Tuesday, October 13, 2026
Home » 19-ാം വയസില്‍ മിനി കൂപ്പര്‍; മദ്യലഹരിയിൽ നൈറ്റ് ഡ്രൈവിൽ ഇല്ലാതാക്കിയത് മൂന്നുപേരെ
19-ാം വയസില്‍ മിനി കൂപ്പര്‍; മദ്യലഹരിയിൽ നൈറ്റ് ഡ്രൈവിൽ ഇല്ലാതാക്കിയത് മൂന്നുപേരെ

19-ാം വയസില്‍ മിനി കൂപ്പര്‍; മദ്യലഹരിയിൽ നൈറ്റ് ഡ്രൈവിൽ ഇല്ലാതാക്കിയത് മൂന്നുപേരെ

by Editor

നെടുമ്പാശ്ശേരി: ഞായറാഴ്‌ച പുലർച്ചെ നെടുമ്പാശ്ശേരി -എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടു യുവതികളും ഒരു യുവാവും മരിച്ച സംഭവത്തിൽ കാർ ഓടിച്ച സുഹൈൽ പതിവായി അമിത വേഗത്തിലാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ്. സംഭവം നാടിനെ നടുക്കിയപ്പോൾ ചർച്ചയാവുന്നത് മത്സരയോട്ടം. സുഹൈൽ‍ മുൻപ് 218 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ചതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മദ്യ ലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ സുഹൈൽ സജീവ് (19) ഇപ്പോൾ റിമാൻഡിലാണ്. അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. വസ്ത്ര വ്യാപാരിയുടെ മകനായ സുഹൈൽ രാജഗിരി കോളജിലെ ബികോം വിദ്യാർഥിയാണ്. തൃക്കാക്കരയാണ് സുഹൈൽ താമസിക്കുന്നത്. മദ്യപിച്ചിരുന്നതായി സുഹൈൽ പൊലീസിനോട് പറഞ്ഞു.

എറണാകുളത്ത് ഏവിയേഷന്‍ പഠനം പൂര്‍ത്തിയാക്കി, പുതിയ ജീവിതം സ്വപ്നം കണ്ട് ജോലിക്ക് കയറുന്ന ഇടവേളയില്‍ തൃക്കാക്കരിലെ കരകൗശല വ്യാപാര സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു ദേവികയും ഗോപികയും ഇയാസും. സുഹൃത്തുക്കള്‍ക്കൊപ്പം വൈകിട്ട് പുറത്തിറങ്ങിയ മൂന്നുപേരും നെടുമ്പാശേരിയില്‍ നിന്ന് രാത്രി തിരികെ വീട്ടിലേക്ക് മടങ്ങവെയായിരുന്നു ദാരുണമായ അപകടം. മരിച്ച മൂന്നു പേരും സ്കൂട്ടറിലാണു സഞ്ചരിച്ചിരുന്നത്.

അപകടമുണ്ടായ സ്‌ഥലത്ത് രാത്രിയിൽ കാറുകളുടെയും ബൈക്കുകളുടെയും മത്സര ഓട്ടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. പല വാഹനങ്ങൾക്കും നമ്പർ പ്ലേറ്റ് ഉണ്ടാകില്ല. രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് വാഹനങ്ങളുടെ മത്സരഓട്ടം നടക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. അടുത്തിടെയായി ദേശീയപാതയിൽ അത്താണി ജങ്ഷനും എയർപോർട്ട് ജങ്ഷനും എയർപോർട്ട് റോഡും സ്ഥിരം അപകടമേഖലയായി. ഇവിടെ നൈറ്റ് ഡ്രൈവ് ട്രെൻഡാണ്. റീൽസ് ചിത്രീകരണവും തകൃതിയായി നടക്കുന്നുണ്ട്.

കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ടതറിഞ്ഞിട്ടും ലഹരി തലയ്ക്ക് പിടിച്ച സുഹൈല്‍ സജീവ് കാറില്‍ നിന്ന് ഇറങ്ങിയില്ല. ഒടുവില്‍ പിടിച്ച് വലിച്ച് പുറത്തിറക്കിയ നാട്ടുകാരാണ് പ്രതിയെ നെടുമ്പാശേരി പൊലീസിന് കൈമാറിയത്. ബിയര്‍ മാത്രമാണ് കഴിച്ചതെന്നായിരുന്നു സുഹൈലിൻ്റെ ആദ്യ മൊഴി. പ്രാഥമിക വൈദ്യ പരിശോധനയില്‍ തന്നെ മദ്യം കഴിച്ചതായി തെളിഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ ശനിയാഴ്ച ഉച്ചമുതല്‍ മൂന്ന് ബാറുകളില്‍ കയറി മദ്യപിച്ചെന്ന് സുഹൈല്‍ സമ്മതിച്ചു. മദ്യത്തിനപ്പുറം രാസ ലരഹിയും പ്രതി ഉപയോഗിച്ചിടുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. വാഹനത്തില്‍ അതുമായി ബന്ധപ്പെട്ട തെളിവുകളുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. രക്ത, മൂത്ര പരിശോധന ഫലങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ അതിന് സ്ഥിരീകരണമാകൂ.

ആലപ്പുഴ ആലിശ്ശേരി സ്വദേശി സജീവ് ജമാലിന്‍റെയും ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ഇഹ ഡിസൈന്‍സിന്‍റെ ഉടമ നൂഹ സജീവിന്‍റെയും മകനാണ് ബികോം വിദ്യാര്‍ത്ഥിയായ സുഹൈൽ സജീവ്. സുഹൈലിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിലും പിതാവിൻ്റെ ഉടമസ്ഥതയിലാണ് അപകടമുണ്ടാക്കിയ മിനി കൂപ്പർ.

Send your news and Advertisements

You may also like

error: Content is protected !!