ന്യൂ ഡൽഹി: സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണം തുടരുന്ന സുരക്ഷാ പശ്ചാത്തലത്തിൽ, സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ 2026 ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയര് ഇന്ത്യയും, എയര് ഇന്ത്യ എക്സ്പ്രസും അറിയിച്ചു. വിസ കാലാവധി തീര്ന്ന പ്രവാസികളില് നിന്ന് പിഴ ഈടാക്കില്ലെന്നും, സര്വീസുകള് സാധാരണ നിലയിലാകുമ്പോള് നാട്ടിലേക്ക് മടങ്ങാമെന്നും ഇന്ത്യന് എംബസി അറിയിച്ചിട്ടുണ്ട്.
റിയാദ്, ദമാം, ജിദ്ദ എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലേക്കുള്ള സര്വീസുകളാണ് പൂര്ണമായും റദ്ദാക്കിയത്. എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസുമാണ് സര്വീസുകള് ഒക്ടോബര് 20 വരെ നീട്ടിയത്. ഇന്ഡിഗോ സര്വീസുകള് ഒക്ടോബര് 24 വരെയും നിര്ത്തിവെച്ചിട്ടുണ്ട്. ആകാശ എയര് റിയാദ് സര്വീസ് ഒക്ടോബര് 24 വരെയും ജിദ്ദ സര്വീസ് ഒക്ടോബര് 21 വരെയും റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി എയർലൈനുകളുടെ ഒഫീഷ്യൽ വെബ്സൈറ്റുകൾ വഴി വിമാനങ്ങളുടെ നിലവിലെ സർവീസ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്താൻ യാത്രക്കാരോട് കമ്പനികൾ നിർദേശിച്ചിട്ടുണ്ട്.
ഉംറ, വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസകളില് എത്തിയവര് എംബസിയുമായോ കോണ്സുലേറ്റുമായോ ബന്ധപ്പെടണമെന്ന് നിര്ദേശമുണ്ട്. നാട്ടില് നിന്ന് ഉംറയ്ക്കായി സൗദിയിലേക്ക് വരാന് കാത്തിരിക്കുന്നവര് യാത്രാ ഷെഡ്യൂള് പുനഃപരിശോധിക്കണമെന്ന് ഇന്ത്യന് കോണ്സുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കമ്പനികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് സർവീസുകൾ സുരക്ഷിതമായി പുനരാരംഭിക്കുമെന്നും എയർലൈനുകൾ വ്യക്തമാക്കി.
യാത്രക്കാര്ക്ക് ടിക്കറ്റ് തുക മുഴുവനായി തിരികെ വാങ്ങാം. അല്ലെങ്കില് മറ്റ് തീയതികളിലേക്ക് ഫ്ലൈറ്റ് ബുക്കിംഗ് സൗജന്യമായി മാറ്റാം. സൗദി എയര്ലൈന്സ്, ഫ്ലൈ നാസ് എന്നീ കമ്പനികള് മറ്റ് വിമാനത്താവളങ്ങള് വഴി ഭാഗികമായി സര്വീസ് നടത്തുന്നുണ്ട്. റിയാദ് വിമാനത്താവളം പൂര്ണമായി അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ട ഇന്ത്യൻ പൗരന്മാർ വ്യോമപാത അടച്ചിടാത്ത ബഹ്റൈൻ, കുവൈറ്റ്, ഖത്തർ തുടങ്ങിയ അയൽരാജ്യങ്ങൾ വഴി കണക്റ്റിങ് ഫ്ലൈറ്റുകൾ ഉപയോഗിക്കുന്നത് പരിഗണിക്കാൻ റിയാദിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. സൗദി എയർലൈൻസ് (Saudia) ദമാം, ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്നും ഫ്ലൈനാസ് (Flynas) ദമാമിൽ നിന്നും ഇന്ത്യയിലേക്ക് നിലവിൽ സർവീസ് നടത്തുന്നുണ്ടെന്നും എംബസി അറിയിച്ചു.
യമനിലെ ഹൂതി വിമതരും സൗദി സഖ്യസേനയും തമ്മിലുള്ള സംഘർഷങ്ങൾ കാരണം സൗദി അറേബ്യയിലെ വ്യോമഗതാഗതവും പൊതുജീവിതവും വലിയ രീതിയിൽ ബാധിക്കപ്പെട്ടിരിക്കുന്നു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ മാരകമായ ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ശക്തമായി അപലപിക്കുകയും, രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാനുള്ള സൗദിയുടെ സ്വയം പ്രതിരോധ അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തു. രക്ഷാസമിതിയുടെ ഈ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം ഇന്നലെ നന്ദി രേഖപ്പെടുത്തി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമം അനുവദിക്കുന്ന എല്ലാ നടപടികളും രാജ്യം തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

