ഇരുളിന്റെ കനം കൂടുമ്പോഴാണ് ഒരു ചെറുവെളിച്ചത്തിന്റെ മഹത്വം തിരിച്ചറിയപ്പെടുന്നത് !
വിപണിയുടെ കണക്കുകൂട്ടലുകൾക്കും റേറ്റിംഗിന്റെ പടയോട്ടങ്ങൾക്കും അപ്പുറം, മനുഷ്യന്റെ കണ്ണീരിനും സാധാരണക്കാരന്റെ അതിജീവനത്തിനും അവഗണിക്കപ്പെട്ടവന്റെ നിലവിളിക്കും കാതോർത്ത ഒരു മാധ്യമയാത്രയുടെ രജതസ്മരണകൾ…
എല്ലാ വെളിച്ചങ്ങളും പ്രകാശിക്കുന്നത് അധികാരത്തിന്റെ കൊട്ടാരങ്ങളിലേക്കല്ല; ചിലത് ആരും കാണാതെ പോകുന്ന ജീവിതങ്ങളുടെ ഇരുണ്ട കോലായികളിലേക്കാണ്. അവിടെ ഒരു കൈത്തിരിയായി, ഒരു ആശ്വാസവാക്കായി, ഒരു മനുഷ്യപക്ഷ നിലപാടായി മാറാൻ കഴിഞ്ഞെങ്കിൽ അതാണ് മാധ്യമധർമ്മത്തിന്റെ യഥാർഥ മഹത്വം.
ഇരുൾ വഴികളിൽ വെളിച്ചമായി ജീവൻ ടി.വി.യുടെ രജതയാത്ര…
കൊച്ചി: മലയാള മാധ്യമ ലോകത്തിന്റെ ചക്രവാളത്തിൽ ‘ജീവൻ‘ തന്റെ പ്രയാണത്തിന്റെ കാൽനൂറ്റാണ്ടിലേക്ക്, രജതജൂബിലിയുടെ തിളക്കത്തിലേക്ക് ചുവടുവെക്കുമ്പോൾ, അതൊരു ചരിത്രത്തിന്റെ മാത്രം അടയാളപ്പെടുത്തലല്ല; മറിച്ച്, മനുഷ്യപക്ഷത്തുനിന്നുള്ള ധർമ്മസമരത്തിന്റെ കൂടിയാണ്.
2002 ഓഗസ്റ്റ് ഒന്നിന് – ലോക ദൃശ്യമാധ്യമ ചരിത്രത്തിൽ എം.ടി.വി. വിപ്ലവം സൃഷ്ടിച്ച അതേ തീയതിയിൽ – മലയാളത്തിലെ ആദ്യത്തെ റീജ്യണൽ പ്രൈവറ്റ് സാറ്റലൈറ്റ് ചാനലുകളിൽ ഒന്നായി ജീവൻ ടിവി സംപ്രേഷണം ആരംഭിച്ചു. കൊച്ചിയിലെ പാലാരിവട്ടം ആസ്ഥാനമായി, “സമ്പൂർണ്ണ കുടുംബ ചാനൽ ” എന്ന മുഖമുദ്രയോടെ, പ്രശസ്തമായ സോമതീരം ഗ്രൂപ്പിന്റെ കീഴിൽ, ദീർഘവീക്ഷണമുള്ള ബേബി മാത്യു സോമതീരത്തിന്റെയും ചീഫ് ന്യൂസ് എഡിറ്റർ ബാബു വെളപ്പായയുടെയും നേതൃത്വത്തിൽ ഈ പ്രസ്ഥാനം മുന്നേറുകയാണ്.
റേറ്റിംഗിനും വാണിജ്യ താൽപ്പര്യങ്ങൾക്കും മാത്രം പ്രാധാന്യം നൽകുന്ന മാധ്യമപ്രവണതകളിൽ നിന്ന് വ്യത്യസ്തമായി, കുടുംബങ്ങൾക്ക് ഒരുമിച്ചിരുന്ന് കാണാൻ കഴിയുന്ന ഉള്ളടക്കത്തിനാണ് ജീവൻ ടി.വി. തുടക്കം മുതൽ പ്രാധാന്യം നൽകിയത്. “നവരസങ്ങളിൽ നന്മ” എന്ന പ്രഖ്യാപനവുമായി, അനാവശ്യ ബഹളങ്ങളിലേക്കും മഞ്ഞപ്പത്ര ശൈലിയിലേക്കും വഴുതിവീഴാതെ മാന്യമായ ഒരു അവതരണരീതി പുലർത്താൻ ചാനൽ ശ്രദ്ധിച്ചിട്ടുണ്ട്. എന്റെ അനുഭവത്തിൽ, സാധാരണക്കാരുടെ പ്രശ്നങ്ങൾക്കും ഗ്രാമീണ മേഖലകളിലെ വിഷയങ്ങൾക്കും മുഖ്യധാരാ മാധ്യമശ്രദ്ധ ലഭിക്കാതെ പോകുന്ന വാർത്തകൾക്കും ജീവൻ ടി.വി. നൽകിയ ഇടം പ്രത്യേകം എടുത്തുപറയേണ്ടതാണ്. പലപ്പോഴും അവഗണിക്കപ്പെടുന്ന ഇത്തരം വിഷയങ്ങളെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ചാനൽ വഹിച്ച പങ്ക് എന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ എന്നും ഓർമിക്കപ്പെടുന്നതാണ്.
ദുരന്തങ്ങളും കുറ്റകൃത്യങ്ങളും മാത്രം നിറഞ്ഞുനിൽക്കുന്ന മാധ്യമ ലോകത്ത്, സമൂഹത്തിന് മാതൃകയാകുന്ന നല്ല കാര്യങ്ങളെയും വ്യക്തികളെയും അടയാളപ്പെടുത്തുന്ന ‘പോസിറ്റീവ് ന്യൂസ്‘ പോലെയുള്ള ആശയങ്ങൾക്ക് മലയാള ടെലിവിഷൻ രംഗത്ത് ശ്രദ്ധേയമായ ഇടം നൽകിയ ചാനലുകളിലൊന്നാണ് ജീവൻ ടി.വി. ഇംഗ്ലീഷ് വാർത്ത മുതൽ ഹരിതകേരളം, നെറ്റിസൺ ജേണലിസ്റ്റ്, റിയാലിറ്റി ഷോകൾ, ടോക്ക് ഷോകൾ തുടങ്ങി മലയാളിയുടെ മാധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തിയ എത്രയെത്ര നാഴികക്കല്ലുകൾ!
മത്സരങ്ങളും അസൂയയും അതിരുവിട്ട വിനോദങ്ങളും കാണിച്ച് കാഴ്ചക്കാരുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന റിയാലിറ്റി ഷോകളിൽ നിന്ന് മാറി, സംസ്കാരത്തിനും സർഗാത്മകതയ്ക്കും പരിസ്ഥിതിക്കും പ്രാധാന്യം നൽകുന്ന പ്രോഗ്രാമുകളാണ് അവർ ഒരുക്കിയത്. രാഷ്ട്രീയ പക്ഷപാതിത്വങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നും മാറി, വാർത്തകളിൽ വാസ്തവം മാത്രം വിളിച്ചുപറയാൻ ശ്രമിച്ചതുവഴി വലിയൊരു വിഭാഗം പ്രബുദ്ധരായ പ്രേക്ഷകരുടെ വിശ്വാസ്യത പിടിച്ചുപറ്റാൻ ഈ ചാനലിന് കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ, റേറ്റിംഗ് ഇന്ധനമാക്കി പായുന്ന ഇന്നത്തെ മാധ്യമക്കാഴ്ചകളിൽ നിന്ന് മാറി, മനുഷ്യപക്ഷത്ത് ഉറച്ചുനിന്ന് പക്വതയോടെ മുന്നേറുന്നു എന്നതാണ് ജീവൻ ടിവിയെ മറ്റ് ചാനലുകളിൽ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നത്.
ഈ സന്തോഷം മറ്റാരെക്കാളും കൂടുതൽ നെഞ്ചേറ്റുന്നത് ഞാനാണ്. ഈ 25 വർഷത്തിനിടയിൽ എന്റെ ജീവിതത്തിലെയും പ്രവർത്തനങ്ങളിലെയും ഒട്ടേറെ വാർത്തകളും വിശേഷങ്ങളും ലോകത്തിന് മുന്നിൽ എത്തിച്ച് ജീവൻ ടിവി എനിക്ക് നൽകിയ പിന്തുണ വാക്കുകൾക്കതീതമാണ്. മറ്റുള്ള ചാനലുകൾ കൊടുക്കാൻ മടിച്ചതും മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചതുമായ എത്രയെത്ര വാർത്തകളാണ് ജീവൻ എനിക്ക് വേണ്ടി നൽകിയത്! ആ തിരിഞ്ഞുനോട്ടത്തിൽ, എന്റെ ഓരോ ചുവടുകൾക്കും കരുത്തുപകർന്ന വലിയൊരു ശക്തിയായി ജീവൻ എനിക്കൊപ്പമുണ്ടായിരുന്നു. ചാനലുകൾ മാറാം, കാലങ്ങൾ മാറാം, മാധ്യമലോകത്തിന്റെ വഴികൾ വേറെയാകാം…
പക്ഷേ, ആരൊക്കെ ജീവൻ ടിവിയെ മറന്നാലും, ഈ പ്രസ്ഥാനത്തിന്റെ കാൽനൂറ്റാണ്ടിന്റെ ഈ വേളയിൽ, നിറഞ്ഞ സന്തോഷത്തോടും അഭിമാനത്തോടും കൂടി ഞാൻ പറയുന്നു – എന്റെ ചലച്ചിത്ര കലാപ്രവർത്തനങ്ങൾക്ക് താങ്ങായ, ജീവൻ ടിവിയും, ഈ മഹാപ്രയാണത്തിന്റെ ശൈശവം തൊട്ട് ഒപ്പമുണ്ടായിരുന്ന ഏറ്റവും പ്രിയപ്പെട്ട ബാബു ചേട്ടനും ജീവൻ ടിവിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബേബി മാത്യു സോമതീരവും അടക്കമുള്ള എല്ലാ പ്രിയപ്പെട്ടവരും എന്നും എന്റെ ഹൃദയത്തിലുണ്ടാകും.
കാറ്റും കോളും നിറഞ്ഞ മാധ്യമലോകത്ത്, പ്രതിസന്ധികളെ അതിജീവിച്ച് പുതിയകാലത്തിന്റെ നിയോഗങ്ങൾ ഏറ്റെടുത്ത് കുതിക്കുന്ന ജീവനും സാരഥികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ! ജീവന്റെ സ്പന്ദനങ്ങൾക്കൊപ്പം, തിരിനാളം പോലെ ഒപ്പമുള്ള ഈ യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ജീവൻ ടി.വി.യുടെ രജതജൂബിലിയുടെ ഈ ചരിത്രവേളയിൽ, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനം എന്ന നിലയിൽ മഹാത്മാഗാന്ധിയുടെ അഹിംസയുടെയും സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങളെ പുതുതലമുറയിലേക്ക് എത്തിക്കാനുള്ള പുതിയ സംരംഭത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ഗാന്ധിജിയുടെ ജീവിതദർശനം ഒരു ചരിത്രസ്മരണയായി മാത്രം ഒതുങ്ങാതെ, ഇന്നത്തെ ലോകത്തിന് വഴികാട്ടുന്ന മാനവികമൂല്യമായി മാറട്ടെ.

