മൈസൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ‘കാവേരി’ ട്രാവൽസിന്റെ സ്വകാര്യ എസി സ്ലീപ്പർ ബസ് കർണാടകയിലെ മൈസൂരുവിനടുത്ത് വെച്ച് ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ അടക്കം നാല് പേർ മരണപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 3.45-ഓടെ മൈസൂരു പെരിയപട്ടണക്ക് സമീപമാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്
ബസ് ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ, ബസ് ക്ലീനർ മലയാളി സുഹൈൽ, കോഴിക്കോട് മാങ്കാവ് സ്വദേശി സജേഷ്, ബേപ്പൂർ സ്വദേശി അഫ്താബ് എന്നിവരാണ് മരിച്ചത്. നാലു പേരുടെയും മൃതദേഹങ്ങൾ പെരിയ പട്ടണത്തെ സർക്കാർ ആശുപത്രിയിലാണ്. മരിച്ചതെല്ലാം ഡ്രൈവർ കാബിനിൽ ഉണ്ടായിരുന്നവരാണെന്നാണ് വിവരം.
അപകടത്തിൽ പരിക്കേറ്റ 15 പേരെ പെരിയ പട്ടണം, മൈസൂരു എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ എട്ടു പേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോർട്ട്. മുപ്പത് പേരാണ് ബസിൽ ഉണ്ടായിരുന്നത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു ഇരു വാഹനങ്ങളും. ലോറി പെട്ടെന്ന് ഇടത്തേക്ക് വെട്ടിച്ചതാണ് അപകടകാരണമെന്നാണ് സൂചന. നിയന്ത്രണം വിട്ട ചരക്കുലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ

