കറാച്ചി: പാക്കിസ്ഥാനിലെ നിലവിലുള്ള നാല് പ്രവിശ്യകളെ വിഭജിച്ച് 12 മുതൽ 15 വരെ ചെറിയ ഭരണപ്രവിശ്യകളാക്കി മാറ്റാനുള്ള സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും ഭരണകൂടത്തിന്റെയും നീക്കങ്ങൾക്കെതിരെ കറാച്ചിയിൽ വൻ ജനകീയ പ്രതിഷേധം. ഭരണസൗകര്യം മെച്ചപ്പെടുത്താനെന്ന പേരിൽ പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ എന്നീ പ്രവിശ്യകളെ വിഭജിക്കാനുള്ള നിർദ്ദേശങ്ങളാണ് പ്രതിഷേധത്തിന് വഴിവെച്ചത്.
ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി പുതിയ പ്രവിശ്യകൾക്കായി ഹിതപരിശോധന നടത്തുന്ന കാര്യം മുന്നോട്ടുവെച്ചതോടെ സിന്ധിൽ എതിർപ്പ് ശക്തമായി. ‘ജിയേ സിന്ധ് റഹ്ബർ കമ്മിറ്റി’യുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് സിന്ധി ദേശീയവാദികളും, അഭിഭാഷകരും, രാഷ്ട്രീയ പ്രവർത്തകരും പരമ്പരാഗത അജ്റക് ഷാളുകൾ അണിഞ്ഞ് കറാച്ചിയിലെ തെരുവിലിറങ്ങി. ഹൈദരാബാദ്, ലർക്കാന തുടങ്ങിയ സിന്ധിലെ മറ്റ് നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്.
സിന്ധിന്റെ അഖണ്ഡതയും സ്വത്വവും തകർക്കാനും വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം കൈക്കലാക്കാനുമുള്ള പഞ്ചാബ് ആധിപത്യ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും ഗൂഢാലോചനയാണിതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ‘ജിയേ സിന്ധ് മുത്തഹിദ മഹാസ്’ (JSMM) പോലുള്ള സംഘടനകൾ പഞ്ചാബിലേക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും സ്വതന്ത്ര ‘സിന്ധുദേശ്’ എന്ന ആവശ്യം വീണ്ടും ഉയർത്തുകയും ചെയ്തിട്ടുണ്ട്.
സിന്ധ് പ്രവിശ്യയെ ബലപ്രയോഗത്തിലൂടെ വിഭജിക്കാൻ ശ്രമിച്ചാൽ അത് ആഭ്യന്തര സംഘർഷത്തിനും രക്തച്ചൊരിച്ചിലിനും ഇടയാക്കുമെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (PPP) ചെയർമാൻ ബിലാവൽ ഭൂട്ടോ-സർദാരി മുന്നറിയിപ്പ് നൽകി. അതേസമയം, വിഭജനത്തെ അനുകൂലിക്കുന്ന ചില രാഷ്ട്രീയ വിഭാഗങ്ങളും കറാച്ചിയിൽ റാലികൾ നടത്താൻ ഒരുങ്ങുന്നത് നഗരത്തിൽ സംഘർഷഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ നാല് പ്രവിശ്യകളെ പന്ത്രണ്ടോ അതിലധികമോ ചെറിയ യൂണിറ്റുകളായി വിഭജിക്കാനാണ് നീക്കം നടക്കുന്നത്. ഔദ്യോഗിക രേഖകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മുകളിൽ യഥാർത്ഥ അധികാരം കയ്യായാളുന്ന സൈനിക മേധാവി അസിം മുനീറാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

