൂസിയം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ താൽക്കാലികമായി അടയ്ക്കുകയും പല നഗരങ്ങളിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരങ്ങളിലേക്കും നവംബർ 5-ന് രാജ്യവ്യാപക പണിമുടക്കിലേക്കും നീങ്ങാനാണ് ട്രേഡ് യൂണിയനുകളുടെ തീരുമാനം.

യൂറോപ്പിലെ സാംസ്‌കാരിക മരണം ആയുസ്സെടുക്കുമോ?

Send your news and Advertisements

You may also like

error: Content is protected !!