തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2500 കോടി രൂപ ചെലവഴിച്ചുള്ള അന്താരാഷ്ട്ര ടെർമിനൽ വികസന പദ്ധതിയായ ‘പ്രോജക്ട് അനന്ത’യ്ക്ക് ഇന്ന് തുടക്കമാകും. അദാനി എയർപോർട്ട്സിന്റെ കീഴിൽ വിമാനത്താവളം അഞ്ച് വർഷത്തെ വളർച്ച പൂർത്തിയാക്കുന്ന വേളയിലാണ് ഈ വൻകിട വികസന പദ്ധതിക്ക് തുടക്കമാകുന്നത്.
വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ വികസനത്തോടെ വിമാനത്താവളത്തിന്റെ വാർഷിക യാത്രക്കാരുടെ ശേഷി നിലവിലുള്ള 35 ലക്ഷത്തിൽ (3.5 Million) നിന്ന് 1.15 കോടിയായി (11.5 Million) ഉയരും. ആകെ 92,552 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പുതിയ വികസനം നടപ്പിലാക്കുന്നത്.
ആധുനിക ചെക്ക്-ഇൻ സൗകര്യങ്ങൾ, വിപുലീകരിച്ച ഇമിഗ്രേഷൻ കൗണ്ടറുകൾ, പുതിയ ബാഗേജ് ഹാൻഡ്ലിംഗ് സംവിധാനങ്ങൾ, വിശാലമായ റീട്ടെയിൽ-ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് സൗകര്യങ്ങൾ എന്നിവയാണ് പുതിയ ടെർമിനലിന്റെ പ്രധാന ആകർഷണങ്ങൾ. ഏകദേശം 8,700 കോടി നിക്ഷേപം ലക്ഷ്യമിടുന്ന ‘പ്രോജക്ട് അനന്ത’യുടെ ഭാഗമായുള്ള ഈ വികസന പ്രവർത്തനം, തിരുവനന്തപുരം വിമാനത്താവളത്തെ ഭാവിയിലെ വളർച്ചയ്ക്ക് സജ്ജമായ ലോകോത്തര യാത്രാ കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാർക്ക് നൽകുന്ന മികച്ച സേവനത്തിന് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരങ്ങൾ വിമാനത്താവളത്തെ തേടിയെത്തി. സുരക്ഷാ രംഗത്ത് നൂതന ക്രാഷ് ഫയർ ടെൻഡറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കി അടിയന്തര പ്രതികരണ ശേഷി വർധിപ്പിച്ചു. മികച്ച മാലിന്യസംസ്കരണ പ്രവർത്തനങ്ങളിലൂടെ ‘സീറോ വേസ്റ്റ് ടു ലാൻഡ്ഫിൽ’ സർട്ടിഫിക്കേഷൻ നേടിയ ഇന്ത്യയിലെ ആദ്യ വിമാനത്താവളം എന്ന പെരുമയും തിരുവനന്തപുരം സ്വന്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിമാനത്താവളത്തിൻ്റെ പ്രതിദിന വിമാന സർവീസുകളുടെ എണ്ണം 45-ൽ നിന്ന് 90 ആയി ഇരട്ടിയായി. പ്രതിദിന യാത്രക്കാരുടെ എണ്ണം ഏകദേശം 5,500ൽ നിന്ന് 15,000 ആയി ഉയർന്നു. പ്രവർത്തിക്കുന്ന വിമാനക്കമ്പനികളുടെ എണ്ണം 11-ൽ നിന്ന് 17 ആയി വർധിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ 47 ലക്ഷം യാത്രക്കാരെയും 31,366 വിമാന നീക്കങ്ങളെയും വിമാനത്താവളം കൈകാര്യം ചെയ്തു. നിലവിൽ 14 രാജ്യാന്തര, 8 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റിയുണ്ട്.

