Tuesday, November 24, 2026
Home » മലങ്കര സഭയിലെ പരമാധികാര തർക്കം: ചരിത്രം പറയുന്നതെന്ത്?
മലങ്കര സഭയിലെ പരമാധികാര തർക്കം: ചരിത്രം പറയുന്നതെന്ത്?

മലങ്കര സഭയിലെ പരമാധികാര തർക്കം: ചരിത്രം പറയുന്നതെന്ത്?

മലങ്കര സഭ: "അന്ത്യോഖ്യൻ പാരമ്പര്യം" എന്ന അവകാശവാദത്തിന്റെ ചരിത്രപരിശോധന:  ഭാഗം 2

by Editor

ഈ പരമ്പരയുടെ ഒന്നാം ഭാഗത്തിൽ, മലങ്കര സഭയിലെ ഓർത്തഡോക്സ്–യാക്കോബായ തർക്കത്തിന്റെ കാതൽ വിശ്വാസമല്ല, ഭരണവും സ്വത്തുമാണ് എന്ന് നാം കണ്ടു. എ.ഡി. 52-ൽ മാർത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച സഭയ്ക്ക് വിദേശ മേൽകൊയ്മ ആവശ്യമില്ല എന്ന് ഓർത്തഡോക്സ് സഭ പറയുന്നു. എന്നാൽ പൗരോഹിത്യവും ആത്മീയ നേതൃത്വവും അന്ത്യോഖ്യയിൽ നിന്ന് ലഭിച്ചതിനാൽ മലങ്കര സഭ അന്ത്യോഖ്യൻ സഭയ്ക്ക് കീഴിലാകണം എന്നാണ് യാക്കോബായ പക്ഷത്തിന്റെ വാദം. എന്നാൽ മലങ്കര സഭ അന്ത്യോഖ്യയ്ക്ക് കീഴിലാകണം എന്ന യാക്കോബായ വാദത്തിന്റെ അടിസ്ഥാനമായ “അന്ത്യോഖ്യൻ പാരമ്പര്യം” ചരിത്രപരമായി നിലനിൽക്കുന്നില്ല എന്നാണ് ഒന്നാം ഭാഗത്തിന്റെ പഠനം നമ്മെ പഠിപ്പിക്കുന്നത്. അന്ത്യോഖ്യ ഒരു ഗ്രീക്ക് നഗരമായിരുന്നു. “അന്ത്യോഖ്യൻ സ്കൂൾ” എന്ന ദൈവശാസ്ത്രധാരയെ സുറിയാനി ഓർത്തഡോക്സ് സഭ തന്നെ തള്ളിക്കളഞ്ഞതാണ്. അവരുടെ ക്രിസ്തുവിജ്ഞാനീയവും യാക്കോബ് ബുർദ്ദാനയിലൂടെ വീണ്ടെടുത്ത മെത്രാൻ പിന്തുടർച്ചയും അലക്സന്ത്രിയയിൽ നിന്നുള്ളതാണ്. പതിനഞ്ച് നൂറ്റാണ്ടായി അന്ത്യോഖ്യ ഒരു സ്ഥാനപ്പേര് മാത്രമാണ്.

അന്തയോഖ്യൻ പാരമ്പര്യത്തിന്റെ അടിസ്ഥാനം അല്പം ദുർബലമായി എന്ന് നിഷ്പക്ഷമായ എന്റെ നിരീക്ഷണത്തിൽ തോന്നുന്നു.

അടുത്ത ചോദ്യം അധികാരത്തെക്കുറിച്ചാണ്. പത്രോസ് ശ്ലീഹായുടെ സിംഹാസനം എന്ന അവകാശവാദം അന്ത്യോഖ്യൻ പാത്രിയർക്കീസിന് മലങ്കരയുടെ മേൽ ഭരണാധികാരം നൽകുന്നുണ്ടോ?
പാത്രിയർക്കീസ് പത്രോസ് ശ്ലീഹായുടെ സിംഹാസനത്തിൽ ഇരിക്കുന്നു, അതുകൊണ്ട് മലങ്കര അദ്ദേഹത്തിന് കീഴിലാണ് എന്ന് യാക്കോബായ (പാത്രിയർക്കീസ്) വിഭാഗം പറയുന്നു. മലങ്കര സഭ തോമാ ശ്ലീഹായുടെ സിംഹാസനമാണ്, പാത്രിയർക്കീസിനോടുള്ള ബന്ധം ബഹുമാനത്തിന്റേതാണ്, ഭരണം കാതോലിക്കായ്ക്കാണ് എന്ന് ഓർത്തഡോക്സ് (കാതോലിക്കാ) വിഭാഗം പറയുന്നു. ചരിത്രരേഖകളുടെയും സുന്നഹദോസുകളുടെ കാനോനുകളും മറ്റുള്ള ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പൊതു പാരമ്പര്യങ്ങളും, കോടതി വിധികളും ഇവിയെല്ലാം ഇതേ പറ്റി എന്ത് സൂചിപ്പിക്കുന്നു എന്ന് പരിശോധിക്കാം.

ആരാധന ക്രമവും സഭാഭരണവും

ഒരേ ആരാധനാക്രമം പിന്തുടരുന്ന സഭകൾ ഒരേ തലവന് കീഴിലാണോ? ഇതിന് ഉത്തരം തേടി ദൂരെയെങ്ങും പോകേണ്ടതില്ല. 1930-ൽ മാർ ഈവാനിയോസ് റോമുമായി ഐക്യപ്പെട്ടതോടെ രൂപംകൊണ്ട സീറോ മലങ്കര കത്തോലിക്കാ സഭ ഇന്നും യാക്കോബ് ശ്ലീഹായുടെ തക്സായാണ് അർപ്പിക്കുന്നത്. അവരുടെ ആരാധനാ വസ്ത്രങ്ങളും പടിഞ്ഞാറൻ സുറിയാനി പാരമ്പര്യം തന്നെ. എന്നാൽ ഭരണപരമായി ആ സഭ റോമാ മാർപാപ്പയുമായുള്ള കൂട്ടായ്മയിലാണ്, അന്ത്യോഖ്യയുമായല്ല.
ഇനിയും കിഴക്കൻ സുറിയാനി ക്രമം ഉപയോഗിക്കുന്ന സീറോ മലബാർ സഭയുടെ കാര്യവും ഇതുതന്നെ; ആ ക്രമം വന്ന പേർഷ്യൻ സഭയുടെ കീഴിലല്ല, റോമുമായുള്ള കൂട്ടായ്മയിലാണ് അവർ. ആരാധനാക്രമം പങ്കിടുന്നതുകൊണ്ട് ഭരണപരമായ വിധേയത്വം ഉണ്ടാകുന്നില്ല എന്നാണ് ഈ രണ്ട് ഉദാഹരണങ്ങളും കാണിക്കുന്നത്. ആരാധനാ പാരമ്പര്യവും സഭാഭരണവും സഭാചരിത്രത്തിൽ രണ്ട് വ്യത്യസ്ത കാര്യങ്ങളായാണ് നിലനിന്നിട്ടുള്ളത്.

പാത്രിയർക്കീസ് വിഭാഗത്തിന്റെ മറുപടി, തങ്ങളുടെ നിലപാട് ആരാധനാക്രമത്തെ മാത്രം ആശ്രയിച്ചുള്ളതല്ല എന്നാണ്. 1653-ലെ കൂനൻ കുരിശ് സത്യത്തിനും 1665-ൽ അന്ത്യോഖ്യയിൽ നിന്ന് മാർ ഗ്രീഗോറിയോസ് എത്തിയതിനും ശേഷം മലങ്കര സഭ തന്നെ പാത്രിയർക്കീസിന്റെ സഭാപരമായ മേലധികാരം സ്വീകരിച്ചു; 1876-ലെ മുളന്തുരുത്തി സുന്നഹദോസ് അത് ഔപചാരികമായി ഉറപ്പിച്ചു. ക്രമം മാത്രമല്ല, നൂറ്റാണ്ടുകളായി നിലനിന്ന ഹയരാർക്കിക്കൽ ബന്ധമാണ് തങ്ങളുടെ വാദത്തിന്റെ അടിസ്ഥാനം എന്ന് അവർ പറയുന്നു.

ആധാരം: Baby Varghese, West Syrian Liturgical Theology (Ashgate, 2004); Ronald G. Roberson, The Eastern Christian Churches: A Brief Survey (CNEWA), “The Syro-Malankara Catholic Church”, “The Syro-Malabar Catholic Church”.

“ഓർത്തഡോക്സ് കുടുംബത്തിലെ പിരുവുകൾ “

451-ലെ കല്ക്കദോൻ സുന്നഹദോസിന് ശേഷമാണ് ഓർത്തഡോക്സ് ലോകം രണ്ടായി പിരിഞ്ഞത്. ഏഴ് സാർവത്രിക സുന്നഹദോസുകളും അംഗീകരിക്കുന്നവരാണ് ഈസ്റ്റേൺ ഓർത്തഡോക്സ് സഭകൾ: കുസ്തന്തീനോപ്പോലീസ്, അലക്സന്ത്രിയായിലെയും അന്ത്യോഖ്യയിലെയും ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കേറ്റുകൾ, യെരുശലേം, റഷ്യ, സെർബിയ, റൊമേനിയ, ബൾഗേറിയ, ജോർജിയ, ഗ്രീസ് തുടങ്ങിയവ. നിഖ്യാ (325), കുസ്തന്തീനോപ്പോലീസ് (381), എഫേസൂസ് (431) എന്നീ മൂന്ന് സുന്നഹദോസുകൾ മാത്രം അംഗീകരിക്കുന്നവരാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. കോപ്റ്റിക്, സുറിയാനി, അർമേനിയൻ, എത്യോപ്യൻ, എറിത്രിയൻ, മലങ്കര ഓർത്തഡോക്സ് സഭകൾ ഈ കുടുംബത്തിൽപ്പെടുന്നു.

രണ്ട് കുടുംബങ്ങളിലും ഓരോ സഭയ്ക്കും സ്വന്തം തലവനുണ്ട്. ഈസ്റ്റേൺ ഓർത്തഡോക്സ് സഭകൾക്കിടയിൽ കുസ്തന്തീനോപ്പോലീസിലെ എക്യുമെനിക്കൽ പാത്രിയർക്കീസിന് “സമാനമാരിൽ മുമ്പൻ“എന്ന ബഹുമാനമുണ്ട്.
ഓറിയന്റൽ കുടുംബത്തിലും സ്ഥിതി ഇതുതന്നെ. കോപ്റ്റിക് സഭയെ അലക്സന്ത്രിയായിലെ പാപ്പായും സുറിയാനി സഭയെ അന്ത്യോഖ്യൻ പാത്രിയർക്കീസും നയിക്കുന്നു. അർമേനിയൻ സഭയ്ക്ക് എച്ച്മിയാഡ്സിനിലും കിലിക്യയിലുമായി രണ്ട് കാതോലിക്കാമാരുണ്ട്. എത്യോപ്യൻ, എറിത്രിയൻ സഭകൾക്ക് അവരവരുടെ പാത്രിയർക്കീസുമാരും മലങ്കര സഭയ്ക്ക് പൗരസ്ത്യ കാതോലിക്കായും.

ഇതിന്റെ ഒരു ചരിത്രസാക്ഷ്യമാണ് 1965 ജനുവരി 15 മുതൽ 21 വരെ ആഡിസ് അബാബയിൽ നടന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവന്മാരുടെ സമ്മേളനം. എത്യോപ്യൻ ചക്രവർത്തി ഹെയ്‌ലി സെലാസിയുടെ മുൻകൈയിൽ നടന്ന ആ സമ്മേളനത്തിൽ കോപ്റ്റിക് പാപ്പാ കൂറിലോസ് ആറാമൻ, സുറിയാനി പാത്രിയർക്കീസ് യാക്കൂബ് തൃതീയൻ, അർമേനിയൻ കാതോലിക്കാമാരായ വസ്കേൻ ഒന്നാമൻ, ഖോറേൻ ഒന്നാമൻ എന്നിവർക്കൊപ്പം മലങ്കര സഭയുടെ തലവനായി കാതോലിക്കാ ബസേലിയോസ് ഔഗേൻ ഒന്നാമനും പങ്കെടുത്തു.

മറ്റൊരു കൗതുകകരമായ വസ്തുതയുണ്ട്. ഇന്ന് അഞ്ച് സഭകളുടെ തലവന്മാർ “അന്ത്യോഖ്യൻ പാത്രിയർക്കീസ്” എന്ന സ്ഥാനപ്പേര് വഹിക്കുന്നു: ഗ്രീക്ക് ഓർത്തഡോക്സ്, സുറിയാനി ഓർത്തഡോക്സ്, മെൽക്കൈറ്റ് കത്തോലിക്കാ, സുറിയാനി കത്തോലിക്കാ, മാറോനീത്താ കത്തോലിക്കാ സഭകളുടെ തലവന്മാർ. അഞ്ചുപേരും പത്രോസിന്റെ അന്ത്യോഖ്യൻ സിംഹാസനത്തിന്റെ പിന്തുടർച്ച അവകാശപ്പെടുന്നു; എന്നിട്ടും അവരുടെ സഭകൾ പരസ്പരം സ്വതന്ത്രമാണ്. ഒരു ശ്ലൈഹിക സിംഹാസനത്തിന്റെ പിന്തുടർച്ച അവകാശപ്പെടുന്നത് മറ്റൊരു സഭയുടെ മേൽ ഭരണാധികാരം നൽകുന്നില്ല എന്ന് ഇതും സൂചിപ്പിക്കുന്നു.

ആധാരം: Ronald G. Roberson, The Eastern Christian Churches: A Brief Survey (CNEWA); Kallistos Ware, The Orthodox Church (Penguin, പുതുക്കിയ പതിപ്പ് 1993); Wikipedia, “Conference of Addis Ababa”, “Patriarch of Antioch”.
ലിങ്കുകൾ: Wikipedia – Oriental Orthodox Churches | Wikipedia – Conference of Addis Ababa | Wikipedia – Patriarch of Antioch

പത്രോസിന്റെ പരമാധികാരം — റോമിന്റെ നിലപാടും ഓർത്തഡോക്സ് നിലപാടും

1870-ലെ ഒന്നാം വത്തിക്കാൻ കൗൺസിൽ Pastor Aeternus എന്ന പ്രമാണത്തിലൂടെ റോമാ മാർപാപ്പയ്ക്ക് സഭയുടെ മേൽ മുഴുവൻ നേരിട്ടുള്ള സാർവത്രിക അധികാരവും അപ്രമാദിത്വവും ഉണ്ടെന്ന് പ്രഖ്യാപിച്ചു. “പത്രോസിന്റെ പിൻഗാമി” എന്ന സ്ഥാനമാണ് ഈ അവകാശത്തിന്റെ അടിസ്ഥാനം. ഈസ്റ്റേൺ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ ഈ പഠിപ്പിക്കൽ അംഗീകരിക്കുന്നില്ല. അതിന് അവർ പറയുന്ന കാരണങ്ങൾ ചുരുക്കത്തിൽ ഇങ്ങനെയാണ്.

ശ്ലീഹന്മാരുടെ ഇടയിൽ പത്രോസിന് ഒരു പ്രാഥമ്യം ഉണ്ടായിരുന്നു എന്ന് ഓർത്തഡോക്സ് പാരമ്പര്യം നിഷേധിക്കുന്നില്ല. പക്ഷേ അത് ബഹുമാനത്തിന്റെ പ്രാഥമ്യമായിരുന്നു, മറ്റുള്ളവരുടെ മേലുള്ള ഭരണമായിരുന്നില്ല. കെട്ടാനും അഴിക്കാനുമുള്ള അധികാരവും പാപങ്ങൾ മോചിക്കാനുള്ള അധികാരവും ക്രിസ്തു എല്ലാ ശിഷ്യന്മാർക്കും നൽകിയതായി സുവിശേഷങ്ങൾ പറയുന്നു (മത്താ. 18:18; യോഹ. 20:21–23). “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും” (മത്താ. 16:18) എന്ന വചനത്തിലെ പാറ പത്രോസ് ഏറ്റുപറഞ്ഞ വിശ്വാസമാണെന്ന് പല സഭാപിതാക്കന്മാരും വ്യാഖ്യാനിച്ചിട്ടുണ്ട്. ആ വിശ്വാസം ഏറ്റുപറയുന്ന ഓരോ മെത്രാനും ഒരർത്ഥത്തിൽ പത്രോസിന്റെ സിംഹാസനത്തിൽ പങ്കുകാരനാണ്. എപ്പിസ്കോപ്പാസ്ഥാനം ഒന്നേയുള്ളൂ എന്നും ഓരോ മെത്രാനും അതിൽ പൂർണമായി പങ്കുചേരുന്നു എന്നും മൂന്നാം നൂറ്റാണ്ടിൽ കാർത്തേജിലെ വിശുദ്ധ കുപ്രിയാനോസ് എഴുതി.

ആദിമ സഭയുടെ കാനോനുകളും ഇതേ ദിശയിലാണ്. നിഖ്യാ സുന്നഹദോസിന്റെ ആറാം കാനോൻ ഈജിപ്ത്, ലിബിയ, പെന്റാപ്പോലിസ് എന്നിവയുടെ മേൽ അലക്സന്ത്രിയായിലെ മെത്രാന്റെ അധികാരം ഉറപ്പിക്കുന്നു; റോമാ മെത്രാന്റെ കാര്യത്തിലും ഇതാണ് പതിവ് എന്ന് കൂട്ടിച്ചേർക്കുന്നു. അന്ത്യോഖ്യയ്ക്കും മറ്റു പ്രവിശ്യകൾക്കും അവരുടെ പ്രാചീന അവകാശങ്ങൾ നിലനിർത്തണമെന്നും പറയുന്നു. ഓരോ പ്രധാന സിംഹാസനത്തിന്റെയും അധികാരം അതിന്റെ പ്രദേശത്താണ് എന്ന ധാരണയാണ് ഇതിനു പിന്നിൽ.

എഫേസൂസ് സുന്നഹദോസിന്റെ എട്ടാം കാനോനിന് പിന്നിൽ ഒരു സംഭവമുണ്ട്. അന്ത്യോഖ്യയിലെ മെത്രാൻ സൈപ്രസിൽ മെത്രാന്മാരെ വാഴിക്കുന്നതിനെതിരെ സൈപ്രസിലെ മെത്രാന്മാർ സുന്നഹദോസിൽ പരാതി ബോധിപ്പിച്ചു. തങ്ങളുടെ മെത്രാന്മാരെ സ്വയം വാഴിക്കാനുള്ള സൈപ്രസ് സഭയുടെ അവകാശം സുന്നഹദോസ് ഉറപ്പിച്ചു. ആദിമുതൽ തന്റെയോ മുൻഗാമികളുടെയോ കീഴിലല്ലാതിരുന്ന ഒരു പ്രവിശ്യയുടെ മേലും ഒരു മെത്രാനും അധികാരം സ്ഥാപിക്കരുതെന്നും, അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് വിട്ടുകൊടുക്കണമെന്നും വിധിച്ചു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എല്ലാം അംഗീകരിക്കുന്ന മൂന്ന് സുന്നഹദോസുകളിൽ ഒന്നാണ് എഫേസൂസ് എന്നത് ഇവിടെ പ്രസക്തമാണ്.

സുറിയാനി ഓർത്തഡോക്സ് സഭയാകട്ടെ, തങ്ങളുടെ പാത്രിയർക്കീസിനെ അന്ത്യോഖ്യയിലെ പത്രോസിന്റെ പിൻഗാമിയായും സാർവത്രിക സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായും കാണുന്നു. ഈ നിലപാട് മുകളിൽ പറഞ്ഞ കാനോനുകളോടും ഓർത്തഡോക്സ് സഭാവിജ്ഞാനീയത്തോടും എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ് മലങ്കരയുടെ കാര്യത്തിൽ ഉയരുന്ന പ്രധാന ചോദ്യം.

ആധാരം: First Vatican Council, Pastor Aeternus (1870), അദ്ധ്യായം 3–4; Council of Nicaea (325), Canon 6, Council of Ephesus (431), Canon 8 — Nicene and Post-Nicene Fathers, Series II, Vol. XIV, ed. Henry R. Percival (1900); Cyprian of Carthage, De Ecclesiae Catholicae Unitate, 5; John Meyendorff (ed.), The Primacy of Peter: Essays in Ecclesiology and the Early Church (SVS Press, 1992).

എത്യോപ്യയും എറിത്രിയയും — മാതൃസഭയും പുത്രീസഭയും

ഒരു സഭയിൽ നിന്ന് വിശ്വാസവും ആരാധനയും സ്വീകരിച്ച മറ്റൊരു സഭ ഭരണപരമായി സ്വതന്ത്രമാകുന്നതിന് ഓറിയന്റൽ കുടുംബത്തിൽ തന്നെ നല്ല ഉദാഹരണങ്ങളുണ്ട്. നാലാം നൂറ്റാണ്ടിൽ അലക്സന്ത്രിയായിലെ വിശുദ്ധ അത്തനാസിയോസ് ഫ്രുമെന്തിയോസിനെ ആക്സുമിന്റെ മെത്രാനായി വാഴിച്ചതോടെയാണ് എത്യോപ്യൻ സഭയുടെ ഔദ്യോഗിക തുടക്കം. അതിനുശേഷം ഏതാണ്ട് പതിനഞ്ച് നൂറ്റാണ്ട് എത്യോപ്യൻ സഭയുടെ തലവനായ “അബൂന”യെ നിയമിച്ചിരുന്നത് അലക്സന്ത്രിയായിലെ കോപ്റ്റിക് പാപ്പായായിരുന്നു; നിയമിക്കപ്പെട്ടിരുന്നത് എപ്പോഴും ഈജിപ്തുകാരനായ ഒരു കോപ്റ്റിക് മെത്രാനും. 1948-ൽ ഇരുസഭകളും തമ്മിലുണ്ടാക്കിയ കരാറിനെ തുടർന്ന് എത്യോപ്യക്കാരായ മെത്രാന്മാരെ വാഴിച്ചുതുടങ്ങി. 1959-ൽ കോപ്റ്റിക് പാപ്പാ കൂറിലോസ് ആറാമൻ എത്യോപ്യൻ സഭയ്ക്ക് സ്വയംശീർഷകത്വം നൽകുകയും അബൂന ബസേലിയോസിനെ ആദ്യ പാത്രിയർക്കീസായി ഉയർത്തുകയും ചെയ്തു.

എറിത്രിയയിലെ സഭ എത്യോപ്യൻ സഭയുടെ ഭാഗമായിരുന്നു. 1993-ൽ എറിത്രിയ സ്വതന്ത്ര രാജ്യമായപ്പോൾ അവിടത്തെ സഭ സ്വയംശീർഷകത്വം ആവശ്യപ്പെട്ട് കോപ്റ്റിക് പാപ്പാ ശെനൂദാ മൂന്നാമനെ സമീപിച്ചു. അതേ വർഷം എത്യോപ്യൻ പാത്രിയർക്കീസ് പൗലോസും എറിത്രിയൻ സഭയുടെ സ്വയംഭരണം അംഗീകരിച്ചു. 1994-ൽ ശെനൂദാ മൂന്നാമൻ കയ്റോയിൽ വെച്ച് അഞ്ച് എറിത്രിയൻ മെത്രാന്മാരെ വാഴിച്ചു. 1998-ൽ അബൂനെ ഫീലിപ്പോസ് എറിത്രിയൻ സഭയുടെ ആദ്യ പാത്രിയർക്കീസായി.

എത്യോപ്യൻ, എറിത്രിയൻ സഭകൾ ഇന്നും അലക്സന്ത്രിയായുടെ അതേ വിശ്വാസവും ആരാധനാ പാരമ്പര്യവുമാണ് പിന്തുടരുന്നത്. എറിത്രിയൻ സഭ കോപ്റ്റിക് സഭയ്ക്ക് ബഹുമാനത്തിന്റെ പ്രാഥമ്യം നൽകുന്നുമുണ്ട്. അവരുടെ ഭരണഘടനയിൽ  വ്യക്തമാണ്. എങ്കിലും ഭരണപരമായി രണ്ടും സ്വതന്ത്ര സഭകളാണ്. മാതൃസഭയോടുള്ള ബഹുമാനവും പുത്രീസഭയുടെ ഭരണസ്വാതന്ത്ര്യവും ഒരുമിച്ച് പോകും എന്നതിന് ഇതിലും വ്യക്തമായ ഉദാഹരണം കിട്ടാൻ പ്രയാസമാണ്.
മലങ്കരയുടെ ചരിത്രത്തിലും സമാനമായ ഘട്ടങ്ങളുണ്ട്. 1912-ൽ അന്ത്യോഖ്യൻ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദുൽ മശിഹാ രണ്ടാമൻ നിരണം പള്ളിയിൽ വെച്ച് മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചു. അദ്ദേഹം അതിനു മുമ്പേ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഈ നടപടിയുടെ സാധുത പാത്രിയർക്കീസ് വിഭാഗം ചോദ്യം ചെയ്യുന്നു. 1958-ൽ ഇരുവിഭാഗങ്ങളും തമ്മിൽ സമാധാനമുണ്ടായി. 1964 മെയ് 22-ന് പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ മലങ്കര സുന്നഹദോസിന്റെ ക്ഷണം സ്വീകരിച്ച് കോട്ടയത്തെത്തി ബസേലിയോസ് ഔഗേൻ ഒന്നാമനെ കാതോലിക്കായായി വാഴിച്ചു. 1970-കളിൽ ബന്ധം വീണ്ടും വഷളായി. 1975-ൽ ഇതേ പാത്രിയർക്കീസ് തന്നെ പാത്രിയർക്കീസ് വിഭാഗത്തിനായി മറ്റൊരു കാതോലിക്കായെ വാഴിച്ചു.

ആധാരം: Ronald G. Roberson, “The Eritrean Orthodox Church”, The Eastern Christian Churches (CNEWA); Wikipedia, “List of abunas of Ethiopia”, “Abuna Basilios”, “Abune Phillipos”, “Baselios Augen I”, “Ignatius Ya’qub III”; Sergew Hable Sellassie, Ancient and Medieval Ethiopian History to 1270 (1972).

മലങ്കരയുടെ കാര്യത്തിൽ: നിഷ്പക്ഷ നിരീക്ഷണം

ഇനി തുടക്കത്തിൽ പറഞ്ഞ വാദത്തിലേക്ക് മടങ്ങാം. “പാത്രിയർക്കീസ് പത്രോസിന്റെ സിംഹാസനത്തിലാണ്, അതുകൊണ്ട് മലങ്കര അദ്ദേഹത്തിന് കീഴിലായിരിക്കണം” എന്ന വാദം ഇതുവരെ കണ്ട വസ്തുതകളുടെ വെളിച്ചത്തിൽ എങ്ങനെ നിൽക്കുന്നു?

  • ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ റോമിന്റെ പത്രോസീയ പരമാധികാരവാദം അംഗീകരിക്കുന്നില്ല. പത്രോസിന്റെ സിംഹാസനത്തിന്റെ പേരിൽ മറ്റൊരു സഭയുടെ മേൽ ഭരണാധികാരം അവകാശപ്പെടുന്ന വാദത്തിന് ഘടനയിൽ റോമിന്റെ വാദവുമായി സാമ്യമുണ്ട്. റോമിന്റെ കാര്യത്തിൽ തള്ളിക്കളയുന്ന ഒരു തത്വം അന്ത്യോഖ്യയുടെ കാര്യത്തിൽ എങ്ങനെ സ്വീകാര്യമാകും എന്ന ചോദ്യം ദൈവശാസ്ത്രപരമായി ഇവിടെ സ്വാഭാവികമായി ഉയരുന്നു.
  •  മലങ്കര സഭ തോമാ ശ്ലീഹായുടെ സിംഹാസനമായാണ് സ്വയം മനസ്സിലാക്കുന്നത്. കോപ്റ്റിക് സഭ മർക്കോസിന്റെയും അർമേനിയൻ സഭ തദ്ദേവൂസിന്റെയും ബർത്തലോമിയോയുടെയും സിംഹാസനങ്ങളായും സ്വയം കാണുന്നു. ഓറിയന്റൽ കുടുംബത്തിൽ ഈ സിംഹാസനങ്ങളിൽ ഒന്നും മറ്റൊന്നിന് ഭരണപരമായി കീഴിലല്ല.
  • കാനോനുകളും ചരിത്രവും. നിഖ്യാ ആറാം കാനോൻ അനുസരിച്ച് ഓരോ പ്രധാന സിംഹാസനത്തിനും അധികാരം പണ്ടുമുതൽ തങ്ങൾക്ക് കീഴിലായിരുന്ന പ്രദേശങ്ങളിലാണ്. ആദിമുതൽ തന്റെ കീഴിലല്ലാതിരുന്ന ഒരു പ്രദേശത്ത് ഒരു മെത്രാനും അധികാരം സ്ഥാപിക്കരുതെന്ന് എഫേസൂസ് എട്ടാം കാനോൻ വിലക്കുന്നു. ഒന്നാം ഭാഗത്തിൽ കണ്ടതുപോലെ, 1665 വരെ മാർത്തോമ്മാ നസ്രാണികളുടെ കൂട്ടായ്മ പേർഷ്യയിലെ സെലൂക്യ-സ്റ്റെസിഫോണിലെ പൗരസ്ത്യ കാതോലിക്കായുമായിട്ടായിരുന്നു; മെത്രാന്മാർ വന്നിരുന്നതും അവിടെ നിന്നുതന്നെ. 1665-ന് ശേഷമാണ് മലങ്കരയും അന്ത്യോഖ്യയും തമ്മിലുള്ള ബന്ധം രൂപപ്പെടുന്നത്. 1876-ലെ മുളന്തുരുത്തി സുന്നഹദോസോടെ അത് കൂടുതൽ ദൃഢമായി. പാത്രിയർക്കീസ് വിഭാഗം തങ്ങളുടെ നിലപാടിന് ആധാരമാക്കുന്നതും ഈ കാലഘട്ടമാണ്. എന്നാൽ ഈ കാനോനുകൾ മാനദണ്ഡമാക്കുമ്പോൾ, “ആദിമുതൽ അന്ത്യോഖ്യയുടെ കീഴിൽ” എന്ന അവകാശത്തിന് 1665-ന് മുമ്പുള്ള ചരിത്രരേഖകളിൽ പിന്തുണ കാണുന്നില്ല.
  • മലങ്കര സഭ പാത്രിയർക്കീസിനോടുള്ള ബഹുമാനബന്ധം ഉപേക്ഷിച്ചിട്ടില്ല.
    1934-ലെ മലങ്കര സഭാ ഭരണഘടനയുടെ ഒന്നാം വകുപ്പ് മലങ്കര സഭയെ ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിഭാഗമായും അന്ത്യോഖ്യൻ പാത്രിയർക്കീസിനെ ആ സഭയുടെ പ്രധാനാചാര്യനായും രേഖപ്പെടുത്തുന്നു. തൊട്ടടുത്ത വകുപ്പ് മലങ്കര സഭ തോമാ ശ്ലീഹായാൽ സ്ഥാപിതമാണെന്നും അതിന്റെ പ്രധാനാചാര്യൻ കാതോലിക്കായാണെന്നും പറയുന്നു. ബഹുമാനം പാത്രിയർക്കീസിനും ഭരണം കാതോലിക്കായ്ക്കും എന്നതാണ് ഭരണഘടനയുടെ സമീപനം.

കോടതി വിധികൾ.

1889-ലെ തിരുവിതാംകൂർ റോയൽ കോടതി, മലങ്കരയിലെ സുറിയാനി സമൂഹം പാത്രിയർക്കീസിന്റെ സഭാപരമായ മേലധികാരം അംഗീകരിച്ചിരുന്നു എന്ന് കണ്ടെത്തി; അതേസമയം മലങ്കര സഭയുടെ ലൗകിക കാര്യങ്ങളിൽ അദ്ദേഹത്തിന് നിയന്ത്രണമില്ലെന്നും വിധിച്ചു. 1958 സെപ്റ്റംബർ 12-ന് സുപ്രീം കോടതി കാതോലിക്കേറ്റിന്റെ സ്ഥാപനവും 1934-ലെ ഭരണഘടനയും സാധുവാണെന്ന് വിധിച്ചു. 1995-ലെ വിധി, പാത്രിയർക്കീസ് മലങ്കര സഭ ഒരു വിഭാഗമായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ആകുന്നു എന്നും എന്നാൽ സാമാന്മാരിൽ മുമ്പൻ പാത്രീകീസ് ആകുന്നു എന്നും പറഞ്ഞു. എന്നാൽ മലങ്കര സഭയുടെ മേലോ അതിന്റെ സ്വത്തുക്കളുടെ മേലോ അദ്ദേഹത്തിന് ലൗകിക അധികാരമില്ലെന്നും വ്യക്തമാക്കി. 2017-ലെ കെ.എസ്. വർഗീസ് കേസിൽ സുപ്രീം കോടതി, പാത്രിയർക്കീസിന്റെ ആത്മീയ അധികാരം “അപ്രത്യക്ഷമാകുന്ന ഘട്ടത്തിൽ” (vanishing point) എത്തിയെന്ന കണ്ടെത്തലിന് പൂർണ പ്രാബല്യം നൽകണമെന്ന് നിർദ്ദേശിച്ചു. മലങ്കരയിൽ വികാരിമാരെയോ പട്ടക്കാരെയോ ശെമ്മാശന്മാരെയോ മേൽപ്പട്ടക്കാരെയോ നിയമിക്കാൻ അദ്ദേഹത്തിന് അധികാരമില്ലെന്നും ആ വിധി വ്യക്തമാക്കി.

ഈ വസ്തുതകളെല്ലാം ചേർത്തുവെച്ചാൽ ചിത്രം ഏറെക്കുറെ വ്യക്തമാണ്.
ആരാധനാക്രമം പങ്കിടുന്നത് ഭരണാധികാരം നിശ്ചയിക്കുന്നില്ല. ആദിമ കാനോനുകൾ ശ്ലൈഹിക സിംഹാസനങ്ങളുടെ അധികാരം പ്രാദേശികമായാണ് കാണുന്നത്. ഓറിയന്റൽ കുടുംബത്തിലെ സഭകൾ, മാതൃസഭയും പുത്രീസഭയും പോലും, ഭരണപരമായി പരസ്പരം സ്വതന്ത്രമാണ്. മലങ്കര സഭയുടെ ഭരണം 1934-ലെ ഭരണഘടന പ്രകാരമാണെന്ന് രാജ്യത്തെ പരമോന്നത കോടതി ആവർത്തിച്ച് വിധിച്ചിട്ടുമുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ നിഗമനത്തിലെത്തുവാൻ വായനക്കാർക്ക് വിടുന്നു.

ആധാരം: Moran Mar Basselios Catholicos v. Thukalan Paulo Avira, AIR 1959 SC 31 (വിധി 12 സെപ്റ്റംബർ 1958); Most Rev. P.M.A. Metropolitan v. Moran Mar Marthoma, 1995 Supp (4) SCC 286 (1876-ലെ മുളന്തുരുത്തി സുന്നഹദോസും 1889-ലെ റോയൽ കോടതി വിധിയും ഇതിൽ വിവരിക്കുന്നു); K.S. Varghese v. St. Peter’s & St. Paul’s Syrian Orthodox Church, (2017) 15 SCC 333, ഖ. 228; Fr. Issac Mattammel Cor-Episcopa v. St. Mary’s Orthodox Syrian Church, സിവിൽ അപ്പീൽ 7115–7116/2019 (6 സെപ്റ്റംബർ 2019); മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ ഭരണഘടന (1934), വകുപ്പ് 1–2.

തുടരും ..

ടോം അലക്സ്

മലങ്കര സഭ: “അന്ത്യോഖ്യൻ പാരമ്പര്യം” എന്ന അവകാശവാദത്തിന്റെ ചരിത്രപരിശോധന 

Send your news and Advertisements

You may also like

error: Content is protected !!