കുവൈറ്റ് സിറ്റി: കുവൈത്തിലെ തന്ത്രപ്രധാന കേന്ദ്രത്തിനുനേരെ വ്യാഴാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയവും ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.
ജർമ്മൻ പ്രതിരോധ കമ്പനിയായ റൈൻമെറ്റലിന്റെ ഇറ്റാലിയൻ ഉപസ്ഥാപനമായ റൈൻമെറ്റൽ ഇറ്റാലിയയിലെ (Rheinmetall Italia) രണ്ട് ടെക്നീഷ്യന്മാരാണ് കൊല്ലപ്പെട്ടത്. വ്യോമപ്രതിരോധ നിരീക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്ന ഇവർ, തകർക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ സ്ഫോടനത്തിലാണ് മരിച്ചത്. ആക്രമണത്തിൽ ഒരു കുവൈത്ത് സൈനിക ക്യാപ്റ്റനും ഒരു പാക്കിസ്ഥാൻ പൗരനും പരിക്കേറ്റിട്ടുണ്ട്.
വ്യോമാതിർത്തിയിൽ പ്രവേശിച്ച നിരവധി ഡ്രോണുകളെ സൈന്യം തകർത്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഉപയോഗിച്ച ഡ്രോൺ ഇറാൻ നിർമ്മിതമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി അറിയിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.
അതേസമയം ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന ആരോപണം ഇറാൻ പൂർണ്ണമായും നിഷേധിച്ചു. മേഖലയിൽ തങ്ങൾ സൈനിക നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ഇറാൻ സായുധ സേനാ വക്താവ് ബ്രിഗേഡിയർ ജനറൽ അബോൾഫസൽ ഷെകാർച്ചി വ്യക്തമാക്കി. സംഭവം സംശയാസ്പദമാണെന്നും, യഥാർത്ഥ കാരണം കണ്ടെത്താൻ കുവൈറ്റുമായി ചേർന്ന് സംയുക്ത അന്വേഷണത്തിന് തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.

