ബർലിൻ: ജർമനിയിലെ ബോഹും (Bochum) നഗരത്തിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് മലയാളികൾ ദാരുണമായി കൊല്ലപ്പെട്ടു. കട്ടപ്പന, ഇരട്ടയാർ ശാന്തിഗ്രാം സ്വദേശി കൊച്ചെടാട്ട് നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ്, കാലടി സ്വദേശിനി സ്വിൻ ജോണി എന്നിവരാണ് മരണപ്പെട്ടത്. മൂന്ന് മാസം മുൻപ് പഠനത്തിനായി ജർമനിയിലെത്തിയ നോവയും സുഹൃത്തുക്കളും രണ്ടാഴ്ച മുമ്പാണ് ഈ കെട്ടിടത്തിലെ രണ്ടാം നിലയിലേക്ക് താമസം മാറിയത്.
അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസുകാരനായ റൊമാനിയൻ പൗരനെ ജർമൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ബോഷമിലെ ഹോഫ്സ്സ്റ്റെഡെ മേഖലയിലുള്ള ബഹുനില പാർപ്പിട സമുച്ചയത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ദുരന്തം സംഭവിച്ചത്. കെട്ടിടത്തിൻ്റെ രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിലാണ് മൂന്ന് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയത്. പുക ശ്വസിച്ചും പൊള്ളലേറ്റും ഗുരുതരാവസ്ഥയിലായ അഞ്ച് പേരെ ബോഷമിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. പരിക്കേറ്റവരുടെ മറ്റ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കോണിപ്പടിയിലൂടെ തീ അതിവേഗം മുകളിലത്തെ നിലകളിലേക്ക് ആളിപ്പടർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. ഈ പ്രതികൂല സാഹചര്യം കാരണം ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൃത്യ സമയത്ത് അപ്പാർട്ട്മെന്റുകൾക്കുള്ളിൽ പ്രവേശിക്കാനും മുകളിലെ നിലകളിൽ കുടുങ്ങിക്കിടന്നവരുടെ അടുക്കൽ എത്തിച്ചേരാനും സാധിച്ചില്ല. തീപിടിത്തത്തിൻ്റെ കാരണം സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത് ആസൂത്രിതമായ തീവെയ്പ്പാണെന്ന ശക്തമായ സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. തീ മനപൂർവം കൊളുത്തിയതാണോ അതോ അശ്രദ്ധമൂലം സംഭവിച്ചതാണോ എന്നറിയാൻ പൊലീസ് വിശദമായ ശാസ്ത്രീയ പരിശോധനകൾ നടത്തിവരികയാണ്.

