റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് (53), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) എന്നിവരാണ് മരിച്ച മലയാളികൾ. ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്നനേഷ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമയിലെ അൽ വതൻ റോഡിലാണ് ദാരുണമായ അപകടമുണ്ടായത്. സാങ്കേതിക തകരാറിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് 41 യാത്രക്കാരുമായി വരികയായിരുന്ന പാസഞ്ചർ ബസ് ഇടിച്ചുകയറുകയായിരുന്നു.
ആകെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 11 പേർ സംഭവസ്ഥലത്ത് വെച്ചും 2 പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്. മരിച്ചവരിൽ ഒരു ഫിലിപ്പീൻസ് സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും ഉൾപ്പെടുന്നു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടു. ബാക്കിയുള്ള 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.


