തിരുവനന്തപുരം: സംസ്ഥാനത്തെ ബേക്കറികൾ വഴി 15% വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ നടപടി വിവാദമായ പശ്ചാത്തലത്തിൽ, അടിയന്തര നടപടി സ്വീകരിച്ച് സർക്കാർ. ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകാൻ ശുപാർശ ചെയ്ത അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽ കുമാറിനെ തൽസ്ഥാനത്തുനിന്ന് അടിയന്തരമായി മാറ്റി. പകരം വി. സുഭാഷിനെ പുതിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. അനിൽ കുമാറിന് നിലവിൽ പുതിയ നിയമനങ്ങളൊന്നും നൽകിയിട്ടില്ല.
അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ തന്നെ എക്സൈസ് മന്ത്രി എം ലിജു അറിയിച്ചിരുന്നു. സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ മന്ത്രി എന്ന നിലയിൽ തന്നെ അറിയിക്കണമായിരുന്നു. ഇക്കാര്യത്തിൽ ഉണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്താണ് ഉദ്യോഗസ്ഥനെതിരെ നടപടിയെന്നും മന്ത്രി വിവരിച്ചിരുന്നു. അതേസമയം വൻവിവാദത്തെ തുടർന്ന് ബേക്കറി വഴി ഹോർട്ടിവൈൻ വിൽപ്പനക്ക് അനുമതി നൽകിയ തീരുമാനം സർക്കാർ റദ്ദാക്കും.
മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി എം. ലിജുവും അറിയാതെയാണ് ഉദ്യോഗസ്ഥ തലത്തിൽ ഇത്തരമൊരു സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മാധ്യമ വാർത്തകളിലൂടെയാണ് മന്ത്രി ഈ വിവരമറിഞ്ഞത്. പുതിയ മദ്യനയം ചർച്ച ചെയ്യുന്ന ഘട്ടത്തിൽ സർക്കാരിനെ അറിയിക്കാതെ ഇത്തരമൊരു ലൈസൻസ് അനുവദിച്ചത് ഗുരുതര വീഴ്ചയായി സർക്കാർ കണക്കാക്കുന്നു. 2024-ൽ മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തി നിശ്ചിത വിസ്തീർണ്ണമുള്ള ബേക്കറികൾക്കും സൂപ്പർമാർക്കറ്റുകൾക്കും ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകുന്ന നിയമം കൊണ്ടുവന്നത്. എന്നാൽ ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴത്തെ സർക്കാർ അറിയാതെ ഉദ്യോഗസ്ഥർ ലൈസൻസ് അനുവദിക്കുകയായിരുന്നു.
ഇടത് സര്‍ക്കാരിന്റെ നിയമ ഭേദഗതിയെക്കുറിച്ച് നിയമോപദേശം തേടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നൽകി. ഒന്നും അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദത്തെ മുന്‍ എക്സൈസ് മന്ത്രി എം ബി രാജേഷ് ചോദ്യം ചെയ്തു. സര്‍ക്കാര്‍ അച്ചടക്ക നടപടിയുടെ സ്വരത്തിൽ നീങ്ങുമ്പോള്‍ ലൈസന്‍സ് നിയമപ്രകാരമെന്ന് നിലപാടിലാണ് എക്സൈസ് കമ്മീഷണറേറ്റ്. നയപ്രശ്നത്തില്‍ കുരുങ്ങി നില്‍ക്കുകയാണ് സര്‍ക്കാര്‍. വീര്യം കുറഞ്ഞ മദ്യ വിൽപന അനുമതി കൊടുക്കണോയെന്ന തര്‍ക്കത്തിൽ നയപരമായ തീരുമാനത്തിന് യു ഡി എഫ് നിൽക്കെയാണ് ഹോര്‍ട്ടി വൈൻ വിൽപ്പന അനുമതി വിവാദവും ആളിക്കത്തുന്നത്.
2024 ജനുവരിയിലാണ് എൽഡിഎഫ് സർക്കാർ അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തി 15.5 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള ഹോർട്ടി വൈൻ ഉത്പാദിപ്പിച്ച് ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ്, ഷോപ്പിംഗ് മാൾ, ബേക്കറി എന്നിവകളിൽ വിൽപ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത്. 10,000 രൂപ വീതം വാർഷിക ഫീസ് ഈടാക്കി എക്സൈസ് കമ്മീഷണറുടെ അനുമതിയോടുകൂടി ജോയിൻ്റ് എക്സൈസ് കമ്മീഷണർമാർക്ക് വിൽപ്പനയ്ക്കുള്ള ലൈസൻസ് നൽകാൻ ഈ ഉത്തരവ് പ്രകാരം കഴിയും. ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ, 2025 നവംബർ 20 ന് ലഭിച്ച അപേക്ഷയിൽ ഈ വർഷം ജൂൺ 21ന് എക്സൈസ് കമ്മീഷണറേറ്റിൽ നിന്ന് ഒരു ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് അനുവദിക്കുകയായിരുന്നു. എന്നാൽ, സർക്കാരുമായി ഒരു കൂടിയാലോചനകളും നടത്താതെയാണ് ഉദ്യോഗസ്ഥ തലത്തിൽ ലൈസൻസിന് അനുമതി നൽകി ഉത്തരവിറക്കിയതെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

