Monday, October 19, 2026
Home » ഫ്രാൻസിൽ വൻതോതിലുള്ള അക്രമങ്ങളും നാശനഷ്ടങ്ങളും; പ്രക്ഷോഭം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു.
ഫ്രാൻസിൽ വൻതോതിലുള്ള അക്രമങ്ങളും നാശനഷ്ടങ്ങളും; പ്രക്ഷോഭം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു.

ഫ്രാൻസിൽ വൻതോതിലുള്ള അക്രമങ്ങളും നാശനഷ്ടങ്ങളും; പ്രക്ഷോഭം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു.

by Editor

പാരിസ്: വർധിക്കുന്ന ജീവിതച്ചെലവുകൾക്കെതിരെ ഫ്രാൻസിൽ കത്തിപ്പടർന്ന സർക്കാർവിരുദ്ധ യുവജനപ്രക്ഷോഭം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. ഒക്ടോബർ മാസത്തിൽ യൂറോപ്പിലുടനീളം ലക്ഷക്കണക്കിന് ആളുകളാണ് തെരുവിൽ ഇറങ്ങിയിരിക്കുന്നത്. എന്നാൽ, ഇവ ഒരൊറ്റ കേന്ദ്രീകൃത പ്രസ്ഥാനത്തിൻ്റെ ഭാഗമല്ല, മറിച്ച് ഓരോ രാജ്യത്തെയും സമാനമായ സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ സ്വയംഭൂവായ പ്രതിഷേധങ്ങളാണ്.

ഇറ്റലിയിലെ മിലാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെയും, വിവിധ യുദ്ധങ്ങളിൽ രാജ്യം പങ്കാളിയാകുന്നതിനെതിരെയും വൻ ജനകീയ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. Piazza Duomo-യിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

പോർച്ചുഗലിലെ ലിസ്ബൺ, പോർട്ടോ, കോയിമ്പ്ര തുടങ്ങിയ നഗരങ്ങളിൽ വൻ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ഭവനരഹിതരുടെ പ്രശ്നങ്ങൾ, കുറഞ്ഞ വേതനം, ഇന്ധനവില വർധനവ് എന്നിവയ്‌ക്കെതിരെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ബെൽജിയത്തിൽ പ്രധാനമായും വിദ്യാഭ്യാസച്ചെലവുകൾ വർധിക്കുന്നതിനെതിരെയും സർവകലാശാലാ ഫീസുകൾ കൂട്ടുന്നതിനെതിരെയും വിദ്യാർത്ഥികളും യുവാക്കളുമാണ് പ്രതിഷേധരംഗത്തുള്ളത്.

അഴിമതി, തൊഴിലില്ലായ്മ, മോശം വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവയ്‌ക്കെതിരെ അൽബേനിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൻതോതിൽ സർക്കാർ വിരുദ്ധ കലാപങ്ങൾ നടക്കുകയാണ്. സ്പെയിനിൽ ഭവന ലഭ്യതയുമായി ബന്ധപ്പെട്ടും, ഗ്രീസിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫാക്ടറി തൊഴിലാളികളും പ്രതിഷേധത്തിലാണ്.

യൂറോപ്പിലുടനീളം പണപ്പെരുപ്പം രൂക്ഷമായതോടെ സാധാരണക്കാർക്ക് ജീവിക്കാൻ ആവശ്യമായ സാധനങ്ങളുടെ വില കുതിച്ചുയർന്നു. വാടകയും വീടുകളുടെ വിലയും സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിധം വർധിച്ചു. വരും ദിവസങ്ങളിൽ ജർമ്മനി, ഓസ്ട്രിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ കൂടുതൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഫ്രാൻസിൽ വൻതോതിലുള്ള അക്രമങ്ങളും നാശനഷ്ടങ്ങളും

ഫ്രാൻസിലെ ജീവിതച്ചെലവ് വർധനവിനെതിരെയുള്ള ജനകീയ പ്രക്ഷോഭം അതീവ അക്രമാസക്തമായ കലാപമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിൻ്റെ വിവിധ നഗരങ്ങളിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ തെരുവ് യുദ്ധമാണ് നടക്കുന്നത്. ലിമോഗ്സ് (Limoges) നഗരത്തിലെ ചരിത്രപ്രസിദ്ധമായ സിറ്റി ഹാൾ (Town hall) കെട്ടിടത്തിന് പ്രതിഷേധക്കാർ തീയിട്ടു. തീപിടുത്തത്തിൽ കെട്ടിടത്തിൻ്റെ ക്ലോക്ക് ടവർ തകർന്നു വീണു. 1873 ൽ നിർമിച്ച സിറ്റിഹാൾ ഗോപുരം പൂർണമായും കത്തിയമർന്നു. ലിയോണിൽ ടൂറിസ്‌റ്റ് ഓഫിസിനു തീയിട്ടു. മാഴ്സെ (Marseille), ലിയോൺ (Lyon), ബോർഡോ (Bordeaux) തുടങ്ങിയ നഗരങ്ങളിലെ സർക്കാർ ഓഫീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.

പാരിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ മുഖംമൂടി ധരിച്ച അക്രമികൾ പ്രമുഖ ബ്രാൻഡുകളുടെ വസ്ത്രശാലകൾ, സൂപ്പർമാർക്കറ്റുകൾ, മൊബൈൽ ഷോപ്പുകൾ എന്നിവ തല്ലിത്തകർത്ത് കൊള്ളയടിച്ചു. ആയിരത്തിയഞ്ഞൂറോളം ബിസിനസ്സ് സ്ഥാപനങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചത്. റോഡുകളിൽ കാറുകൾക്കു തീയിട്ടു. സർക്കാർ ഓഫിസുകൾക്കും പൊലീസ് വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായി.

അക്രമികളെ അടിച്ചമർത്താൻ പോലീസ് കണ്ണീർ വാതകവും വാട്ടർ കാനനുകളും പ്രയോഗിച്ചു. ഏറ്റുമുട്ടലുകളിൽ 150-ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യവ്യാപകമായി ഇതുവരെ 1,800-ലധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. അടുത്തവർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്മാനുവൽ മക്രോ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായത്.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ അംഗീകരിക്കുന്നു, എന്നാൽ ജനജീവിതം തടസ്സപ്പെടുത്തുന്ന അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അടിയന്തര യോഗം വിളിച്ചതിന് ശേഷം ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ രാജ്യത്തെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി. പൊതുമുതൽ നശിപ്പിച്ചവരും കടകൾ കൊള്ളയടിച്ചവരും കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും, അക്രമങ്ങൾ തടയാൻ ആവശ്യമെങ്കിൽ രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും മാക്രോൺ മുന്നറിയിപ്പ് നൽകി.

‘പ്രക്ഷോഭങ്ങൾക്ക് കാരണം കുടിയേറ്റം, ഇനിയെങ്കിലും അതിർത്തികൾ അടയ്ക്കൂ’: ഡൊണാൾഡ് ട്രംപ്

Send your news and Advertisements

You may also like

error: Content is protected !!