ഏദൻ: യെമനിലെ താൽക്കാലിക തലസ്ഥാനമായ ഏദനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ നിന്ന് ഒരു യാത്രാവിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലേക്ക് 500-ഓളം യാത്രക്കാരുമായി പുറപ്പെടാൻ തയാറെടുക്കുകയായിരുന്ന യെമനിയ എയർവേയ്സിന്റെ (Yemenia Airways) ഐവൈ 612 വിമാനത്തിന് സമീപമാണ് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത്.
വിമാനത്തിൽ നിന്നും കേവലം 500 മീറ്റർ അകലെയും റൺവേയുടെ മധ്യഭാഗത്തുനിന്ന് 100 മീറ്റർ മാത്രം മാറിയുമാണ് മിസൈലുകൾ വന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഉടൻ തന്നെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കേവലം ഒരാഴ്ചയ്ക്കുള്ളിൽ ഏദൻ വിമാനത്താവളത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. തൊട്ടടുത്ത ദിവസങ്ങളിൽ ഏദനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു.
വിമാനത്താവളത്തിന് സമീപമുള്ള ബദർ ക്യാമ്പിലെ സൗദി സൈനിക കമാൻഡ് ആസ്ഥാനവും ആയുധസംഭരണ ശാലയുമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഹൂതികളുമായി ബന്ധപ്പെട്ട സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ആക്രമണത്തിൽ സൗദി സഖ്യസേനയുടെ ആയുധപ്പുര തകർന്നതായും റിപ്പോർട്ടുണ്ട്.
അതിനിടെ സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കാൻ ഈജിപ്റ്റ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. യെമനിലെ ഹൂതി വിമതരിൽ നിന്നുള്ള ആക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് സൗദിക്ക് പ്രതിരോധ സഹായം നൽകാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി സന്നദ്ധത അറിയിച്ചത്. സൗദി അറേബ്യയുടെ സുരക്ഷയോ സ്ഥിരതയോ തകർക്കാൻ ഒട്ടും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അൽ സിസി, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സൗദി ആവശ്യപ്പെടുന്ന ഏതുതരം പ്രതിരോധ നടപടികളും സ്വീകരിക്കാൻ ഈജിപ്ത് തയാറാണെന്ന് അറിയിച്ചു.
വിദേശത്തേക്ക് സൈനിക സഹായം അയക്കുന്നതിന് മുന്നോടിയായി ഭരണഘടനാപരമായ അനുമതി നേടുന്നതിനായി ഈജിപ്ഷ്യൻ പാർലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഹൂതികൾ യെമനിലെ ചെങ്കടൽ തീരപ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തത് സൂയസ് കനാൽ വഴിയുള്ള കപ്പൽ ഗതാഗതത്തെ ബാധിക്കുമെന്ന ആശങ്ക ഈജിപ്തിനുണ്ട്. അതിനാൽ ചെങ്കടലിലെ സുരക്ഷാ നിരീക്ഷണം ശക്തമാക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്.
എന്നാൽ ഈജിപ്റ്റ് യെമൻ ആഭ്യന്തരയുദ്ധത്തിൽ സൈനികമായി ഇടപെടരുതെന്നും, രാഷ്ട്രീയമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും ആവശ്യപ്പെട്ട് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ പാർലമെന്റ് രംഗത്തെത്തിയിട്ടുണ്ട്.

